പതിനഞ്ചാം കേരള നിയമസഭ; സമ്മേളന നടപടികള്‍ പൂര്‍ത്തീകരിച്ചു

2022 ഫെബ്രുവരി 18-ാം തീയതി ബഹുമാനപ്പെട്ട ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടുകൂടി ആരംഭിച്ച നാലാം സമ്മേളനം ആകെ 11 ദിവസം സമ്മേളിച്ച് നടപടികള്‍ പൂര്‍ത്തീകരിച്ച് ഇന്നവസാനിക്കുകയാണ്. ഇതിനിടയില്‍ ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ സമ്മേളിച്ചിരുന്നില്ല. 15-ാം കേരള നിയമസഭാംഗമായിരുന്ന പി.ടി. തോമസിന്റെ നിര്യാണം സംബന്ധിച്ച റഫറന്‍സ് ഫെബ്രുവരി 21-ാം തീയതിയും ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച ഫെബ്രുവരി 22, 23, 24 തീയതികളിലും നടന്നു.

2022-23 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് മാര്‍ച്ച് 11-ാം തീയതി ബഹുമാനപ്പെട്ട ധനകാര്യ വകുപ്പുമന്ത്രി സഭയില്‍ അവതരിപ്പിക്കുകയും മാര്‍ച്ച് 14, 15, 16 തീയതികളിലായി ബഡ്ജറ്റിന്മേലുള്ള പൊതുചര്‍ച്ച പൂര്‍ത്തീകരിക്കുകയും ചെയ്തു. 2021-22 വര്‍ഷത്തെ ബഡ്ജറ്റിലേക്കുള്ള അന്തിമ ഉപധാനാഭ്യര്‍ത്ഥനകളേയും മുന്‍ വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ത്ഥനകളേയും സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും മാര്‍ച്ച് 17-ാം തീയതിയും വോട്ട്- ഓണ്‍ അക്കൗണ്ട് സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും മാര്‍ച്ച് 18-ാം തീയതിയും പൂര്‍ത്തീകരിച്ചു. അതുമായി ബന്ധപ്പെട്ട ആറ് ധനവിനിയോഗ ബില്ലുകളും ഇന്ന് സഭ പാസ്സാക്കുകയുണ്ടായി.

ഈ സമ്മേളനകാലത്ത് ചട്ടം 50 പ്രകാരമുള്ള 5 നോട്ടീസുകളാണ് സഭ മുമ്പാകെ വന്നത്. അതില്‍ മാര്‍ച്ച് 14-ാം തീയതി സഭ മുമ്പാകെ വന്ന സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട നോട്ടീസ് സഭ പരിഗണിക്കുകയും അതിന്മേല്‍ 2 മണിക്കൂര്‍ ചര്‍ച്ച നടത്തുകയും ചെയ്തു. വിവിധ ജനകീയ പ്രശ്‌നങ്ങളിന്മേലുള്ള 13 ശ്രദ്ധക്ഷണിക്കലുകളും 66 സബ്മിഷനുകളും ഈ സമ്മേളനകാലത്ത് സഭാ നടപടികളെ സജീവമാക്കി.

നാലാം സമ്മേളനത്തില്‍ 2022 ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 18 വരെയുള്ള കാലത്ത് 8 ചോദ്യ ദിവസങ്ങളില്‍ ഉത്തരം ലഭിക്കുന്നതിനായി നക്ഷത്രചിഹ്നമിട്ടതും നക്ഷത്ര ചിഹ്നമിടാത്തതുമായി ആകെ 3416 ചോദ്യങ്ങള്‍ക്കുള്ള നോട്ടീസുകളാണ് ലഭ്യമായത്. ഇതില്‍ 34 എണ്ണം വിവിധ കാരണങ്ങളാല്‍ നിരസിക്കുകയും 24 എണ്ണം പിന്‍വലിക്കുകയും ചെയ്തു. ശേഷിച്ചവയില്‍ 240 എണ്ണം നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടെ ലിസ്റ്റിലും 3118 എണ്ണം നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളുടെ ലിസ്റ്റിലും ഉള്‍പ്പെടുത്തി ആകെ 3358 ചോദ്യങ്ങള്‍ അച്ചടിച്ചു. ഇതില്‍ നക്ഷത്ര ചിഹ്നമിട്ട 240 ചോദ്യങ്ങള്‍ക്കും നക്ഷത്ര ചിഹ്നമിടാത്ത 2804 ചോദ്യങ്ങള്‍ക്കും ബന്ധപ്പെട്ട വകുപ്പുമന്ത്രിമാര്‍ ഈ സമ്മേളനകാലത്തു തന്നെ ഉത്തരം ലഭ്യമാക്കിയിട്ടുണ്ട്. ചോദ്യോത്തര വേളകളില്‍ 23 ചോദ്യങ്ങള്‍ വാക്കാല്‍ മറുപടി നല്‍കുന്നതിനായി പരിഗണിച്ചിട്ടുണ്ട്. 180 അവസരങ്ങളിലായി 202 ഉപചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു.

പതിമൂന്നാം കേരള നിയമസഭയുടെയും പതിനാലാം കേരള നിയമസഭയുടെയും വിവിധ സമ്മേളനങ്ങളിലേയും പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നു മുതല്‍ മൂന്നു വരെയുള്ള സമ്മേളനങ്ങളിലെയും മറുപടിയോ അന്തിമ മറുപടിയോ ലഭ്യമാക്കാത്ത ചോദ്യങ്ങളില്‍ 210 എണ്ണത്തിന്റെ ഉത്തരം ചട്ടം 47(2) പ്രകാരമുള്ള കാലതാമസപത്രിക സഹിതം ഈ സമ്മേളനകാലത്ത് സഭയില്‍ സമര്‍പ്പിക്കുകയുണ്ടായി.
വിവിധ സമ്മേളനങ്ങളിലെ നക്ഷത്ര ചിഹ്നമിടാത്ത 4 ചോദ്യങ്ങളുടെ ഉത്തരത്തിലെ തെറ്റ് തിരുത്തിക്കൊണ്ടുള്ള പ്രസ്താവനകള്‍ ഈ സമ്മേളനത്തില്‍ സഭയില്‍ സമര്‍പ്പിക്കുകയുമുണ്ടായി.

ഈ സമ്മേളനത്തിലെ ചോദ്യങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭൂരിപക്ഷം ചോദ്യങ്ങള്‍ക്കും മറുപടി ലഭ്യമാക്കാന്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുള്ളതായി മനസ്സിലാക്കുന്നു. എന്നിരുന്നാലും ഇനിയും ഏതാനും മറുപടികള്‍ കൂടി ലഭ്യമാക്കാനുണ്ടെന്നാണ് കാണുന്നത്. ഇനിയും മറുപടി നല്‍കാനുള്ള എല്ലാ ചോദ്യങ്ങള്‍ക്കും പൂര്‍ണ്ണമായ മറുപടി കൂടി ചട്ടം അനുശാസിക്കുന്ന വിധം യഥാസമയം ലഭ്യമാക്കുവാന്‍ ശ്രദ്ധിക്കണമെന്ന് ചെയര്‍ ഓര്‍മ്മിപ്പിക്കുന്നു.

നാലാം സമ്മേളനകാലത്ത് 894 രേഖകള്‍ സഭയുടെ മേശപ്പുറത്ത് വയ്ക്കുകയും വിവിധ നിയമസഭാ സമിതികളുടെ 44 റിപ്പോര്‍ട്ടുകള്‍ സഭയുടെ മേശപ്പുറത്ത് വയ്ക്കുകയും ചെയ്തു. ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നാവശ്യ പ്പെടുന്ന ഒരു ഗവണ്മെന്റ് പ്രമേയം ചട്ടം 118 പ്രകാരം മാര്‍ച്ച് 16 -ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിക്കുകയും സഭ ഐകകണ്‌ഠേന പാസ്സാക്കുകയും ചെയ്തു.
അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി നീക്കിവച്ചിട്ടുള്ള വെള്ളിയാഴ്ചകള്‍ ഫലപ്രദമായി ഉപയോഗിക്കുന്ന കാര്യത്തില്‍ ഈ സമ്മേളനകാലത്തും നമുക്ക് വേണ്ടത്ര മുന്നേറാന്‍ കഴിഞ്ഞില്ല എന്നത് ഒരു പോരായ്മയായി കാണുകയാണ്. സഭയുടെ ഇനിവരുന്ന സമ്മേളന കാലത്തെങ്കിലും അക്കാര്യത്തില്‍ ഗുണപരമായ ഒരു മാറ്റം അനിവാര്യമാണെന്നാണ് കാണുന്നത്.

കേരള നിയമസഭാ ലൈബ്രറിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ആവിഷ്‌കരിച്ചിട്ടുള്ള ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെയും ഭാഗമായി നിയമസഭാ മന്ദിര പരിസരത്ത് ഈ വര്‍ഷം ഒരു അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. അതുപോലെ വിവിധ ജില്ലാ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരാനുഭവങ്ങളുടെ ഭാഗമായിട്ടുള്ള ഓഡിയോ-വീഡിയോ പ്രദര്‍ശനവും സെമിനാറുകളും സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യാ രാജ്യം ഒരു സ്വതന്ത്ര റിപ്പബ്ലിക്കായിട്ട് 2025 ജനുവരിയില്‍ 75 വര്‍ഷം പൂര്‍ത്തിയാവുകയാണ്. അതിന്റെ ഭാഗമായി ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണസഭയുടെ ഡിബേറ്റുകള്‍ (Constituent Assembly Debates) പൂര്‍ണ്ണമായും മലയാളത്തില്‍ തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിയമവകുപ്പിന്റെ സഹകരണത്തോടെയാണ് പ്രസ്തുത യജ്ഞം പൂര്‍ത്തീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് അതിനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
നിയമസഭാംഗങ്ങള്‍ക്ക് സൗകര്യപ്രദമായ താമസസൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി നിയമസഭാ ഹോസ്റ്റലില്‍ നിലവിലുള്ള പമ്പാ ബ്ലോക്ക് പൊളിച്ചുമാര്‌റി ഒരു പുതിയ ഫ്‌ലാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ചു വരുന്നു. വിവിധ നിയമസഭ സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സമിതി അധ്യക്ഷന്മാരുടെ ഒരു യോഗം ഉടന്‍തന്നെ ചേരുവാനും ഉദ്ദേശിക്കുന്നു.

സഭയുടെ നാലാം സമ്മേളന പരിപാടികള്‍ വിജയിപ്പിക്കുവാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ബഹുമാനപ്പെട്ട മന്ത്രിമാര്‍, ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, വിവിധ കക്ഷി നേതാക്കള്‍ മറ്റ് സഭാംഗങ്ങള്‍ എന്നിവര്‍ കാണിച്ച സഹകരണം അങ്ങേയറ്റം മാതൃകാപരമായിരുന്നു. അതിന്റെ പേരില്‍ എല്ലാപേര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ സമ്മേളനം വിജയിപ്പിക്കുവാന്‍ ആവശ്യമായ സഹായ സഹകരണം നല്‍കിയ നിയമസഭാ സെക്രട്ടേറിയറ്റിലെയും വിവിധ വകുപ്പുതലങ്ങളിലേയും ഉദ്യോഗസ്ഥര്‍, പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍, വിവിധ സേനാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ചെയര്‍ നന്ദി അറിയിക്കുന്നു. എല്ലാപേര്‍ക്കും സന്തോഷകരമായ ഈസ്റ്റര്‍, വിഷു, റമദാന്‍ ആശംസകള്‍ നേരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News