ADVERTISEMENT
കാഴ്ചപരിമിതര്‍ ഉള്‍പ്പെടെയുള്ളവരെ കരുതലോടെ മുന്നോട്ടുകൊണ്ടുപോകാന്‍ ദീര്‍ഘകാല വീക്ഷണത്തോടെയുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്ന് പൊതുഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കാഴ്ചപരിമിതര്‍ക്കായുള്ള വഴുതക്കാട് സര്‍ക്കാര്‍ വിദ്യാലയത്തിന്റെ 65-ാമത് വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി ആന്റണി രാജു.
പരിമിതികള്‍ക്കിടയിലും മികച്ച നേട്ടങ്ങളാണ് പലരും കരസ്ഥമാക്കുന്നത്. അവരെ കൈപിടിച്ചുയര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമയാണ്. വകുപ്പ് തലത്തിലും സര്‍ക്കാര്‍ തലത്തിലും കാഴ്ചപരിമിതര്‍ക്കായി നിരവധി പദ്ധതികള്‍ നടത്തി വരുന്നു. കാഴ്ച പരിമിതി വിദ്യാലയത്തില്‍ നൂതന സാങ്കേതിക വിദ്യകളുടെയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടേയോ അഭാവമോ ആവശ്യമോ ഉണ്ടെങ്കില്‍ അത് നടപ്പാക്കാന്‍ പ്രഥമ പരിഗണന നല്‍കുമെന്ന് പറഞ്ഞ മന്ത്രി പ്രസിലേക്കുള്ള ബ്രെയ്ല്‍ മെഷീന്‍ വാങ്ങുന്നതിനായി 13 ലക്ഷം രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ചതായി പ്രഖ്യാപിച്ചു.
നീണ്ടകാലത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പ്രഥമാധ്യപകനെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാര വിതരണവും മന്ത്രി നിര്‍വഹിച്ചു. ഈ വര്‍ഷത്തെ റേഡിയോ ക്ലബ്ബിന്റെയും സര്‍ഗ്ഗവേളയുടേയും സമാപനത്തിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. കൗണ്‍സിലര്‍ രാഖി രവികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.