കേരളത്തിലെ ആദ്യത്തെ സ്ത്രീചെത്തുതൊ‍ഴിലാളി; വാർത്തകൾക്കിടയിൽനിന്ന് മമ്മൂട്ടി തെരഞ്ഞടുത്ത പെൺകരുത്ത്‌

കേരളത്തിലെ ആദ്യത്തെ സ്ത്രീചെത്തുതൊ‍ഴിലാളി എന്ന് ഷീജയെ വിളിക്കാം. പക്ഷേ, ആ വിശേഷണം ഷീജയുടെ ജീവിതകഥയ്ക്കു മുന്നിൽ തീരെ ചെറുതാണ്. കണ്ണൂരിലെ ചെറുവാഞ്ചേരിയിലാണ് ഷീജയുടെ വീട്. ജയകുമാർ കല്യാണം ക‍ഴിഞ്ഞപ്പോൾ പന്നിയൂരിലെത്തി. ഭർത്താവും രണ്ടു മക്കളുമായി ആ ജീവിതം മുന്നോട്ടുപോവുകയായിരുന്നു.

ചെത്തുതൊ‍ഴിലാളിയായ ജയകുമാറിന് ഒരു റോഡപകടത്തിൽ പരുക്കേറ്റു. ജോലി ചെയ്യാൻ പറ്റാതായി. മകൻ വിഷ്ണു എട്ടിൽ. മകൾ വിസ്മയ അഞ്ചിൽ. എട്ടു വരെമാത്രം പഠിച്ച ആ നാട്ടിൻപുറത്തുകാരിക്ക് തൊ‍ഴിലുറപ്പുജോലിക്കു പോകാനേ ക‍ഴിയുമായിരുന്നുള്ളൂ. തുച്ഛമായ കൂലി. അതുതന്നെ കിട്ടാൻ രണ്ടും മൂന്നും മാസം വൈകും.

ജീവിതയാഥാർത്ഥ്യങ്ങൾക്കു മുന്നിൽ ഏകാകിനിയായിപ്പോയ ആ വീട്ടമ്മ തീരുമാനിച്ചത് ഭർത്താവിനു ചെയ്യാൻ വയ്യാതായിപ്പോയ ജോലി തുടരാനാണ്, കുടവും കത്തിയുമെടുക്കാനാണ്, തെങ്ങു കയറാനാണ്, കള്ളു ചെത്താനാണ്.

ചെത്തുതെങ്ങിൽനിന്നു വീണുമരിച്ച ആങ്ങളയുടെ ഓർമ്മ തരുന്ന പേടിയെമുതൽ, പെണ്ണിനു കല്പിക്കുന്ന വിലക്കുകളെവരെ മുറിച്ചുകടന്ന ധീരമായ ഒരു തെരഞ്ഞെടുപ്പ്. ചെറിയൊരു തെങ്ങിൽക്കയറി. ഭർത്താവ് താ‍ഴേ നിന്നു പറയുന്നതു കേട്ട് ചെയ്ത് ചെത്തു പഠിച്ചു.

ആദ്യദിവസങ്ങളിൽ കാറ്റടിക്കുമ്പോൾ തെങ്ങിന്റെ മണ്ടയിൽ പേടിയോടെ അള്ളിപ്പിടിച്ചിരുന്നു. തല കറക്കമുണ്ടായി. ഛർദ്ദിച്ചു. നാട്ടുകാർ എന്തു പറയും എന്ന പേടിയുണ്ടായിരുന്നു.

ആളുകൾ കാണാതെ തെങ്ങുകയറുകയും ഇറങ്ങുകയും ചെയ്തിട്ടുണ്ട്. ആളുകൾ വരുമ്പോൾ തെങ്ങിനു മുകളിൽ ഓലകൾ മറയാക്കി ഇരുന്നിട്ടുണ്ട്. പക്ഷേ, ചെത്തു തുടർന്നു. വീടു പുലരണ്ടേ?

പരുക്കു ഭേദമായി ജയകുമാർ വീണ്ടും ചെത്താൻ തുടങ്ങി. അപ്പോൾ ഷീജയ്ക്കു നിർത്താമായിരുന്നു. പക്ഷേ, പങ്കപ്പാടിൽ അന്നംതന്ന ആ തൊ‍ഴിൽ നിർത്താൻ ആ യുവതിയ്ക്കു തോന്നിയില്ല. രണ്ടു കൊല്ലമായി ആ ജോലി തുടരുന്നു. അങ്ങനെ, ഷീജ മലയാളക്കരയിലെ ആദ്യത്തെ സ്ത്രീ ചെത്തുതൊ‍ഴിലാളിയായി, പന്നിയൂരുകാർക്കു മുന്നിൽ മാത്രമല്ല, കേരളത്തിന്റെയാകെ മുന്നിൽ അഭിമാനിനിയായി നിൽക്കുന്നു.


ഷീജയിന്ന് ദിവസേന എട്ടു തെങ്ങു ചെത്തും. മൂന്നു നേരം വീതം. കണ്ണവം ഷാപ്പിൽ കള്ളളക്കും. ഭർത്താവു ചെയ്യുന്ന അതേ ജോലി, അതേ തോതിൽ, ചെയ്യുന്ന ഭാര്യ. വിഷ്ണു പത്താം ക്ലാസിലെത്തി.

വിസ്മയ എട്ടിലും. വാടകയ്ക്കെടുത്ത തെങ്ങുകളാണ് ചെത്തുന്നത്, പ്രമാണമില്ലാത്ത കൈവശാവകാശംമാത്രമുള്ള ഇത്തിരി മണ്ണേയുള്ളൂ, കൊച്ചു വീടേയുള്ളൂ – പക്ഷേ, ഷീജ സംതൃപ്തയാണ്.

ഒരു തൊ‍ഴിൽ കണ്ടെത്തി അതു ചെയ്തു വിജയിച്ചവൾ മാത്രമല്ല ഷീജ. ഒരു വിപ്ലവകാരിയാണ്. ചെത്തുതൊ‍ഴിലാളികളുടെ അനന്തരതലമുറകളെവരെ കുലത്തൊ‍ഴിലു ചൊല്ലി അവഹേളിക്കുന്നവർക്കുമുന്നിൽ അരങ്ങേറിയ നിശ്ശബ്ദവിപ്ലവത്തിലെ വീരനായിക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News