വീ ദ പീപ്പിൾ എന്നത് നമ്മുടെ ഭരണഘടനയുടെ ആരംഭം; വീ, വിമെൻ ഇൻക്ലുസീവ് ഇൻ ടെക്നോളജി എന്നത് വീയുടെ ആമുഖം

മികച്ച സാമൂഹികോന്മുഖ സംരംഭകത്വത്തിനുള്ള കൈരളി ജ്വാലാ പുരസ്കാരം നേടിയ ടീം വീയെ പരിചയപ്പെടാം.

ഈ കാലത്തെ സ്വർണ്ണപ്പാടമാണ് ഐ ടി. പക്ഷേ, ഒരു പുതിയ തുറയുടെ പ്രശ്നങ്ങളാകെ ആ മേഖലയെ ചൂ‍ഴ്ന്നു നിൽക്കുന്നു. ഐ ടി രംഗത്തേയ്ക്കു നോക്കിയാൽ ആദ്യം കാണുക സ്ത്രീകളുടെ പ്രശ്നങ്ങളായിരിക്കും. ഈ അവസ്ഥയാണ് വീയുടെ സൃഷ്ടിക്ക് കാരണമായത്. ഇത്, ഐ ടി മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മ. ഈ മേഖലയിൽ സ്ത്രീ നേരിടുന്ന എല്ലാ പ്രശ്നങ്ങളും ഏറ്റെടുക്കുന്ന സംരംഭം.

ഐ ടി മേഖലയിൽ പകുതിയിലേറെ സ്ത്രീകളാണ് എന്നാൽ, ഐ ടി സ്ഥാപനങ്ങളുടെ തലപ്പത്തുള്ള സ്ത്രീകൾ ഒരു ശതമാനം മാത്രം. എന്തുകൊണ്ടാണ് ഇങ്ങനെ? ആ ചോദ്യം വീ ചോദിച്ചു. ഐ ടിയിലെ സ്ത്രീയെ ശക്തയാക്കാൻ, സജ്ജയാക്കാൻ പദ്ധതിയാവിഷ്കരിച്ചു. നേതൃത്വശേഷിക്കുറവ് ആരോപിക്കപ്പെട്ട് താ‍ഴേത്തലങ്ങളിൽ ഒതുങ്ങുന്നവർക്കു തുണയായി.

ഇതുവരെ രണ്ടായിരത്തിലേറെ സ്ത്രീകൾക്ക് സാങ്കേതികവും പ്രൊഫഷനലും മാനസികവുമായ പരിശീലനം നല്കി. അതിലൂടെ ഐ ടി മേഖലയിലെ സ്ത്രീകൾ പ്രൊഫഷനൽ നേട്ടങ്ങൾ എത്തിപ്പിടിക്കുകയാണ് – നമ്മുടെ ഐ ടി മേഖലയിൽ നടക്കുന്ന നിശ്ശബ്ദമായ സ്ത്രീശാക്തീകരണയത്നം.

വിവാഹത്തോടെ ജോലി വിടേണ്ടി വരുന്നവർ, അമ്മയാകുന്നതോടെ വീട്ടിലൊതുങ്ങേണ്ടി വരുന്നവർ… ഐ ടിയിലെ സ്ത്രീത്വം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ചിലത്. തിരുവനന്തപുരം ടെക്നോപാർക്കിൽ ചൈൽഡ് കെയർ സെന്റർ തുടങ്ങിയാണ് വീ അതിന് ഉത്തരം കണ്ടെത്തിയത്. കുട്ടികളെ നോക്കാൻ ആരുമില്ലാത്ത ടെക്നോപാർക്ക് ജീവനക്കാരികൾക്ക് ആശ്വാസം.

12 കുടുംബശ്രീ പ്രവർത്തകർക്ക് ജോലിയും. വീ ഇതു ചെയ്യുമ്പോൾ ഐ ടി സ്ഥാപനങ്ങളോടു ചേർന്ന് ക്രഷേ വേണമെന്ന നിയമമുണ്ടാക്കാൻ രാജ്യം ആലോചിച്ചിട്ടുപോലും ഉണ്ടായിരുന്നില്ല – മു‍ഴുവൻ മലയാളികൾക്കും അഭിമാനിക്കാം. നമ്മുടെ നാട്ടിലെ ഒരു കൊച്ചു സംഘടന ഈ മഹാരാജ്യത്തിന് മാതൃകകാട്ടി.

വീ മറ്റൊരു ദൗത്യം കൂടി ഏറ്റെടുത്തിട്ടുണ്ട്. ഏത് ഐ ടി ജീവനക്കാരിക്കും എന്തു പ്രശ്നം വന്നാലും വീയെ ബന്ധപ്പെടാം. പ്രശ്നം നേരിടാൻ, മറികടക്കാൻ വീ സഹായിക്കും. ഐ ടി മേഖല മു‍ഴുവൻ വൻകിടക്കാരുടേതല്ല. ജീവനക്കാരെ പരിശീലിപ്പിക്കാനാകാത്ത ചെറുകിടക്കാർ ഏറെയുണ്ട്.

അവർക്ക് തുണയാകും വിധം ഐ ടി പരിശീലനം നടത്താനും വീ ഉണ്ട്. ഇത്തരം കമ്പനികൾ നല്കുന്ന ചെറിയ പ്രതിഫലത്തെ മുതൽ സ്പോൺസറിംഗിനെവരെ ആശ്രയിച്ചാണ് വീ പ്രവർത്തിക്കുന്നത്.
വീയുടേത് ലാഭേച്ഛയില്ലാത്ത പ്രവർത്തനം. 30 ആജീവനാന്ത അംഗങ്ങളുണ്ട്. 200 വാർഷികാംഗങ്ങളും.

എല്ലാവരും ഐ ടി മേഖലയിലുള്ള സ്ത്രീകൾ. എല്ലാവരും തന്നെ സന്നദ്ധപ്രവർത്തകർ. സ്വന്തം ജോലി ക‍ഴിഞ്ഞുള്ള സമയം സ്വന്തം മേഖലയിലെ സഹോദരിമാരെ സഹായിക്കാൻ സന്നദ്ധജോലി ചെയ്യുന്നവർ. വീ ഈ 230 അംഗങ്ങളുടെ കൂട്ടായ്മ. നയിക്കാൻ 10 പേരുള്ള കമ്മിറ്റിയുണ്ട്. പ്രസിഡന്റ് ടീനാ ജോസും ജനറൽ സെക്രട്ടറി അദിതി രാധാകൃഷ്ണനുമാണ് വീയുടെ ഇരട്ടനേതാക്കൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News