കൈരളി ടിവിയുടെ അഞ്ചാമത് ജ്വാല പുരസ്കാരം വിതരണം ചെയ്തു

യുവ വനിതാ സംരംഭകർക്കുള്ള കൈരളി ടിവിയുടെ അഞ്ചാമത് ജ്വാല പുരസ്കാരം വിതരണം ചെയ്തു. കൊച്ചി റാഡിസൺ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വിവിധമേഖലകളില്‍ കരുത്ത് തെളിയിച്ച വനിതക‍ള്‍ക്കുള്ള 4 പുരസ്കാരങ്ങളാണ് വിതരണം ചെയ്തത്. ജീവിതയാഥാര്‍ത്ഥ്യങ്ങളെ സധൈര്യം നേരിട്ടും വെല്ലുവിളികളെ ഏറ്റെടുത്തും  വിജയം കൈവരിച്ച വനിതകള്‍ക്കാണ് കൈരളി ജ്വാലാ പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.

മുഖ്യധാരാ യുവ സംരംഭകയ്ക്കുള്ള പുരസ്കാരം കേരളത്തിലെ ആദ്യ ചീസ് നിർമ്മാതാവായ അനു ജോസഫ് കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാറില്‍ നിന്നും ഏറ്റുവാങ്ങി. തൃശൂര്‍ കാട്ടൂരിലുള്ള വീട്ടിലെ അടുക്കളയില്‍ തുടങ്ങിയ അനുവിന്‍റെ ചീസ് നിര്‍മാണം ഇന്ന് 80 ലക്ഷം വിറ്റു വരവുള്ള സ്ഥാപനമാണ്.

സമൂഹികോന്മുഖ പുരസ്കാരം ടെക്നോപാർക്കിലെ 13 പേരടങ്ങുന്ന വനിതാ ഐടി കൂട്ടായ്മയായ വിയുടെ സാരഥികൾക്ക് മഹാനടന്‍ മമ്മൂട്ടി സമ്മാനിച്ചു. രണ്ടായിരത്തോളം വനിതകള്‍ക്ക് പരിശീലനവും മാനസിക പിന്തുണയുമടക്കം നല്‍കി മുന്‍നിരയിലേക്ക് കൊണ്ടുവന്ന കൂട്ടായ്മയാണ് വി.

നവാഗത സംരംഭകർക്കുള്ള പുരസ്കാരം കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന 3 വീസിന്‍റെ സാരഥികളായ വർഷ, വൃന്ദ, വിസ്മയ എന്നിവർക്ക് സമ്മാനിച്ചു.  കായം വില്‍പ്പനയില്‍ തുടങ്ങിയ ത്രീ വീസ് ഇന്ന് വിവിധ കറിപ്പൊടികളുടെയടക്കം ഓണ്‍ലൈന്‍ വ്യാപാരത്തിലും മികച്ച നേട്ടമുണ്ടാക്കുന്നു.

മലയാളം കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ് ചെയർമാനും മലയാളത്തിന്‍റെ മഹാനടനുമായ മമ്മൂട്ടി നൽകുന്ന പ്രത്യേക പുരസ്കാരം കേരളത്തിലെ ആദ്യത്തെ വനിതാ ചെത്തു തൊഴിലാളിയായ ഷീജയ്ക്ക് സമ്മാനിച്ചു.

ചടങ്ങില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്,  മലയാളം കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ്   ചെയര്‍മാന്‍ മമ്മൂട്ടി, മലയാളം കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്എംപി, കൊച്ചി മേയര് അഡ്വ. എം അനില്‍ക്കുമാര്‍, ജി സി ജയരാഘവന്‍, ലക്ഷ്മി മേനോന്‍, സികെ കരുണാകരന്‍, എംഎം മോനായി, മൂസ മാസ്റ്റര്‍ ‍  തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here