
വത്തിക്കാനിലെ ഭരണ സംവിധാനത്തിൽ വൻമാറ്റം വരുത്തി ഫ്രാൻസിസ് മാർപാപ്പ പുതിയ അപ്പസ്തോലിക രേഖ പുറത്തിറക്കി. ഇതനുസരിച്ച് മാമോദീസ സ്വീകരിച്ച വനിതകൾ ഉൾപ്പെടെ ഏതു കത്തോലിക്കർക്കും വത്തിക്കാനിലെ വിവിധ ഭരണ വകുപ്പുകളുടെ നേതൃസ്ഥാനം വഹിക്കാനാവും. നിലവിൽ അഭിഷിക്തർ ആണ് വിവിധ വകുപ്പുകളുടെ തലപ്പത്ത്.
‘പ്രേഡീക്കേറ്റ് ഇവാൻജലിയം’ (ദൈവവചനം പ്രഘോഷിക്കുക) എന്ന പുതിയ ഭരണരേഖ പന്തക്കുസ്ത ദിനമായ ജൂൺ 5നു നിലവിൽ വരും. 9 വർഷമെടുത്തു തയാറാക്കിയ 54 പേജുള്ള പുതിയ ഭരണരേഖ ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേറ്റതിന്റെ 9–ാം വാർഷികദിനവും വിശുദ്ധ യൗസേപ്പിന്റെ തിരുനാളുമായ ഇന്നലെയാണ് പുറത്തിറക്കിയത്. 1988 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പുറത്തിറക്കിയ ‘പാസ്തർ ബോനുസ്’ എന്ന അപ്പസ്തോലിക രേഖയ്ക്കു പകരമാണിത്.
പുതിയ ഭരണരേഖ അനുസരിച്ച് എല്ലാ കത്തോലിക്കർക്കും വചനപ്രഘോഷണത്തിന് ഉത്തരവാദിത്തമുണ്ടെന്നു മാർപാപ്പ പറഞ്ഞു. മാർപാപ്പയ്ക്കും മെത്രാന്മാർക്കും വൈദികർക്കും സന്യസ്തർക്കും മാത്രമല്ല, അൽമായർ ഉൾപ്പെടെ സഭയിലെ എല്ലാ അംഗങ്ങളും ഈ ചുമതല നിർവഹിക്കേണ്ടവരാണ്. ഭരണവകുപ്പുകളുടെ എണ്ണം 16 ആയി ഏകോപിപ്പിച്ച് പേര് ‘ഡികാസ്റ്ററി’ എന്നു മാറ്റിയിട്ടുമുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here