വെള്ളരിപ്രാവിനും കിട്ടി എട്ടിന്റെ പണി

സതീശന് കിട്ടുന്നതൊന്നും പോരാഞ്ഞിട്ട് ചോദിച്ച് പണി വാങ്ങാൻ നിയമസഭയിൽ വെള്ളരിപ്രാവിന്റെ വേഷത്തിലെത്തി തിരുവഞ്ചൂർ. തിരുവഞ്ചൂരിന് കിട്ടിയതും ചില്ലറയൊന്നുമല്ല.

പ്രതിപക്ഷത്തിന് നിയമസഭയിൽ നിന്ന് ഒരു ദിവസമെങ്കിലും ഇറങ്ങിപ്പോയില്ലെങ്കിൽ ആകെ അസ്വസ്ഥതയാണ്. ബുധനാഴ്ച അടിയന്തരപ്രമേയ നോട്ടീസിന് മന്ത്രി ജി ആർ അനിൽ നൽകിയ മറുപടിയെ തള്ളാൻ കഴിയാത്തതിനാൽ അവർ ഇറങ്ങിപ്പോയില്ല. എന്നാൽ ലോ കോളജ് സംഘർഷം ഉന്നയിച്ച് ഇറങ്ങിപ്പോയി.

വ്യാഴാഴ്ചയും സ്ഥിതി വിഭിന്നമല്ലായിരുന്നു. ശൂന്യവേളയിൽ വാക്കൗട്ട് നടത്തിയ അവർക്ക് പിന്നീട് മറ്റൊരു സംഭവത്തിന്റെ പേരിൽ നിയമസഭ ബഹിഷ്‌കരിച്ചപ്പോഴാണ് തൃപ്തി വന്നത്. പുറത്ത് വേറെ പരിപാടികളുണ്ടല്ലോ….അപ്പോൾ സഭ വിട്ടല്ലേ പറ്റൂ….

കെഎസ്‌ആർടിസിയെ ചൊറിഞ്ഞാണ് പ്രതിപക്ഷം കഴിഞ്ഞ ദിവസവും പണിവാങ്ങിയത്. സിൽവർ ലൈനിനെ ഇകഴ്‌ത്താൻ കെഎസ്‌ആർടിസിയെ വലിച്ചിഴച്ച പ്രതിപക്ഷത്തിന്‌ കിട്ടിയതോ ‘എട്ടിന്റെ പണി ’ ആണ്. അർധ അതിവേഗ പാതയ്ക്കുവേണ്ടി കെഎസ്‌ആർടിസിയെ ബലിയാടാക്കുന്നുവെന്നായിരുന്നു അടിയന്തര പ്രമേയം. എന്നാൽ, കടുത്ത പ്രതിസന്ധിക്കിടയിലും സ്ഥാപനത്തെ കരകയറ്റാൻ നടത്തുന്ന ശ്രമവും യുഡിഎഫ്‌ കാലത്ത്‌ ‘അടിച്ചുമാറ്റിയ’ കഥകളും മന്ത്രി ആന്റണി രാജു അങ്ങോട്ട് നിരത്തി.

മഹാമാരി ഏറ്റവും ബാധിച്ചത്‌ കെഎസ്‌ആർടിസിയെ ആണെന്ന്‌ മന്ത്രി പറഞ്ഞു. ഏറെക്കാലം അടച്ചിട്ടു. പിന്നീട്‌, എ സി ബസിൽ യാത്രക്കാരില്ലാതായി. കേന്ദ്രം ഇന്ധനവില വർധിപ്പിച്ചതുവഴി പ്രതിദിനം ഒരു കോടിരൂപയുടെ അധികബാധ്യത. എന്നിട്ടും തളരാതെ മുന്നോട്ടുപോകുന്നു. യുഡിഎഫ്‌ കാലത്താണ്‌ ജീവനക്കാരെയും പെൻഷൻകാരെയും ആത്മഹത്യയിലേക്ക്‌ തള്ളിവിട്ടത്‌.

യു ഡി എഫ് കാലത്ത് നടന്ന നൂറുകോടിയുടെ അഴിമതി വിജിലൻസ്‌ അന്വേഷിക്കുന്നുണ്ട്‌. എന്നാൽ എൽഡിഎഫ്‌ ശമ്പള പരിഷ്കരണം നടപ്പാക്കി. പെൻഷൻ കൃത്യമായി നൽകുന്നു. സ്വിഫ്റ്റ്‌ കമ്പനി യാഥാർഥ്യമായി. 124 ആധുനിക ബസ്‌ സർവീസ്‌ തുടങ്ങും. 1336 പുതിയ ബസ്‌ എത്തും. ആനവണ്ടി മുതൽ ഗ്രാമവണ്ടിവരെയുള്ള ജനവികാരത്തെ കള്ളം നിരത്തി ഇകഴ്‌ത്താനാകില്ലെന്നും മന്ത്രി തുറന്നടിച്ചു.

പ്രമേയ അവതാരകൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെയും വാദങ്ങൾ നിരർഥകമെന്ന്‌ മന്ത്രി സമർഥിച്ചു.തെളിവുകൾ സഹിതം. പിന്നെ നാണംകെട്ട് ഇരിക്കാൻ പറ്റില്ലല്ലോ.. പ്രതിപക്ഷത്തിന് സഭവിട്ടല്ലേ പറ്റൂ.കെ റെയിൽ പദ്ധതിക്ക് വേണ്ടി കെ.എസ്.ആർ.ടി.സിക്ക് ദയാവധം ഒരുക്കാൻ സർക്കാരിന് രഹസ്യ അജണ്ടയെന്ന് ആരോപിച്ചായിരുന്നു ഇറങ്ങിപ്പോയത്.

തിരുവഞ്ചൂർ രാധാകൃഷ്ണനാണ് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. കെ.എസ്.ആർ.ടി.സി മികച്ച നിലയിലാണ് മുന്നോട്ടുപോകുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങളില്ലെന്നും ഗതാഗതമന്ത്രി ആന്റണി രാജു വിശദീകരിച്ചു.

കൊവിഡ് മഹാമാരിയാണ് കെ.എസ്.ആർ.ടി.സിയെ പ്രതിസന്ധിയിലാക്കിയത് . സ്ഥാപനത്തിന്റെ വരുമാനം ഇടിഞ്ഞു. തുടർച്ചയായ ഇന്ധനവില വർധനയും തിരിച്ചടിയായി. ഒരു ലീറ്റർ ഡീസലിനു 38 രൂപ 65 പൈസ മൂന്നു മാസം കൊണ്ട് കൂടി. മറ്റൊരിടത്തുമില്ലാത്ത ഈ അനീതിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും.

അതേസമയം, സ്വിഫ്റ്റ് കമ്പനി നടത്തുന്ന ദീർഘദൂര സർവീസുകൾ വൻ ലാഭത്തിലാണെന്നും മന്ത്രി സഭയിൽ അറിയിച്ചു.ഇതേത്തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു.

ചങ്ങനാശേരിയിലെ മാടപ്പള്ളിയിലുണ്ടായ സിൽവർലൈൻ പ്രതിഷേധവും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു . ഉപധനാഭ്യർത്ഥന ചർച്ച പുരോഗമിക്കുന്നതിനിടെയാണ് പ്രതിപക്ഷ നേതാവ് ഈ വിഷയവുമായി എത്തിയത്. . കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വളരെ സമാധാനപരമായാണ് നടക്കുന്നതെന്ന് സതീശന് മുഖ്യമന്ത്രി മറുപടി കൊടുത്തു .

അക്രമസമരങ്ങളിൽനിന്ന് പ്രതിപക്ഷം പിൻവാങ്ങണമെന്നും, പദ്ധതിക്കായി കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ ഇടപെടലും പൊലീസിനെ ആക്രമിക്കലും ഉദ്യോഗസ്ഥരെ തടയലും സംഭവിക്കുന്നു. ഇത്തരം നടപടികളിൽനിന്ന് പ്രതിപക്ഷം പിൻവാങ്ങണം.

പ്രതിഷേധത്തിനു നേതൃത്വം നൽകുന്നത് കോൺഗ്രസാണ്. അവരുടെ ഇടയിൽ തന്നെ ഇതിൽ അഭിപ്രായ വ്യത്യാസമുണ്ട്. അക്രമത്തിലൂടെ യോജിപ്പുണ്ടാക്കാൻ പ്രതിപക്ഷം ശ്രമിക്കരുത്. അത് നാടിന് വിനാശകരമാണെന്നും മുഖ്യമന്ത്രി മറുപടി നൽകി.

അതിനിടെ കെ കെ രമയും ഹേമ സമിതി റിപ്പോർട്ടുമായി ബന്ധപ്പെട്ട സബ്‌മിഷനുമായെത്തി. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ പഠിച്ച്‌ അവതരിപ്പിക്കുന്നതിനായി നിയോഗിച്ച ജസ്‌റ്റിസ്‌ ഹേമ സമിതി റിപ്പോർട്ട്‌ പൊതുരേഖയായി പ്രസിദ്ധീകരിക്കാൻ കഴിയില്ലെന്ന്‌ മന്ത്രി സജി ചെറിയാൻ രമക്ക് മറുപടി കൊടുത്തു..

സ്‌ത്രീകൾ തങ്ങളുടെ സ്വകാര്യ അനുഭവങ്ങൾ ഹേമ സമിതിയോട്‌ വെളിപ്പെടുത്തിയത്‌ സമിതിയുടെ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചതിനാൽ അത്‌ സ്വകാര്യമായി സൂക്ഷിക്കണമെന്ന്‌ ജസ്‌റ്റിസ്‌ കെ ഹേമ തന്നെ സർക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.

സർക്കാരിനെ കളങ്കപ്പെടുത്താൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട് പ്രതിപക്ഷം.പക്ഷേ ഇവർ ഉയർത്തുന്ന ആരോപണങ്ങളെല്ലാം നനഞ്ഞ പടക്കം പോലെയാണല്ലോ….പാവം സതീശനും പിള്ളേരും….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News