കണ്ണില്ലാ ക്രൂരത, പൈപ്പ് കണക്ഷന്‍ വിച്ഛേദിച്ചു; രക്ഷപ്പെടാനുള്ള വാതിലുകളെല്ലാം അടച്ചശേഷം വീടിന് തീവച്ചു

ഇടുക്കി തൊടുപുഴയ ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീവെച്ചുകൊന്ന് പിതാവ്. മകൻ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്റ, അസ്ന എന്നിവരാണ് മരിച്ചത്. സ്വത്ത് തര്‍ക്കമാണ് തൊടുപുഴയില്‍ പിതാവ് മകനെയും കുടുംബത്തെയും തീകൊളുത്തിയ ക്രൂരമായി കൊലപ്പെടുത്താന്‍ കാണമായതെന്ന് പൊലീസ്. കൃത്യമായി ആസൂത്രണം നടത്തിയ ശേഷമായിരുന്നു പ്രതി കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. കിടന്നുറങ്ങുകയായിരുന്ന നാല് പേരുടെയും ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച പ്രതി തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വാതിലുകളെല്ലാം പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു. വീട്ടിലെയും സമീപ വീട്ടിലെയും വൈദ്യുതി വെള്ള കണക്ഷനുകള്‍ പ്രതി വിച്ഛേദിച്ചിരുന്നു. ഫൈസലിന്റെ മക്കള്‍ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്ന് അയല്‍വാസിയായ രാഹുല്‍ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കേറിയെങ്കിലും രക്ഷിക്കാനായില്ല. പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും കണ്ടതായി രാഹുല്‍ മൊഴി നല്‍കി. തുടര്‍ന്ന് ബന്ധുവീട്ടിലെത്തിയ ഹമീദ് താന്‍ മകനെയും കുടുംബത്തെയും തീവെച്ച വിവരം അറിയിക്കുകയായിരുന്നു.

ഹമീദും മകന്‍ ഫൈസലും തമ്മില്‍ ഏറെക്കാലമായി സ്വത്ത് തര്‍ക്കം നിലനിന്നിരുന്നു. തൊടുപുഴയിലായിരുന്നു പ്രതിയും മകനും കുടുംബവും താമസിച്ചിരുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രതി തൊടുപുഴയില്‍ നിന്ന് മണിയന്‍കുടിയിലേക്ക് താമസം മാറ്റി. ആ സമയത്ത് ഏകദേശം 50 സെന്റോളം സ്ഥലം മകന്റെ പേരില്‍ എഴുതി നല്‍കിയിരുന്നു. 2018 ഹമീദ് തിരികെ തൊടുപുഴയിലെത്തുകയും ആ സ്വത്ത് തിരികെ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു ഇതോടെയാണ് ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ആരംഭിച്ചത്. പ്രദേശത്തെ പഞ്ചായത്ത് അംഗം ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഫൈസലും കുടുംബവും മറ്റൊരു വീട്ടിലേക്ക് താമസം മാറാന്‍ തീരുമാനമായി. ഈ വീട്ടിലേക്കുള്ള വീട്ടുപകരണങ്ങള്‍ ഉള്‍പ്പടെ ഫൈസല്‍ വാങ്ങിയിരുന്നു. നോമ്പ് കാലത്തിന് ശേഷം മാറാനായിരുന്നു ഫൈസല്‍ തീരുമാനിച്ചത്. എന്നാല്‍ അതിനിടെയാണ് ക്രൂരമായ കൊലപാതകം.

ഒരുകാരണവശാലും തന്റെ മകനും പേരക്കുട്ടികളും ഭാര്യയും രക്ഷപ്പെടരുത് എന്ന ലക്ഷത്തോടെയാണ് ഹമീദ് കൊലപാതകം ആസൂത്രണം ചെയ്തത്. പുതിയ വീട്ടില്‍ സമാധാനത്തോടെ താമസിക്കാന്‍ ഫൈസലിനെയും കുടുംബത്തെയും താന്‍ സമ്മതിക്കില്ലെന്ന് ഹമീദ് പലരോടും പറഞ്ഞിരുന്നു. എന്നാല്‍ പ്രായമുള്ള ഇയാളുടെ ഭീഷണികള്‍ ആരും കാര്യമായി എടുത്തിരുന്നില്ല.

പുറത്തേക്ക് രക്ഷപ്പെടാനുള്ള വാതിലുകളെല്ലാം പ്രതി അടച്ചിരുന്നു. തീപിടിച്ചാല്‍ വെള്ളം ഉപയോഗിച്ച് അണക്കാതിരിക്കാന്‍ വീട്ടിലേക്കുള്ള പൈപ്പ് കണക്ഷനും പ്രതി വിച്ഛേദിച്ചിരുന്നു. പെട്രോള്‍ ഇയാള്‍ നേരത്തെയേ വീട്ടില്‍ കരുതിയിരുന്നു. നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News