നമ്പര്‍ 18 പോക്സോ കേസ്; അഞ്ജലി റിമാ ദേവ് ചോദ്യം ചെയ്യലിന് ഹാജരായില്ല

നമ്പര്‍ 18 പോക്സോ കേസില്‍ അഞ്ജലി റിമാ ദേവ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. ഇതു വരെ അഞ്ജലി ചോദ്യം ചെയ്യലിന് ഹാജറായിട്ടില്ല. ഇന്നു കൂടി ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും റിമാന്‍ഡിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്നും കമ്മീഷ്ണര്‍ പറഞ്ഞു.

അതേസമയം റോയ് വയലാട്ടിന്റേയും സൈജു എം.തങ്കച്ചന്റേയും ജാമ്യാപേക്ഷയില്‍ ഈ മാസം 21 ന് കോടതി വിധി പറയും. എറണാകുളം പോക്സോ കോടതി ജഡ്ജി കെ.സോമനാണ് കേസ് വിധി പറയാന്‍ മാറ്റിയത്. കേസില്‍ ഒന്നാം പ്രതിയാണ് റോയ് വയലാട്ട്. സൈജു തങ്കച്ചന്‍ രണ്ടാം പ്രതിയും അഞ്ജലി റീമദേവ് മൂന്നാംപ്രതിയുമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

റോയി വയലാട്ടും സൈജു എം.തങ്കച്ചനും മൂന്നു ദിവസം മുമ്പാണ് പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിയാണ് റോയി വയലാട്ട് കീഴടങ്ങിയത്. തിങ്കളാഴ്ച രാവിലെ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് സൈജു കീഴടങ്ങിയത്.

കോഴിക്കോട് താമസിക്കുന്ന അമ്മയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയിലാണ് പൊലീസ് റോയി വയലാട്ട് അടക്കമുള്ളവര്‍ക്കെതിരേ പോക്‌സോ കേസ് എടുത്തത്. 2021 ഒക്ടോബര്‍ 20-ന് റോയി വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വെച്ച് അതിക്രമം ഉണ്ടായതായാണ് പരാതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here