ഐഎസ്എല്‍ ഫുട്‌ബോളിലെ കിരീടപ്പോരാട്ടം മറ്റന്നാള്‍ ; കണ്ണുംനട്ട് ആരാധകര്‍

ആരാധകര്‍ കണ്ണുംനട്ട് കാത്തിരിക്കുന്ന ISL ഫുട്‌ബോളിലെ കിരീടപ്പോരാട്ടം മറ്റന്നാള്‍ . കേരള ബ്ലാസ്റ്റേഴ്‌സ് – ഹൈദരാബാദ് എഫ്.സി ഫൈനല്‍ മറ്റന്നാള്‍
രാത്രി 7:30 ന് ഫറ്റോര്‍ദ സ്റ്റേഡിയത്തില്‍ നടക്കും. കന്നി കിരീടമാണ് രണ്ടു മഞ്ഞപ്പടകളുടെയും മോഹം.

2014 ലെയും 2016 ലെയും കിരീട നഷ്ടത്തിന് കണക്ക് തീര്‍ക്കാന്‍ കേരളത്തിന്റെ കൊമ്പന്മാര്‍ ഫറ്റോര്‍ദയിലെത്തിക്കഴിഞ്ഞു. വിന്നേഴ്‌സ് ഷീല്‍ഡിന്റെ ഗര്‍വ്വുമായി എത്തിയ ഓവന്‍ കോയിലിന്റെ ജംഷെദ്പൂരിനെ തോല്‍പിച്ചാണ് അഡ്രിയാന്‍ ലൂണ ക്യാപ്ടനായ ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനല്‍ പ്രവേശം.

പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ചിന്റെ ചാണക്യതന്ത്രങ്ങളാണ് കൊമ്പന്മാരുടെ എട്ടാം സീസണിലെ അവിശ്വസനീയ കുതിപ്പിന് പിന്നിലെ രഹസ്യം. ആക്രമണത്തില്‍ ലൂണ- വാസ്‌ക്വേസ് – ഡിയാസ് – സഹല്‍ സഖ്യം മിന്നിത്തെളിയുമ്പോള്‍ പ്രതിരോധത്തില്‍ കോട്ട കെട്ടാന്‍ ലെസ്‌കോവിച്ചും ഹോര്‍മിപാമും ഖാബ്രയുമെല്ലാമുണ്ട്. ഡിഫന്‍സീവ് മിഡ് ഫീല്‍ഡര്‍മാരായി പൂട്ടിയയും ജീക്‌സണും പുറത്തെടുക്കുന്നതും ഉശിരന്‍ പോരാട്ടവീര്യമാണ്. ഗോള്‍ വലയ്ക്ക് കീഴില്‍ പ്രഭ്‌സൂഖന്‍ സിംഗ് ഗില്ലിന്റെ വണ്ടര്‍ സേവുകളും കൊമ്പന്മാര്‍ക്ക് തുണയാകും.

കഴിഞ്ഞ ഏതാനും സീസണുകളിലെ തോല്‍വിയുടെ കടങ്ങളെല്ലാം പലിശ സഹിതം വീട്ടി കൊമ്പന്മാര്‍ ചിന്നംവിളിക്കുമ്പോള്‍ ചരിത്ര കിരീടമാണ് ആരാധകര്‍ സ്വപ്നം കാണുന്നത്. അതേസമയം നടാടെ ഫൈനല്‍ കളിക്കുന്ന ഹൈദരാബാദ് എഫ്.സി ആദ്യ കിരീടത്തില്‍ മുത്തമിടാമെന്ന പ്രതീക്ഷയിലാണ്. 2019 ല്‍ ISL ല്‍ അരങ്ങേറിയ ഹൈദരാബാദിന് തലനാരിഴയ്ക്കാണ് കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് ബര്‍ത്ത് നഷ്ടമായത്. മുന്‍ ചാമ്പ്യന്മാരായ എ.ടി.കെയെ പഞ്ഞിക്കിട്ടാണ് ഹൈദരാബാദിന്റെ ഫൈനല്‍ പ്രവേശം.ഗോളുകളടിച്ച് കൂട്ടുന്ന നൈജീരിയന്‍ സ്‌ട്രൈക്കര്‍ ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെയാണ് ഹൈദരാബാദിന്റെ വജ്രായുധം.

ജാവിയര്‍ സിവേറിയോ , മൊഹമ്മദ് യാസിര്‍ , ഡേവിഡ് വില്യംസ് എന്നിവരാണ് മുന്നേറ്റത്തില്‍ ഒഗ്‌ബെച്ചെ യ്ക്ക് കൂട്ട്. ബ്രസീലിയന്‍ താരം ജോവ വിക്ടറിനാണ് മധ്യനിരയുടെ ചുമതല. ജുവാനനും, ചിങ്ലന്‍സന സിങ്ങും നി ദോര്‍ജി തമാംഗും ആകാഷ് മിശ്രയും ചേര്‍ന്ന പ്രതിരോധം കടുകട്ടിയാണ്. ഗോവക്കാരനായ ലക്ഷ്മികാന്ത് കട്ടി മണിയാണ് നൈസാമുകളുടെ ഗോള്‍ വല കാക്കുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആദ്യമായി ഐ എസ് എല്‍ കാണാന്‍ കാണികള്‍ ഇരമ്പിയെത്തുന്ന മത്സരത്തില്‍ പുതിയ രാജാക്കന്മാരുടെ പട്ടാഭിഷേകത്തിനാകും ഫറ്റോര്‍ദ സാക്ഷ്യം വഹിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here