രാജ്യസഭ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെ.സുധാകരന് വന്‍ തിരിച്ചടി

രാജ്യസഭ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെ.സുധാകരന് തിരിച്ചടി.കെ.സുധാകരന്‍ നിര്‍ദേശിച്ച എം.ലിജുവിനെ തഴഞ്ഞു.എം.ലിജുവിന് തിരിച്ചടിയായത് കെ സി വേണുഗോപാലിന്റെയും വി ഡി സതീശന്റെയും നീക്കങ്ങള്‍.

കെസി വേണുഗോപാലിനെതിരെ ഒളിയമ്പുമായി കെ.മുരളീധരന്‍ രംഗത്ത്.സോഷ്യല്‍ മീഡിയ വഴി പാര്‍ട്ടി നേതാക്കളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു.

അവസാന നിമിഷം വരെ എം.ലിജുവിനായി കെ.സുധാകരന്‍ നടത്തിയ നീക്കങ്ങളാണ് ജെബി മേത്തറിനെ പ്രഖ്യാപിച്ചതോടെ പൊളിഞ്ഞത്. മാത്രമല്ല എ ഗ്രൂപ്പിനെ പോലും ഞെട്ടിച്ചുകൊണ്ടാണ് ജെബി മേത്തറുടെ സ്ഥാനലബ്ധി. ജെയ്‌സണ്‍ ജോസഫ്, സോണി സെബാസ്റ്റ്യന്‍ എന്നിവരെയാണ് എ ഗ്രൂപ്പ് മൂന്നോട്ടുവച്ച പേരുകള്‍. കൂടാതെ എംഎം ഹസനും പരിഗണനയില്‍ ഉണ്ടായിരുന്നു.

പക്ഷേ ലിജുവിനായുള്ള സുധാകരന്റെ നീക്കം തടയാന്‍ കെ സി വേണുഗോപാലും വി ഡി സതീശനും ജെബിയെ മറയാക്കി എന്നതാണ് വാസ്തവം.

കെ സി.വേണുഗോപാലിന്റെ അതിരുകടന്ന ഇടപെടലില്‍ രോഷമുള്ള നേതാക്കളെ കൂടുതല്‍ പ്രകോപിപ്പിക്കുന്നതാണ്. ഈ അതൃപ്തി കെ.മുരളീധരന്റെ ഒളിയമ്പിലുണ്ട്.

അതേസമയം ജെബി മേത്തറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ കെസി വേണുഗോപാലും വിഡി സതീശനും എതിരെ രൂക്ഷമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ഉയരുന്നത്.സോഷ്യല്‍ മീഡിയ വഴി പാര്‍ട്ടി നേതാക്കളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ തുറന്നടിച്ചു.

യുവ നേതാവെന്നതും മഹിളാ കോണ്‍ഗ്രസ് പ്രതിനിധി എന്നതും ജെബി മേത്തറിനെ പരിഗണിച്ചതില്‍ കാരണമായി പറയുന്നുണ്ടെങ്കിലും എം.ലിജുവിനെ തഴഞ്ഞത് സുധാകരന് ക്ഷീണമായി.കൂടാതെ ഔദ്യോഗിക ചേരിയില്‍ വലിയ വിള്ളല്‍ വീഴ്ത്താനും തീരുമാനം കാരണമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here