കോൺഗ്രസ് ഹിന്ദുത്വ ശക്തികളോട് ആനുകൂല്യമുള്ള പാര്‍ട്ടിയായി മാറിക്ക‍ഴിഞ്ഞു: കോടിയേരി

കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ – സംഘടനാ  അപചയങ്ങള്‍ തുറന്നു കാട്ടി കോടിയേരി ബാലകൃഷ്ണന്‍റെ ലേഖനം. 5 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയം ആ പാര്‍ട്ടിയുടെ  സംഘടനാ ദൗര്‍ബല്യത്തേയും ആഭ്യന്തര സംഘര്‍ഷങ്ങളെയും കൂടുതല്‍ രൂക്ഷമാക്കിയിരിക്കുന്നു.

ഹിന്ദുത്വ ശക്തികളോട് ഐക്യപ്പെടുന്ന കോണ്‍ഗ്രസിന് ബിജെപിയുടെ ബദലാകാന്‍ ക‍ഴിയില്ലെന്ന് തെളിഞ്ഞ തെരഞ്ഞെടുപ്പ് കൂടിയാണ് ഇതെന്നും കോടിയേരി ദേശാഭിമാനിയിലെ‍ഴുതിയ ലേഖനത്തില്‍ പറയുന്നു.

കോൺഗ്രസ് ഹിന്ദുത്വ ശക്തികളോട് ആനുകൂല്യമുള്ള പാര്‍ട്ടിയായി മാറിക്ക‍ഴിഞ്ഞിരിക്കുന്നുവെന്ന വിമര്‍ശനത്തോടെയാണ് കോടിയേരി ദേശാഭിമാനിയിലെ തന്‍റെ ലേഖനം തുടങ്ങുന്നത്.   യുപി ഉൾപ്പെടെ അഞ്ച് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസ് നേരിടുന്ന തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു.

ഇന്ത്യൻ രാഷ്ട്രീയത്തിലെ അനിഷേധ്യ നേതൃത്വമായിരുന്ന  കോൺഗ്രസിന്  ചരിത്രത്തിലെ ധാർമികവും രാഷ്ട്രീയവുമായ ഏറ്റവും വലിയ പരാജയമാണ്  സമ്മതിദായകർ നൽകിയത്. യുപിയില്‍ മത്സരിച്ച 399 സീറ്റിൽ 387ലും കോൺഗ്രസിന് കെട്ടിവച്ച പണം നഷ്ടമായി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള “സെമിഫൈനൽ’ എന്ന് വിശേഷിപ്പിച്ച തെരഞ്ഞെടുപ്പിലെ തകർച്ച സംഘടനാപരമായി മാത്രമല്ല, രാഷ്ട്രീയമായും കോൺഗ്രസിനെ വലിയ പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നതായി കോടിയേരി ചൂണ്ടിക്കാണിക്കുന്നു.

താൽക്കാലിക അധ്യക്ഷയായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പാര്‍ട്ടിയെ ശരിയായ നിലയില്‍ നയിക്കാനാകാതെ ഇരുട്ടിൽ തപ്പുകയാണ്. തോറ്റ സ്ഥലത്തെ പിസിസി നേതൃത്വങ്ങളോട് സ്ഥാനമൊഴിയാൻ സോണിയാ ഗാന്ധി ആ‍വശ്യപ്പെട്ടപ്പോള്‍  പരാജയത്തിന്റെ ഉത്തരവാദിത്വം നെഹ്റു കുടുംബത്തിനാണെന്ന് ചുണ്ടിക്കാട്ടി പാര്‍ട്ടിയിലെ തന്നെ മറ്റൊരു വിഭാഗം രംഗത്ത് വന്നു.

137 എംപിമാരും എംഎൽഎമാരും ബിജെപിയിലേക്ക് പോയതിന് ഉത്തരം പറയേണ്ടത് ആര് എന്ന ചോദ്യവുമായി G 23 നേതാക്കള്‍ തന്നെ രംഗത്തുവന്നു.  സംഘടനയിൽ സ്വേച്ഛാപ്രവണതയും കുടുംബാധിപത്യവും തുടരുന്നു എന്നതിനൊപ്പം കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി രാഷ്ട്രീയ നയസമീപനത്തിന്റേതാണെന്നും കോടിയേരി ചൂണ്ടിക്കാണിക്കുന്നു.

ആർഎസ്എസ് നിയന്ത്രണത്തിൽ മോദി സർക്കാർ സൃഷ്ടിച്ചെടുത്ത കോർപറേറ്റ്–-വർഗീയ സഖ്യത്തെ ചെറുത്തുതോൽപ്പിക്കാനുള്ള രാഷ്ട്രീയ ആർജവം കോണ്‍ഗ്രസിനില്ല. ബിജെപിയുടെ  വർഗീയ ആയുധങ്ങളും കോർപറേറ്റ് അനുകൂല സാമ്പത്തികനയവും സ്വകാര്യവൽക്കരണവും മുറുകെ പിടിക്കുക എന്നതാണ് കോൺഗ്രസ് നേതൃത്വത്തിന്റെയും രാഷ്ട്രീയസമീപനം.

വര്‍ഗീയതയ്ക്ക് ബദലാകാന്‍ കോണ്‍ഗ്രസിന്  കഴിയില്ല എന്നത് ജനങ്ങൾക്ക് കൂടുതൽ കൂടുതൽ ബോധ്യമാകുകയാണ്. അതാണ് അഞ്ച് സംസ്ഥാനത്തെ ഫലം പൊതുവിൽ നൽകുന്ന സന്ദേശമെന്നും കോടിയേരി പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News