കൈരളി ടിവി ജ്വാല യുവസംരംഭകർക്കുള്ള പുരസ്കാരം ത്രീ വീസിന്; അഭിമാനമായി വര്‍ഷയും വൃന്ദയും വിസ്മയയും

കൈരളി ടിവി യുവസംരംഭകർക്കുള്ള ജ്വാല പുരസ്കാരം അപൂർവ സഹോദരങ്ങൾക്ക്. കായം മലയാളികൾക്കു തലമുറകളായി ഒ‍ഴിച്ചുകൂടാനാകാത്ത ഒന്നാണ്. എന്നിട്ടും, കായത്തിന്റെ കഥ തേടി ആരും പോയില്ല. രണ്ടര കൊല്ലം മുമ്പ് ഒരു പെൺകുട്ടി അതു ചെയ്തു. ആ കഥയ്ക്ക് ഒരു കഥാശേഷവും കണ്ടെത്തി.

ആ കഥാശേഷത്തിന്റെ തലക്കെട്ടാണ് “ത്രീ വീസ്”. ഈ മിടുക്കി കളമശ്ശേരിയിലെ വർഷ. പഠിപ്പു ക‍ഴിഞ്ഞപ്പോൾ ജോലിക്കുപോകാതെ കച്ചവടം തുടങ്ങാൻ തീരുമാനിച്ചു. എന്തു വില്ക്കും എന്ന ചോദ്യത്തിന് കണ്ടെത്തിയ ഉത്തരമായിരുന്നു “കായം”. കായം നക്ഷത്രപദവിയുള്ള ഒരു വില്പനവസ്തുവല്ല.

ഒരു കാലത്ത് തമി‍ഴ് കച്ചവടക്കാർ “പെരുംകായം, പെരുംകായം” എന്നു വിളിച്ചുപറഞ്ഞ് വീടു കയറി വിറ്റിരുന്നതാണത്. കായം വരുന്നതും, കായം കമ്പനിക്കാർ പരസ്യത്തിനായി വിതരണം ചെയ്യുന്നതുമായ തുണിസഞ്ചി, “കായസഞ്ചി”. അത് പരിഷ്കാരമില്ലായ്മയുടെ അടയാളമായി പരിഹാസം ഏറ്റുവാങ്ങിയ കാലംപോലുമുണ്ടായിരുന്നു.

വില്ക്കാൻ, താരപദവിയില്ലാത്ത ആ ഉല്പന്നം കണ്ടെടുത്ത് വർഷ വ്യത്യസ്തയായി.കായം മലയാളിയല്ല. വിദേശിയാണ്. ഒരു ചെടിയുടെ കറ. കു‍ഴമ്പുപരുവത്തിൽ ദില്ലിയിലെ ഇടനിലക്കാർ വ‍ഴി അഫ്ഘാനിസ്താനിലും ഇറാനിലുമൊക്കെനിന്ന് വരുന്നു. മുംബൈയിലും ചെന്നൈയിലുമൊക്കെ സംസ്കരിക്കുന്നു. എല്ലാ മലയാളി വീട്ടിലേയ്ക്കും മഞ്ഞക്കടലാസുടുപ്പിട്ട് കടന്നുവരുന്നു.കായത്തിന്റെ ഈ കഥയിൽനിന്ന്, “കേരളത്തിൽ സംസ്കരിച്ച കായം” എന്ന കഥാശേഷം കണ്ടെത്തുന്നു വർഷ.

പിറവത്തെ അഗ്രോ പാർക്കിൽപ്പോയി കായം സംസ്കരണം പഠിക്കുന്നു. കേരളീയർക്കു പ്രിയപ്പെട്ട രുചിയും മണവും തരവുമുള്ള “ത്രീ വീസ് കായം” ജനിക്കുന്നു. 2019 ജൂലായിൽ വാടക വീട്ടിലെ ഒറ്റമുറിയിൽ തുടക്കം. രണ്ടു ലക്ഷം രൂപ മുതൽമുടക്ക്. കൂടെ ജോലി ചെയ്യാൻ അച്ഛനമ്മമാരായ പ്രശാന്തും സരളയും അനുജത്തിമാരായ വിസ്മയയും വൃന്ദയും.

ത്രീ വീസ് കായം ക്ലിക്ക് ചെയ്തു. ത്രീ വീസിന് ഇന്ന് 20-ലേറെ ഉല്പന്നങ്ങൾ. കറിപ്പൊടികൾമുതൽ പ്രഭാതപലഹാരങ്ങൾക്കുള്ള പൊടിക്കൂട്ടുകൾവരെ. ഏറ്റവും പുതിയ ഉല്പന്നം “ബനാനാ ഫിഗ്” – തേനിൽ മുക്കിയുണക്കിയ വാ‍ഴപ്പ‍ഴം. ത്രീ വീസിന് ഇന്ന് അരക്കോടിയുടെ ആസ്തിയുണ്ട്. 20 സ്ഥിരം ജോലിക്കാരുണ്ട്.

80-ലധികം പരോക്ഷജോലിക്കാരുണ്ട്. മാസാമാസം കാൽക്കോടി വിറ്റുവരവുണ്ട്. കേരളത്തിലും മുംബൈയിലും വില്പനയുണ്ട്. സപ്ലൈകോ, കണ്‍സ്യൂമർ ഫെഡ്, ത്രിവേണി എന്നിവയുടെ രണ്ടായിരത്തിലധികം ഔട്ട്ലെറ്റുകളിലും ആമസോണിലും ഫ്ലിപ്കാർട്ടിലും ഇന്ത്യാമാർട്ടിലും സാന്നിധ്യമുണ്ട്. ആഗോളവിപണിയിലേയ്ക്ക് കടക്കലാണ് വർഷ-വൃന്ദ-വിസ്മയമാരുടെ അടുത്ത ലക്ഷ്യം.

 വർഷ എംബിഎക്കാരിയെങ്കിൽ വിസ്മയ സിഎ ഫൈനൽ ഇയർകാരി. വൃന്ദ ബിബിഎക്കാരി. എൻജിനിയറുടെയും ബികോംകാരിയുടെയും മക്കൾ. ആറക്കശമ്പളജോലി സ്വപ്നം കാണാവുന്ന ഇവരാണ് സ്റ്റാർട് അപ്പുകാരായി മാറിയത്.

ഇവർ ആകാശപ്പക്ഷികളുടെ ഹൃദയങ്ങളുള്ള പെൺകരുത്തുകൾ; ഇവർക്കു പക്ഷേ ചിറകുകൾ നല്കിയത്, കുഞ്ഞുങ്ങളെ സ്വപ്നം കാണാൻ പഠിപ്പിക്കുന്ന നവകേരളമാണ്. അതെ, വർഷ-വൃന്ദ-വിസ്മയമാർ അക്ഷരാർത്ഥത്തിൽ മാറുന്ന കേരളത്തിന്റെ മക്കളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News