രാജ്യസഭാ സീറ്റ്: തീരുമാനമാകാതെ കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തര്‍ക്കം തുടരുന്നു. ഡല്‍ഹിയില്‍ നിന്ന് തിരികെ എത്തിയ കെ സുധാകരന്‍ മുതിര്‍ന്ന നേതാക്കളുമായി ഇന്ന് ആശയ വിനിമയം നടത്തും. അന്തിമ പട്ടിക ഇന്ന്  ഹൈക്കമാന്‍ഡിന് കൈമാറുമെന്ന് നേതാക്കള്‍.

സമവായമില്ലാതെ ചര്‍ച്ചകള്‍ നീണ്ടതോടെ പേരുകളുടെ എണ്ണം കൂടി.   എം ലിജുവിനായി കെ സുധാകരന്‍ തന്നെ രംഗത്ത് വന്നത് മറ്റ് നേതാക്കളെ പ്രകോപിതരാക്കി. ലിജുവിനെതിരെ കെസി വേണുഗോപാല്‍ ശക്തമായ നിലപാട് എടുത്തു. തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് തോറ്റവരെ സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ലെന്ന വാദവുമാണ് സുധാകരന് തിരിച്ചടിയായത്.

ഇത് മറ്റു സീറ്റ് മോഹികളെക്കൂടി ലക്ഷ്യവെച്ചാണെന്നാണ് വിവരം.തര്‍ക്കങ്ങള്‍ മുറുകിയതോടെ പ്രശ്‌ന പരിഹാരത്തിനായി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനുള്ള മാനദണ്ഡവും കേരളത്തില്‍ തന്നെ തീരുമാനിക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം.

മുതിര്‍ന്ന നേതാക്കളുമായി ആശയ വിനിമയം നടത്തി  ഇന്ന് തന്നെ പട്ടിക തയ്യാറാക്കുമെന്നാണ് സുധാകരവിഭാഗം നേതാക്കള്‍ പറയുന്നത്. ഇതുവരെ ഉയര്‍ന്ന പേരുകളില്‍  അഭിപ്രായ ഭിന്നതകള്‍ ഉള്ളതിനാല്‍ പുതുമുഖത്തിന് അവസരം ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. യുവത്വത്തിന് പ്രാധാന്യം നല്‍കണമെന്ന ആവശ്യവും പരിഗണിക്കാനിടയുണ്ട്.

ലിജുവിനൊപ്പം ആദ്യ ഘട്ടത്തില്‍ പരിഗണിക്കപ്പെട്ട സതീശന്‍ പാച്ചേനിക്കും ഷാനിമോള്‍ ഉസ്മാനും തിരഞ്ഞെടുപ്പ് തോല്‍വികള്‍ തിരിച്ചടിയാണ്.  ജോണ്‍സണ്‍ എബ്രഹാമിന്റെ പേര് കെ സി വിഭാഗം മുന്നോട്ട് വെച്ചു. ജെയ് സണ്‍  ജോസഫ്, സോണി സെബാസ്റ്റന്‍ എന്നിവരെ പരിഗണിക്കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം.

ന്യൂനപക്ഷ പ്രാതിനിധ്യമെന്ന വാദവുമായി എംഎ ഹസനും നീക്കങ്ങള്‍ നടത്തിയെങ്കിലും അവസാനവട്ട പരിഗണനയില്‍ ഇടം പിടിച്ചിട്ടില്ല.  കേരളത്തില്‍ പിടിവലി തുടര്‍ന്നാല്‍ പ്രിയങ്ക ഗാന്ധിയുടേയും റോബര്‍ട്ട് വന്ദ്രയുടേയും അടുപ്പക്കാരനായി അറിയപ്പെടുന്ന ശ്രീനിവാസ കൃഷ്ണയിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന ആശങ്ക സുധാകരനുണ്ട്.

വിഡി സതീശന്‍, ഉമ്മന്‍ചാണ്ടി, ചെന്നിത്തല എന്നിവരുമായി സുധാകരന്‍ ഇന്ന് ആശയവിനിമയം നടത്തും. ഇതിനുശേഷമെ അന്തിമപട്ടികയില്‍ വ്യക്തയുണ്ടാകൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News