ജെബി മേത്തറുടെ സ്ഥാനാര്‍ത്ഥിത്വം ; സുധാകരനും ടീമിനും നിരാശ, കോണ്‍ഗ്രസിനുള്ളില്‍ ഇനി എന്ത് പുകില്…?

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ കോണ്‍ഗ്രസിനുള്ളില്‍ പടലപിണക്കങ്ങളുടെയും ഗ്രൂപ്പ് ചേരിയുടേയും ഘോഷയാത്രയാണ്.കെ സുധാകരന്‍, വി ഡി സതീശന്‍ , കെ സി വേണുഗോപാല്‍ എന്നിവരുടെ കണക്കു കൂട്ടലുകള്‍ എത്തിച്ചേര്‍ന്നത് അവസാനം ഹൈക്കമാന്‍ഡിനു മുന്നില്‍.

എം.ലിജു സ്ഥാനാര്‍ത്ഥിയായേക്കും എന്നായിരുന്നു പലകോണുകളില്‍ നിന്ന് വന്ന പ്രതികരണങ്ങളിലൂടെയുള്ള സ്ഥിരീകരണം. ലിജുവിനായി കെ.സുധാകരൻ നേരിട്ട് ഡൽഹിയിൽ സമ്മർദം ചെലുത്തിയ കാ‍ഴ്ചയും മാധ്യമങ്ങളില്‍ ഇടം നേടി.

സംസ്ഥാനത്ത് ചർച്ച നടത്തുന്നതിന് മുൻപ് എം.ലിജുവിനായി കെ.സുധാകരൻ നേരിട്ട് ഡൽഹിയിൽ സമ്മർദം ചെലുത്തിയത് ശരിയായില്ലെന്ന വിമർശനം ശക്തമായതും ഹൈക്കമാന്‍ഡിനു മുന്നില്‍ പാനൽ സമർപ്പിക്കുന്നതിലേക്ക് എത്തിച്ചു. കെ സി വേണുഗോപാലിന്റെയും വി ഡി സതീശന്റെയും നീക്കങ്ങളാണ് എം.ലിജുവിന് തിരിച്ചടിയായത്.

ജെബി മേത്തർ, എം.ലിജു, ജെയ്സൻ ജോസഫ് എന്നിവരാണ് പട്ടികയില്‍ ഇടം നേടിയിരുന്നത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് പട്ടിക ഹൈക്കമാൻഡിന് കൈമാറിയത്. രാജ്യസഭയിലേക്കുള്ള ഒരു സീറ്റിലേക്ക്, ഡസനിലേറെ പേരുകൾ ഉയർന്ന് സമവായമാകാതെ ചർച്ചകൾ നീണ്ടതോടെയാണ് കെപിസിസി നേതൃത്വം ഹൈക്കമാൻഡിന് പട്ടിക കൈമാറിയത്.

കെ.സുധാകരന്റെ നോമിനികളായി എം.ലിജു, ജെ.ജയന്ത്, വി.ഡി.സതീശന്റെ മനസ്സിലുള്ള വി.എസ്.ജോയി, ജെബി മേത്തർ, കെ.സി.വേണുഗോപാലിന്റെ നോമിനിയായി ജോൺസൻ എബ്രഹാം, എ ഗ്രൂപ്പ് മുന്നോട്ടുവച്ച ജെയ്സൻ ജോസഫ്, സോണി സെബാസ്റ്റ്യൻ തുടങ്ങിയവരുടെ പേരുകളാണ് പട്ടിക കൈമാറുന്നതിന് തൊട്ടുമുൻപ് വരെ സജീവമായി പരിഗണിക്കപ്പെട്ടിരുന്നത്.

ജ്യോതി വിജയകുമാറിനെയോ ഷമ മുഹമ്മദിനെയോ ഹൈക്കമാൻഡ് പരിഗണിക്കുമെന്നും സൂചനയുണ്ടായിരുന്നു. തോറ്റവരെ മാറ്റിനിർത്തുന്നത് ഉൾപ്പെടെ മാനദണ്ഡങ്ങൾ കേരളത്തിൽ ചർച്ച ചെയ്തു അന്തിമമാക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചിരുന്നെങ്കിലും സമവായമായിരുന്നില്ല. രാജ്യസഭ സീറ്റിനായി ഒരു ഭാഗത്ത് കെ വി തോമസും സമ്മർദ്ദം ചെലുത്തിയിരുന്നതായാണ് വിവരം . ഇതുമായി ബന്ധപ്പെട്ട് എഐസിസി ആസ്ഥാനത്തെത്തി താരിഖ് അൻവറുമായി കെ വി തോമസ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

മുല്ലപ്പള്ളി രാമചന്ദ്രനും ചെറിയാൻ ഫിലിപ്പും വരെ അവസാന നിമിഷം വരെ രാജ്യസഭാ സീറ്റിനായി കളത്തിലുണ്ടായിരുന്നു. പിന്നോക്ക വിഭാഗത്തിൽ നിന്നും ഒരാൾ വേണമെങ്കിൽ പന്തളം സുധാകരനാകട്ടെയെന്ന് ചിലര്‍. യുവനേതാക്കളിൽ വി ടി ബൽറാമിനും എം ലിജുവിനും വേണ്ടിയുമുള്ള കരുനീക്കങ്ങളും സജീവമായിരുന്നു.ഷാനിമോൾ ഉസ്മാൻ,ബിന്ദു കൃഷ്ണ എന്നിവരിൽ ഒരാൾക്കും നറുക്ക് വീ‍ഴാന്‍ സാധ്യയുണ്ടെന്നും അവസാന നിമിഷം വരെ റിപ്പോര്‍ട്ടുകള്‍ വന്നു.

മന്ത്രി പദവിയുൾപ്പെടെ വഹിച്ചവർ പിന്മുറക്കാർക്കായി വഴിമാറി കൊടുക്കണമെന്ന് പറഞ്ഞ് പിജെ കുര്യനും രംഗത്തെത്തി.നിയമസഭയിൽ തോറ്റത് രാജ്യസഭയിലേക്ക് മത്സരിക്കുന്നതിൽ അയോഗ്യതയല്ലെന്നും പിജെ കുര്യൻ തുറന്നടിച്ചു.

ജെബി മേത്തറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ കെസി വേണുഗോപാലിനും വിഡി സതീശനും എതിരെ രൂക്ഷ വിമര്‍ശനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ഉയരുന്നത്.സോഷ്യല്‍ മീഡിയ വഴി പാര്‍ട്ടി നേതാക്കളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ തുറന്നടിച്ചു.

എന്നാല്‍ ജെബി മേത്തറെ രാജ്യസഭാ സ്ഥാനാർഥിയായി തെരഞ്ഞെടുത്ത കോൺഗ്രസ് നേതൃത്വത്തെ അഭിനന്ദിച്ച് നിർമാതാവ് ആന്‍റോ ജോസഫും രംഗത്തെത്തി. ജെബി മേത്തറെ രാജ്യസഭാ സ്ഥാനാർഥിയാക്കുമ്പോൾ കോൺഗ്രസ് കാലത്തിന്‍റെ ചുവരെഴുത്ത് വായിക്കുന്നതായും, തുല്യതയുടെയും പുതിയ തലമുറയ്ക്കുള്ള വഴിയൊരുക്കലിന്‍റെയും സന്ദേശം ഈ തീരുമാനത്തിലൂടെ നൽകുന്നതായും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആന്‍റോ ജോസഫ് പറയുന്നു.

യുവ നേതാവെന്നതും മഹിളാ കോണ്‍ഗ്രസ് പ്രതിനിധി എന്നതും ജെബി മേത്തറിനെ പരിഗണിച്ചതില്‍ കാരണമായി പറയുന്നുണ്ടെങ്കിലും എം.ലിജുവിനെ തഴഞ്ഞത് സുധാകരന് ക്ഷീണമായി.കൂടാതെ ഔദ്യോഗിക ചേരിയില്‍ വലിയ വിള്ളല്‍ വീഴ്ത്താനും തീരുമാനം കാരണമാകും.

അന്തിമ തീരുമാനം വന്നതോടെ വീണിടത്ത് കിടന്ന് പല നേതാക്കളും ഉരുളുന്ന കാ‍ഴ്ചയാണ് കാണാനാകുന്നത്. ജെബി മേത്തർ അപ്രതീക്ഷിത സ്ഥാനാർത്ഥിയല്ലെന്നാണ് ഇപ്പോള്‍ കെ സുധാകരൻ പറയുന്നത്.

പല നേതാക്കളും കണ്ടത് ദിവാ സ്വപ്നമായിരുന്നവെന്ന് തെളിഞ്ഞു ക‍ഴിഞ്ഞിരിക്കുകയാണ്. ഇനി ഗ്രൂപ്പ് പോരും ചേരി തിരിഞ്ഞുള്ള ആക്രമണങ്ങളും കോണ്‍ഗ്രസിനുള്ളില്‍ രൂക്ഷ മാകുമെന്ന കാര്യത്തില്‍ സംശയമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News