മഞ്ഞുമലയുടെ അറ്റം മാത്രം ; വീണ്ടും കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മഞ്ഞുമലയുടെ അറ്റമെന്നാണ് നിലവിലെ രോഗവ്യാപനത്തെ ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനം ഗെബ്രിയേസസ് വിശേഷിപ്പിച്ചത്.

കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് ആഗോള തലത്തില്‍ പുതിയെ കൊവിഡ് കേസുകളില്‍ എട്ട് ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് ഏഴ് മുതല്‍ പതിനൊന്ന് വരെ 1 കോടിയിലേറെ കൊവിഡ് കേസുകളും 43000 കൊവിഡ് മരണങ്ങളും ലോകത്ത് റിപ്പോര്‍ട്ട് ചെയ്തു.

രോഗവ്യാപനത്തിനെതിരെ രാജ്യങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വരാനിരിക്കുന്ന കൊവിഡ് വ്യാപന തരംഗത്തിന്റെ ചെറിയൊരു അംശം മാത്രമാണിതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 25 ശതമാനം വര്‍ധനവാണ് ഈ മേഖലകളില്‍ കൊവിഡ് വ്യാപനത്തില്‍ ഉണ്ടായിരിക്കുന്നത്.

ആഫ്രിക്കന്‍ മേഖലകളില്‍ 12 ശതമാനവും യൂറോപ്പില്‍ രണ്ട് ശതമാനവും.  കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍, കൂടുതല്‍ വ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വകഭേദം, ഉപവിഭാഗമായ ആഅ.2, കൊവിഡ് വാക്‌സിനേഷനിലെ കുറവ് എന്നിവയാണ് വീണ്ടും കേസുകള്‍ വര്‍ധിക്കുന്നതിന് ലോകാരോഗ്യ സംഘടന കാരണമായി പറയുന്നത്.

അതേസമയം ലോകം കൊവിഡ് ആശങ്കയില്‍ നിന്നും മുക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ഒമൈക്രോണ്‍ വൈറസ് രൂപപെട്ടിരിക്കുന്നു. ഒമൈക്രോണ്‍ തന്നെ ബിഎ.1, ബിഎ.1.1, ബിഎ.2, ബിഎ.3 എന്നിങ്ങനെ വിവിധ ഉപവകഭേദങ്ങളായും രൂപാന്തരപ്പെട്ടിരുന്നു.

ഇപ്പോഴിതാ ഇതിലെ രണ്ട് ഉപവകഭേദങ്ങള്‍ കൂടിച്ചേര്‍ന്ന് പുതിയ ഒമൈക്രോണ്‍ വൈറസ് രൂപപ്പെട്ടിരിക്കുന്നുവെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ഇസ്രയേലിലാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്. ഒമിക്രോണ്‍ ബിഎ.1, ബിഎ.2 എന്നീ ഉപവകഭേദങ്ങള്‍ കൂടിച്ചേര്‍ന്നാണ് പുതിയ വകഭേദമുണ്ടായിരിക്കുന്നത്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ രണ്ട് യാത്രക്കാരിലാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്.

ഈ രണ്ട് രോഗികളുടെ ആരോഗ്യനിലയും തൃപ്തികരമാണെന്നും ചികിത്സാപരമായി ഇവര്‍ക്ക് വേണ്ടി പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യുന്നില്ലെന്നും ഇസ്രയേലി ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം പുതിയ വകഭേദം അപകടകാരിയാണോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല. ഇക്കാര്യത്തില്‍ പഠനം കൂടിയേ മതിയാകൂ എന്നതാണ് വിദഗ്ധരുടെ അഭിപ്രായം.

ഇതുവരെ പത്തര ലക്ഷത്തോളം കൊവിഡ് കേസുകളാണ്രേത ഇസ്രയേലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 8,244 പേര്‍ രോഗത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി. ആകെ ജനസംഖ്യയില്‍ പകുതിയിലധികം പേരും മൂന്ന് ഡോസ് വാക്സിനും സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.

പുതുതായി കണ്ടെത്തപ്പെട്ടിരിക്കുന്ന വകഭേദത്തില്‍ രോഗലക്ഷണങ്ങളില്‍ കാര്യമായ വ്യത്യാസങ്ങളൊന്നും കണ്ടെത്താനായില്ലെന്നും ഇസ്രയേലി ആരോഗ്യവകുപ്പ് അറിയിക്കുന്നുണ്ട്. തൊണ്ടവേദനയും ചുമയുമാണ് പ്രധാനമായും ഒമിക്രോണില്‍ കണ്ടുവരുന്ന ലക്ഷണങ്ങള്‍ ഇതുതന്നെ പുതിയ വകഭേദത്തിലും കാണുന്നതെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

അതുപോലെ തന്നെ ഇത് എത്രമാത്രം അപകടകാരിയാണെന്നതിനെ കുറിച്ചും നിലവില്‍ വിവരങ്ങള്‍ ലഭ്യമല്ല. എത്തരത്തിലാണ് ഇതിന്റെ രോഗവ്യാപന ശേഷിയെന്നോ മറ്റോ ഇതുവരെ അറിവായിട്ടില്ല.

മുമ്പും രണ്ട് വകഭേദങ്ങള്‍ കൂടിച്ചേര്‍ന്ന് പുതിയ വകഭേദമുണ്ടാകുന്ന പ്രതിഭാസം കൊവിഡ് വൈറസിന്റെ കാര്യത്തില്‍ നാം കണ്ടിട്ടുണ്ട്. ഡെല്‍റ്റയും ഒമിക്രോണും കൂടിച്ചേര്‍ന്നുണ്ടായ ഡെല്‍റ്റക്രോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി കേസുകള്‍ സൃഷ്ടിച്ചിരുന്നു.

ഡെല്‍റ്റ ജീനോമിനുള്ളില്‍ ഒമൈക്രോണിന്റെ ജനറ്റിക് സിഗ്നേച്ചറുകള്‍ കണ്ടെത്തിയതിനാലാണ് ഇതിന് ഡെല്‍റ്റക്രോണ്‍ എന്ന പേരു നല്‍കിയത്. ഇതിന്റെ സവിശേഷതകളെ കുറിച്ചും ഗവേഷകര്‍ പഠിച്ചുവരുന്നതേയുള്ളൂ.എങ്കിലും പുതിയ വകഭേദങ്ങളെ എല്ലാം കരുതിയിരിക്കണമെന്നാണ് ലോകാരോഗ്യ സംഘടന ആവര്‍ത്തിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News