സിൽവർ ലൈൻ തകർക്കാൻ ​ഗൂഢശ്രമം ; സമരാഹ്വാനവുമായി വി മുരളീധരൻ

സിൽവർ ലൈൻ പദ്ധതിക്കെതിരെ രാഷ്ട്രീയ വിരോധം വെച്ച് സമരാഹ്വാനവുമായി വീണ്ടും കേന്ദ്രമന്ത്രി വി മുരളീധരൻ. നിലവിലെ രൂപത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് വി മുരളീധരൻ.
കേന്ദ്രമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ
ബി ജെ പി ജില്ലാ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് കല്ലായിൽ കെ റെയിൽ സർവ്വെക്കല്ലുകൾ പിഴുതു മാറ്റി.

കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതിയെയാണ് കേന്ദ്ര സഹമന്ത്രിയും ബി ജെ പി നേതാവുമായ വി മുരളീധരൻ രാഷ്ട്രീയ വിരോധത്തിൻ്റെ പേരിൽ തള്ളി പറയുന്നത്. പദ്ധതിക്കുള്ള നിയമപരമായ അനുമതി കൂടിയാണ് തത്വത്തിലുള്ള അംഗീകാരം.കേന്ദ്ര റെയിൽവെ മന്ത്രാലയവും സംസ്ഥാന സർക്കാരും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി അനുവദിക്കില്ലെന്നാണ് മുരളീധരൻ്റെ നിലപാട്.

കേരളത്തിൻ്റെ സ്വപ്ന പദ്ധതി ഇല്ലാതാക്കാനാണ് കേന്ദ്രമന്ത്രി സ്ഥാനം ഉപയോഗിച്ച് വി മുരളീധരൻ ശ്രമിക്കുന്നതെന്ന് വ്യക്തം. 2008 മുതൽ ആരംഭിച്ച പ്രവർത്തനത്തിന് അന്തിമ അനുമതി മാത്രമാണ് ഇനി ലഭിക്കേണ്ടത്.

അന്തിമ അനുമതി ലഭിച്ച ശേഷമേ ഭൂമി എറ്റെടുക്കൂ എന്ന് സംസ്ഥാന സർക്കാർ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സർവ്വെക്കല്ലിടൽ ഭൂമി എറ്റെടുക്കാനാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് പ്രതിപക്ഷം. കേരള സർവ്വേ ആൻറ് ബൗണ്ടറി ആക്ട് പ്രകാരം സാമൂഹിക ആഘാത പഠനം നടത്താൻ മാത്രമാണ് കല്ലിടൽ. ഇതിന് കേരള ഹൈക്കോടതി അനുമതി നൽകിയിട്ടുമുണ്ട്.

ഇത് തടസപ്പെടുത്തുകയാണ് ബി ജെ പി അടക്കമുള്ള പ്രതിപക്ഷം.കോഴിക്കോട് വി മുരളീധരൻ വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെ ബി ജെ പി ജില്ലാ പ്രസിഡൻ്റ് വി കെ സജീവൻ്റെ നേതൃത്വത്തിൽ കല്ലായിൽ കെ റെയിൽ സർവ്വെക്കല്ലുകൾ പിഴുതു മാറ്റി.

പൊലീസ് സംരക്ഷണയിൽ ഇന്ന് ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ലുകളാണ് പിഴുതെറിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News