ഐ എസ് എൽ എട്ടാം സീസണിലെ രാജാക്കന്മാരെ ഇന്നറിയാം.കേരള ബ്ലാസ്റ്റേഴ്സ് – ഹൈദരാബാദ് എഫ്.സി ഫൈനൽ രാത്രി 7:30 ന് ഫറ്റോർദ സ്റ്റേഡിയത്തിൽ നടക്കും. കന്നി കിരീടമാണ് രണ്ടു മഞ്ഞപ്പടകളുടെയും മോഹം.
2014 ലെയും 2016 ലെയും കിരീട നഷ്ടത്തിന് കണക്ക് തീർക്കാൻ കേരളത്തിന്റെ കൊമ്പന്മാർ ഫറ്റോർദയിലെത്തിക്കഴിഞ്ഞു. വിന്നേഴ്സ് ഷീൽഡിന്റെ ഗർവ്വുമായി എത്തിയ ഓവൻ കോയിലിന്റെ ജംഷെദ്പൂരിനെ തോൽപിച്ചാണ് അഡ്രിയാൻ ലൂണ ക്യാപ്ടനായ ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശം.
പരിശീലകൻ ഇവാൻ വുകുമനോവിച്ചിന്റെ ചാണക്യതന്ത്രങ്ങളാണ് കൊമ്പന്മാരുടെ എട്ടാം സീസണിലെ അവിശ്വസനീയ കുതിപ്പിന് പിന്നിലെ രഹസ്യം. ആക്രമണത്തിൽ ലൂണ- വാസ്ക്വേസ് – ഡിയാസ് – സഹൽ സഖ്യം മിന്നിത്തെളിയുമ്പോൾ പ്രതിരോധത്തിൽ കോട്ട കെട്ടാൻ ലെസ്കോവിച്ചും ഹോർമിപാമും ഖാബ്രയുമെല്ലാമുണ്ട്.
ഡിഫൻസീവ് മിഡ് ഫീൽഡർമാരായി പൂട്ടിയയും ജീക്സണും പുറത്തെടുക്കുന്നതും ഉശിരൻ പോരാട്ടവീര്യമാണ്. ഗോൾ വലയ്ക്ക് കീഴിൽ പ്രഭ്സൂഖൻ സിംഗ് ഗില്ലിന്റെ വണ്ടർ സേവുകളും കൊമ്പന്മാർക്ക് തുണയാകും. കഴിഞ്ഞ ഏതാനും സീസണുകളിലെ തോൽവിയുടെ കടങ്ങളെല്ലാം പലിശ സഹിതം വീട്ടി കൊമ്പന്മാർ ചിന്നംവിളിക്കുമ്പോൾ ചരിത്ര കിരീടമാണ് ആരാധകർ സ്വപ്നം കാണുന്നത്.
അതേസമയം നടാടെ ഫൈനൽ കളിക്കുന്ന ഹൈദരാബാദ് എഫ്.സി ആദ്യ കിരീടത്തിൽ മുത്തമിടാമെന്ന പ്രതീക്ഷയിലാണ്. 2019 ൽ ISL ൽ അരങ്ങേറിയ ഹൈദരാബാദിന് തലനാരിഴയ്ക്കാണ് കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് ബർത്ത് നഷ്ടമായത്. മുൻ ചാമ്പ്യന്മാരായ എ.ടി.കെയെ പഞ്ഞിക്കിട്ടാണ് ഹൈദരാബാദിന്റെ ഫൈനൽ പ്രവേശം.ഗോളുകളടിച്ച് കൂട്ടുന്ന നൈജീരിയൻ സ്ട്രൈക്കർ ബർത്തലോമിയോ ഒഗ്ബെച്ചെയാണ് ഹൈദരാബാദിന്റെ വജ്രായുധം.
ജാവിയർ സിവേറിയോ , മൊഹമ്മദ് യാസിർ , ഡേവിഡ് വില്യംസ് എന്നിവരാണ് മുന്നേറ്റത്തിൽ ഒഗ്ബെച്ചെ യ്ക്ക് കൂട്ട്. ബ്രസീലിയൻ താരം ജോവ വിക്ടറിനാണ് മധ്യനിരയുടെ ചുമതല. ജുവാനനും, ചിങ്‌ലൻസന സിങ്ങും നി ദോർജി തമാംഗും ആകാഷ് മിശ്രയും ചേർന്ന പ്രതിരോധം കടുകട്ടിയാണ്.
ഗോവക്കാരനായ ലക്ഷ്മികാന്ത് കട്ടി മണിയാണ് നൈസാമുകളുടെ ഗോൾ വല കാക്കുന്നത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ആദ്യമായി ഐ എസ് എൽ കാണാൻ കാണികൾ ഇരമ്പിയെത്തുന്ന മത്സരത്തിൽ പുതിയ രാജാക്കന്മാരുടെ പട്ടാഭിഷേകത്തിനാകും ഫറ്റോർദ സാക്ഷ്യം വഹിക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.