ഐഎസ്എൽ ഫൈനൽ കാണാൻ ഗോവയ്ക്ക് പോകുന്നതിനിടെ അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ഐ എസ് എൽ ഫൈനൽ മത്സരം കാണാൻ ഗോവയിലേക്ക് പോവുകയായിരുന്ന രണ്ട് യുവാക്കൾ കാസർകോഡ് വാഹനാപകടത്തിൽ മരിച്ചു.  മലപ്പുറം ചെറുകുന്ന് സ്വദേശികളാണ് മരിച്ചത്. മരിച്ചവരിലൊരാൾ ഹൈദരാബാദ് FC താരം അബ്ദുൾ റബീഹിന്റെ ബന്ധുവാണ്. ഇവർ  സഞ്ചരിച്ച ബൈക്കിൽ ലോറിയിടിച്ചാണ് അപകടം.

മലപ്പുറം ചെറുകുന്ന് ഒതുക്കുങ്ങൽ അഞ്ചുകണ്ടൻ സുബൈറിന്റെ മകൻ മുഹമ്മദ് ഷിബിൽ (22), പള്ളിത്തൊടി കരിമീന്റെ മകൻ ജംഷീർ (21), എന്നിവരാണ് മരിച്ചത്. പുലർച്ചെ 5.30 ഓടെ ഉദുമ പള്ളത്ത് സംസ്ഥാന പാതയിൽ ഇവർ സഞ്ചരിച്ച ബൈക്കിൽ മിനി ലോറിയിടിക്കുകയായിരുന്നു.

കാസർകോഡ് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന മിനിലോറിയാണ് ബൈക്കിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു.

ഹൈദരാബാദ് എഫ് സി ക്ക് കളിക്കുന്ന മലയാളി താരം അബ്ദുൾ റബീഹിന്റെ ഉപ്പയുടെ സഹോദരന്റെ മകനാണ് മരിച്ച മുഹമ്മദ് ഷിബിൽ. റബീഹാണ് ഫൈനൽ മത്സരം കാണുന്നതിനായി ഇവർക്ക് ടിക്കറ്റെടുത്ത് നൽകിയത്.

രാത്രി 11 മണിയോടെയാണ് 7 അംഗ സംഘം മലപ്പുറത്ത് നിന്ന് ഗോവയിലേക്ക് യാത്ര തിരിച്ചത്. 5 പേർ കാറിലും  2 പേർ ബൈക്കുമായിരുന്നു . പുലർച്ചെ മഴയെ തുടർന്ന് ഇവർ വഴിയിൽ വിശ്രമിച്ചു. മഴ മാറിയ ശേഷം യാത്ര തുടരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

കാറിലുണ്ടായിരുന്നവർ ഈ സമയത്ത് കേരള അതിർത്തിയായ തലപ്പാടിയിലെത്തിയിരുന്നു. അപകടത്തിൽപ്പെട്ടവരുടെ ഫോണിൽ നിന്ന് അവസാനം വിളിച്ച നമ്പറെടുത്ത് പോലീസ് വിളിച്ചപ്പോഴാണ് ഇവർ അപകട വിവരമറിഞ്ഞത്. ഹൈദരാബാദ് FC താരമായ അബ്ദുൾ റബീഹിന്റേതാണ് അപകടത്തിൽപ്പെട്ട ബൈക്ക് .

ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കാസർകോഡ് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News