വെള്ളൂർ കെപിപിഎൽ പുനരുദ്ധാരണം: രണ്ടാം ഘട്ടം നാളെ ആരംഭിക്കുന്നു

കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നടപടികളെത്തുടർന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുതുതായി രൂപം നൽകിയ വെള്ളൂർ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിന്റെ രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾ നാളെ ആരംഭിക്കും.

കെമിക്കൽ റിക്കവറി പ്ലാൻറ്, കെമിക്കൽ പൾപ്പിംഗ് പ്ലാന്റ്, മെക്കാനിക്കൽ പൾപ്പിംഗ് പ്ലാന്റ് എന്നിവയുടെ നവീകരണപ്രവർത്തനങ്ങൾ വേഗത്തിലാക്കുകയാണ് രണ്ടാം ഘട്ടത്തിൽ ചെയ്യുക. വുഡ് പൾപ്പിംഗ് സ്ട്രീമുകൾക്കൊപ്പം റീസൈക്കിൾ ചെയ്ത പൾപ്പ് കൂടി ഉപയോഗിക്കുന്നതിലൂടെ കെപിപിഎല്ലിന് താൽക്കാലികമായി പ്രവർത്തിക്കാനുള്ള സാഹചര്യമൊരുങ്ങും. 44.94 കോടി രൂപയാണ് രണ്ടാം ഘട്ടം പൂർത്തിയാക്കാൻ ചിലവ് പ്രതീക്ഷിക്കുന്നത്.

കരാറടിസ്ഥാനത്തിൽ നൂറോളം ജീവനക്കാരെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി നിയമിച്ചിട്ടുണ്ട്. ഒന്നാം ഘട്ടം 90 ശതമാനത്തിലധികം പൂർത്തിയാക്കിയാണ് രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നത്.

പുനരുദ്ധാരണ പദ്ധതി ആസൂത്രണത്തിൽ നേരിയ വീഴ്ച പോലും സംഭവിച്ചിട്ടില്ല എന്നത് അഭിമാനകരമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. മൂന്ന് വർഷത്തിലേറെ അടച്ചുപൂട്ടിയ ഒരു സ്ഥാപനം ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കി തുറന്നു പ്രവർത്തിപ്പിക്കുന്നത് രാജ്യത്തിന്റെ വ്യാവസായിക ചരിത്രത്തിൽ ആദ്യമായിട്ടാണെന്നും മന്ത്രി പറഞ്ഞു.

രണ്ടാം ഘട്ടത്തിൽ ഫാക്ടറിക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ ഉറപ്പ് വരുത്തുന്നതിൻ്റെ ഭാഗമായി വ്യവസായ-വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർ യോഗം ചേർന്നിരുന്നു. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻ്റ് ലിമിറ്റഡിൻ്റെ കൈവശമുണ്ടായിരുന്ന തോട്ടത്തിൽ നിന്നും സംസ്ഥാന വനം വകുപ്പിൻ്റെ തോട്ടത്തിൽ നിന്നും വ്യത്യസ്ത ഇനത്തിലുള്ള തടി സാമഗ്രികൾ അനുവദിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ ഉടനെ പൂർത്തിയാക്കും. വ്യവസായ, വനം മന്ത്രിമാരുടെ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും.

ഈ വർഷം ജനുവരി ഒന്നിനാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഒന്നാം ഘട്ടത്തിൽ പേപ്പർ മെഷീൻ, ഡീ-ഇങ്കിങ്ങ് പ്ലാൻ്റ്, പവർ ബോയിലറുകൾ & ടർബൈൻ ജനറേറ്ററുകൾ, അനുബന്ധ സഹായ പ്ലാൻ്റുകൾ, മറ്റ് അവശ്യ സേവനങ്ങൾ എന്നിവയുടെ പുനരുജ്ജീവനമാണ് ലക്ഷ്യമിട്ടത്.

മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെൻ്റേഷൻ എൻജിനീയറിങ് മേഖലകളിലെ അറ്റകുറ്റപ്പണികൾക്കായി 34.30 കോടി രൂപയാണ് നീക്കിവച്ചത്. ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഇതിനകം 152 ജീവനക്കാരെയും മാനേജീരിയൽ കേഡറിൽ 40 പേരെയും നോൺ മാനേജീരിയൽ കേഡറിൽ 112 പേരെയും കെ പി പി എൽ താൽക്കാലികമായി നിയമിച്ചിരുന്നു.

മൂന്ന് പ്ലാൻ്റുകളിലും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പേപ്പർ മെഷീൻ, പവർ ബോയിലർ പ്ലാൻ്റുകളിലെ 50 ശതമാനത്തിലധികം അറ്റകുറ്റപ്പണികൾ പൂർത്തിയായി. ഡീഇങ്കിങ്‌ പ്ലാന്റിന്റെ ആദ്യ ട്രയൽ റണ്ണും നടത്തി.

ഉക്രെയ്ൻ യുദ്ധം നടക്കുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ തന്നെ പൾപ്പിൻ്റെ വില വർധിക്കുന്ന പ്രവണതയാണുള്ളത്. അതിനാൽ പൾപ്പ് വില കുറയുന്നതുവരെ വിവിധ മില്ലുകളിൽ നിന്ന് തദ്ദേശീയ പൾപ്പ് സംഭരിച്ച് പൾപ്പിന്റെ കമ്മി ഭാഗികമായി നികത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here