അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എം എം മണി കുറ്റവിമുക്തന്‍

അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എം എം മണിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. മണക്കാട് പ്രസംഗത്തിൻ്റെ പേരിൽ പോലീസ് എടുത്ത കേസ്സിലാണ് എം എം മണി ഉൾപ്പെടെ മൂന്ന് പേരെ കോടതി കുറ്റവിമുക്തരാക്കിയത്.

ഒരു പ്രസംഗത്തിൻ്റെ പേരിൽ കൊലക്കുറ്റം ചുമത്തി 3 പേരെ ജയിലിലടച്ച കേസ്സിലെ കോടതി വിധി യു ഡി എഫിന് തിരിച്ചടിയായി. എം എം മണി ഉൾപ്പെടെയുള്ളവർ സമർപ്പിച്ച വിടുതൽ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് സുനിൽ തോമസിൻ്റെ  ഉത്തരവ്.

പ്രഥമദൃഷ്ട്യാ പോലും കേസ് നിലനിൽക്കില്ലെന്ന് കണ്ടാണ് , എം എം മണി, ഒ ജി മദനൻ, കൈനകരി കുട്ടൻ എന്നിവരെ കോടതി കുറ്റവിമുക്തരാക്കിയത്. 2012 ൽ സി പി ഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണി നടത്തിയ പ്രസംഗത്തിൻ്റെ പേരിലായിരുന്നു മണിയുൾപ്പെടെ 3 പേരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

1982 ൽ നടന്ന അഞ്ചേരി ബേബി വധത്തിലായിരുന്നു  മൂന്ന് പതിറ്റാണ്ടിന് ശേഷം യു ഡി എഫ് സർക്കാരിൻ്റെ അസാധാരണ നടപടി. പുലർച്ചെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത എം എം മണിയെ അന്നത്തെ സർക്കാർ 43 ദിവസം പീരുമേട് ജയിലിലടച്ചു.

ഒടുവിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽ മോചിതനായ എം എം മണിക്ക് ജാമ്യവ്യവസ്ഥയുടെ ഭാഗമായി 9 മാസത്തോളം ഇടുക്കി ജില്ലയ്ക്ക് പുറത്ത് കഴിയേണ്ടിവന്നു. തുടർന്നാണ് തങ്ങൾ പ്രതികളല്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് പേരും ഹൈക്കോടതിയിൽ വിടുതൽ ഹർജി നൽകിയത്.

ഹരജിയിൽ വിശദമായ വാദം കേട്ട ശേഷം മൂന്ന് പേരെയും കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. കോടതിവിധിയിൽ സന്തോഷമുണ്ടെന്ന് എം എം മണി പ്രതികരിച്ചു.  തനിക്കെതിരെ രാഷ്ട്രീയ വൈരാഗ്യം തീർത്തതാണെന്നും കള്ളക്കേസെടുത്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അ

ഉമ്മൻ ചാണ്ടി സർക്കാരിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെയായിരുന്നു എം എം മണിക്കെതിരെ അസാധാരണ നടപടികൾ പോലീസ് സ്വീകരിച്ചത്.

നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് നിയമ വിദഗ്ദ്ധർ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കേസുമായി മുന്നോട്ട് പോകാനായിരുന്നു അന്നത്തെ യു ഡി എഫ് സർക്കാരിൻ്റെ തീരുമാനം. ഹൈക്കോടതി വിധി എതിരായത് യു ഡി എഫിന് രാഷ്ട്രീയമായി കൂടി തിരിച്ചടിയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News