കാസർകോഡ് കാടകം പാടാർ കുളക്കര ക്ഷേത്രത്തിലെ പൂരക്കളിക്ക് മത സൗഹാർദത്തിന്റെ താളവും ചുവടുകളുമാണ്. മാപ്പിള പാട്ടിനൊപ്പം ചുവട് വെച്ച് കളിക്കുന്ന പൂരക്കളി കളിക്കുന്ന പൂരക്കളി കാടകം ക്ഷേത്രത്തിൽ മാത്രമുള്ള പ്രത്യേകതയാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയ ആചാരമാണ് ഇപ്പോഴും തുടരുന്നത്.
ക്ഷേത്ര മുറ്റത്ത് നിലവിളക്ക് തെളിഞ്ഞു കത്തുന്ന പൂരക്കളി പന്തലിൽ മാപ്പിളപ്പാട്ടിന്റെ ഈരടികളുയർന്നു. പൂരക്കളി നയിക്കുന്ന പണിക്കർക്കൊപ്പം ഉറുമാൽ കെട്ടി അണിനിരന്ന വാല്യക്കാർ ഏറ്റുപാടി. താളത്തിൽ കൈ കൊട്ടി ചുവടുവെച്ചു.
കാടകം ശ്രീ പാടാർ കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഓരോ പൂരോത്സവക്കാലത്തും കാണുന്ന കാഴ്ചയാണിത്. ഒരു നൂറ്റാണ്ട് നീണ്ട പാരമ്പര്യത്തിന്റെ മെയ്‌വഴക്കത്തോടെയും താളബോധത്തോടെയുമാണ് മാപ്പിളപ്പാട്ട് പൂരക്കളി ഇപ്പോഴും നടക്കുന്നത്.
കുരുന്നുകൾ മുതൽ പ്രായമായവർ വരെ പൂരക്കളി സംഘത്തിലുണ്ട്. പൂരക്കളി ഒന്നാം തരത്തിൽ തുടങ്ങി 18 തരം കളികളും പൂർത്തിയാക്കിയ ശേഷം ഏറ്റവും അവസാനമായാണ് മാപ്പിളപ്പാട്ട് കളി.
പൂരക്കളിയിൽ സിദ്ധന്റെ നാടകക്കളി വിഭാഗത്തിൽ ശിവൻ സന്യാസം സ്വീകരിച്ച് ദേശങ്ങൾ ചുറ്റി സഞ്ചരിച്ച് വ്യത്യസ്‌ത വിഭാഗങ്ങളുമായി ഇടപഴകുന്ന ഭാഗമുണ്ട്. ഇതിന്റെ പ്രതീകമായാണ് മാപ്പിള പാട്ട് ഈരടികൾ പൂരക്കളിയിൽ ഇടം പിടിച്ചതെന്ന് വിശ്വസിക്കുന്നവരുണ്ട്.
പൊള്ളുന്ന വെയിലിലും വാടാത്ത പൂരപ്പൂക്കൾ പോലെ ഒരിക്കലും വാടാത്ത,മങ്ങാത്ത മനുഷ്യ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഈണമാണ് കാടകത്ത് നിന്ന് ഓരോ പൂരക്കാലത്തുമുയരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.