രാജ്യസഭാ സ്ഥാനാര്‍ഥി ; അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ട് കെപിസിസി നേതൃത്വം

രാജ്യസഭാ സ്ഥാനാർഥി പട്ടികയുടെ കാര്യത്തിൽ കേരളത്തിൽ സമവായമായില്ല. അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ട് കെപിസിസി നേതൃത്വം.കരട് പട്ടിക കെ.സുധാകരൻ ഹൈക്കമാൻഡിന് കൈമാറി.എം.ലിജുവിനായി എഐ.സി.സി നേതൃത്വത്തിന് കത്ത് നൽകി സുധാകരന്റെ പുതിയ നീക്കം.

രാജ്യസഭാ സ്ഥാനാർഥിയുടെ കാര്യത്തിൽ കേരളത്തിൽ സമവായം ഉണ്ടാക്കാനുള്ള എഐസിസി നിർദേശവും ഫലം കണ്ടില്ല. കേരളത്തിൽ തിരിച്ചെത്തിയ കെ.സുധാകരൻ മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തി. ഇതോടെ കൂടുതൽ പേരുകൾ ഉയർന്നുവന്നു.

അഭിപ്രായ സമന്വയത്തിൽ എത്താൻ ആകാത്തതോടെ അന്തിമ തീരുമാനം വീണ്ടും ഹൈക്കമാൻഡിന് വിട്ടു.കരട് പട്ടിക കെ.സുധാകരൻ ഹൈക്കമാൻഡിന് കൈമാറി. മുതിർന്ന നേതാക്കളുമായി സംസാരിച്ച് സ്ഥാനാർഥി നിർണയത്തിന് മാനദണ്ഡം നിശ്ചയിച്ച ശേഷമാണ് പാനൽ തയ്യാറാക്കിയതെന്നാണ് സുധാകര വിഭാഗം പറയുന്നത്.

പട്ടികയിലുള്ളവരുടെ വിശദാംശങ്ങൾ പുറത്ത് വിടാൻ കെപിസിസി നേതൃത്വം തയ്യാറായിട്ടില്ല. പക്ഷെ ഇതിനിടയിൽ എം.ലിജുവിനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കെ.സുധാകരൻ എഐസിസിക്ക് പ്രത്യേകം കത്തുനൽകിയെന്നാണ് വിവരം.

എന്നാൽ തിരഞ്ഞെടുപ്പുകളിൽ തോറ്റവരെ പരിഗണിക്കരുതെന്ന മാനദണ്ഡം ലിജുവിന് തിരിച്ചടിയാകും. അതേസമയം മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറിന്റെ പേര് വിഡി സതീശൻ മുന്നോട്ടുവച്ചെന്നാണ് വിവരം.

എ ഗ്രൂപ്പിന്റെ ജെയ്‌സൺ ജോസഫ്, സോണി സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം,പത്മജ വേണുഗോപാൽ, എംഎം ഹസൻ എന്നിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്.

അന്തിമതീരുമാനം ഹൈക്കമാൻഡിന് വിട്ടേതാടെ ഇനി കെസി വേണുഗോപാലിന്റെ ഇടപെടൽ നിർണായകമാകും. അതേസമയം ഹൈക്കമാൻഡ് പ്രഖ്യാപനം നാളെ തന്നെ ഉണ്ടാകുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here