ഇഎംഎസ് ഓർമ്മയായിട്ട് ഇന്ന് 24 വർഷം

ഇഎംഎസ് ഓർമ്മയായിട്ട് ഇന്ന് 24 വർഷം .മലയാളികളുടെ രാഷ്ട്രീയ-സാമൂഹ്യ ബോധ മണ്ഡലങ്ങളിൽ ഇത്രകണ്ട് സ്വാധീനിച്ച മറ്റൊരാൾ ഉണ്ടാകില്ല. ഏതൊരു മലയാളിയും തങ്ങളുടെ മനസ്സിൽ ആദർശ ആശയ വ്യത്യാസമില്ലാതെ പറയുന്ന മൂന്ന് അക്ഷരത്തിന്റെ ഏകകമാണ് ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ഇഎംഎസ് .

ഇന്ത്യൻ വിപ്ലവ പ്രസ്ഥാനങ്ങളുടെ ധൈഷണിക ആചാര്യൻ.മാർക്സിസ്റ്റ് ദാർശനികതയുടെ എക്കാലത്തെയും മികച്ച പ്രചാരകൻ .കേരളീയ ജീവിതത്തെ അസാധാരണമാംവിധം രാഷ്ട്രീയവൽക്കരിക്കുകയും സാംസ്കാരിക വൽക്കരിക്കുകയും ചെയ്തയാൾ . ആദിശങ്കരന് ശേഷം കേരളം കണ്ട ഏറ്റവും ശക്തനായ താർക്കികൻ  ഇഎംഎസ് .അദ്ദേഹം ഓർമ്മയായിട്ട് ഇന്ന് രണ്ട് പതിറ്റാണ്ടുകളിലേറെയായിരിക്കുന്നു.

വള്ളുവനാടിൻറെ ഇരുണ്ട മണ്ണിൽ ജന്മിത്തവും ജാതി മേൽക്കോയ്മയും അതിന്റെ എല്ലാ അർത്ഥത്തിലും ഏകാധിപത്യ ത്തോടെ കൊടികുത്തി വാണിരുന്ന കാലത്ത് തറവാട്ടുമഹിമ വിട്ട് ജനങ്ങളിലേക്ക് ഇറങ്ങി സ്വാതന്ത്ര്യസമരത്തിലും നവോത്ഥാന പോരാട്ടങ്ങളിലും ഇടതുപക്ഷ കേരളത്തിൻറെ നിർമ്മാണത്തിലും ഇഎംഎസ് കേരളത്തെ നയിച്ചു.

കോൺഗ്രസ് – സോഷ്യലിസ്റ്റ് ഗ്രൂപ്പിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എത്തിയ ഇഎംഎസ് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി.ഐക്യ കേരളം പിറവിയെടുത്തപ്പോൾ കേരളം അതിൻറെ പ്രഥമ മുഖ്യമന്ത്രി സ്ഥാനത്ത് ഇഎംഎസിനെ അവരോധിച്ചു.

ലോകത്തിൽ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി .1957ലെ ഇഎംഎസ് മന്ത്രിസഭ കേരള മോഡൽ എന്ന് പിൽക്കാലത്ത് ലോകം മുഴുവൻ വാഴ്ത്തപ്പെട്ട വികസന വിപ്ലവത്തിന് അടിത്തറയിട്ടു.

ഭൂപരിഷ്കരണ നിയമം നടപ്പിലാക്കി സമത്വസുന്ദര ലോകം ദിവാസ്വപ്നം അല്ലെന്ന് മലയാളിയെ പഠിപ്പിച്ചു. ജാതിയും മതവും വലതുപക്ഷവും ചേർന്ന് വിമോചനസമരത്തിൽ കേന്ദ്രം കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ പുറത്താക്കിയപ്പോൾ രാഷ്ട്രീയത്തിൻ്റെ കെട്ടകാലത്തെ എങ്ങനെ മറികടക്കുമെന്ന് മലയാളികളെ അദ്ദേഹം പഠിപ്പിച്ചു.

1998 മാർച്ച് 19 ന് രാജ്യത്ത് ആദ്യമായി ബിജെപി അധികാരത്തിലേറിയ ദിവസം കാവ്യനീതി പോലെ ഇഎംഎസ് മലയാളികളുടെ മുറിയിൽ ചലനമറ്റു കിടന്നു. പുരോഗമന രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ നികത്താനാവാത്ത വിടവാണ് അദ്ദേഹത്തിൻറെ വിയോഗം എന്ന് രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിക്കും.സമകാലിക കേരളത്തിൽ അദ്ദേഹത്തിൻറെ ഓർമ്മകൾ പോലും കരുത്താണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here