മുഖ്യധാരായുവസംരംഭകയ്ക്കുള്ള കൈരളി ജ്വാലാ പുരസ്കാരം അനു ജോസഫിന്

മുഖ്യധാരായുവസംരംഭകയ്ക്കുള്ള കൈരളി ജ്വാലാ പുരസ്കാരം അനു ജോസഫിന്. കേരളത്തിലെ ആദ്യത്തെ “ചീസ്” നിർമ്മാതാവ് ആര്? ആ ചോദ്യം പിഎസ്‌സി പരീക്ഷാർത്ഥികൾ പഠിച്ചു തുടങ്ങിയിട്ടില്ല. പക്ഷേ, ആ ചോദ്യവും അതിന്റെ ഉത്തരവും കേരളം ഉരുവിടുന്ന കാലം വിദൂരമല്ല.
കേരളത്തിന് ഒരു ചീസ് നിർമ്മാതാവുണ്ട്. തൃശ്ശൂരെ കാട്ടൂർ സ്വദേശിയായ അനു ജോസഫ്. അനുവിന്റെ “കസാറോ ക്രമറി”, ചരിത്രത്തിൽ ഇടം പിടിക്കുകയാണ്.

ബയോ മെഡിക്കൽ എൻജിനീയറാണ് അനു. സോഫ്റ്റ് വെയർ ഡെവലപ്പിംഗാണ് ചെയ്തു പരിചയമുള്ള ജോലി. കല്യാണത്തിനു ശേഷം അമേരിക്കയിലേയ്ക്കു പോയി. ഭർത്താവ് ജോസഫ് പാലത്തിങ്കൽ തിരിച്ച് നാട്ടിലേയ്ക്കു പോന്നപ്പോൾ മടങ്ങി.

ഇനി നാട്ടിൽ ഒരു ബിസിനസ് – അതായിരുന്നു ജോസ്ഫ്-അനു ദമ്പതികളുടെ തീരുമാനം. ജോസഫ് മെഡിക്കൽ ഉപകരണക്കച്ചവടം തുടങ്ങി.
അമേരിക്കയിൽ അനുവിനു പ്രിയപ്പെട്ട ഭക്ഷണം ചീസായിരുന്നു. അവിടത്തെ നാട്ടിൻപുറങ്ങളിൽ അലഞ്ഞ് പല രുചിയുള്ള ചീസ് വിഭവങ്ങൾ രുചിച്ചിരുന്നു.

ഉണ്ടാക്കാനും പഠിച്ചിരുന്നു. നാട്ടിലെത്തിയപ്പോൾ വീട്ടിൽ ചീസുണ്ടാക്കിയിരുന്നു. അത് വേണ്ടപ്പെട്ടവർക്കു വിളമ്പിയിരുന്നു. അതു രുചിച്ച ഒരു ബന്ധുവാണ് ചീസ് ബിസിനസ് തുടങ്ങൂ എന്നുപദേശിച്ചത്.
കേരളത്തിൽ ചീസ് നിർമ്മാതാക്കളില്ല.

കൂനൂരും പുതുച്ചേരിയിലും പോയി അനു വ്യാവസായിക ചീസ് നിർമ്മാണം കണ്ടു. കാട്ടൂരെ വീട്ടിലെ അടുക്കളയിൽനിന്ന് ചീസ് വില്പന തുടങ്ങി. അമേരിക്കൻ ഗ്രാമങ്ങളിലുണ്ടാക്കുന്ന നാടൻ ചീസ്. പിന്നെ 650 ചതുരശ്ര അടിയുള്ള നിർമ്മാണശാലയിലേയ്ക്കു മാറി.

6 ലക്ഷം മുതൽ മുടക്ക്. നാലു കൊല്ലം പിന്നിട്ടിരിക്കുന്നു. മുതൽ മുടക്ക് 35 ലക്ഷമായി. സ്ഥാപനം 3000 ചതുരശ്ര അടിയായി. 18 ജോലിക്കാരായി. 15 ഇനം ഉല്പന്നങ്ങളായി. ഇപ്പോൾ, 85 ലക്ഷം വാർഷികവരുമാനം. കേരളമാകെ വില്പന. ഒപ്പം, ബംഗളൂരുവിലും കൊൽക്കത്തയിലും കോയമ്പത്തൂരും. ദിവസം 250 ലിറ്റർ പാൽ ചീസാക്കുന്നു. കാട്ടൂരിലെ ഒരു ഫാമിന് അത്രയും നിത്യവില്പനയ്ക്ക് അവസരമൊരുക്കുന്നു.

കസാറോ ക്രമറി പറയുന്നത് ഒരു കച്ചവടത്തിന്റെ വിജയകഥയല്ല. ലോകാനുഭവമുള്ള ഒരു മലയാളിയുവതി മലയാളക്കരയെ ലോകരുചികളിലേയ്ക്കു നയിച്ചതിന്റെ കഥയാണ്. കാട്ടൂർ എന്ന ഗ്രാമത്തിലെ ഒരടുക്കളയിൽനിന്നു തുടങ്ങിയ ഒരു പെൺജൈത്രയാത്രയുടെ കഥയാണ്.

കേരളം കണ്ണുതുറന്നു കാണേണ്ട മറ്റൊരു “അടുക്കളയിൽ നിന്ന് അരങ്ങത്തേ”യ്ക്കാണ്. “അനശ്വരതയിലേയ്ക്കുള്ള, പാലിന്റെ കുതിപ്പാണ് ചീസ്” എന്നൊരു ചൊല്ലുണ്ട്. സാർവ്വദേശീയതയിലേയ്ക്കുള്ള, മലയാളിയുടെ കുതിപ്പാണ് “കസാറോ ക്രമറി”.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here