പഞ്ചാബില്‍ മന്ത്രിമാര്‍ക്കെല്ലാം ടാര്‍ഗറ്റ്, നടപ്പായില്ലെങ്കില്‍ മാറ്റാന്‍ ആവശ്യപ്പെടാം; കെജ്‌രിവാള്‍

പഞ്ചാബിലെ ഓരോ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് നല്‍കിയിട്ടുണ്ടെന്നും അവ യാഥാര്‍ഥ്യമാക്കാത്തപക്ഷം അവരെ നീക്കം ചെയ്യാന്‍ ജനങ്ങള്‍ക്ക് ആവശ്യപ്പെടാമെന്നും എ.എ.പി. അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. മൊഹാലിയില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരമേറ്റ് മൂന്നു ദിവസങ്ങള്‍ക്കകം തന്നെ മാന്‍, നിരവധി കാര്യങ്ങള്‍ ചെയ്‌തെന്നും കെജ്‌രിവാള്‍ പറഞ്ഞു. പുതിയ സര്‍ക്കാരിന്റെ ആദ്യത്തെ പ്രഖ്യാപനങ്ങളെ ചൂണ്ടിയായിരുന്നു കെജ്‌രിവാളിന്റെ പ്രസ്താവന. പഴയമന്ത്രിമാരുടെ സുരക്ഷ ഒഴിവാക്കിയ മാന്‍, ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 25,000 ഒഴിവുകള്‍ നികത്താനുള്ള തീരുമാനത്തിന് മാന്‍ കഴിഞ്ഞദിവസം അംഗീകാരം നല്‍കിയിരുന്നു. ഇതില്‍ 10,000 ഒഴിവുകള്‍ പോലീസ് സേനയിലേതാണ്.

ചണ്ഡീഗഢില്‍ ഇരിപ്പുറപ്പിക്കരുതെന്നും എംഎല്‍എമാരോടായി കെജ്‌രിവാള്‍ പറഞ്ഞു. അല്ലാത്തപക്ഷം പല്ലക്കില്‍ ഇരിക്കുന്നത് ശീലമായിപ്പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംഎല്‍എമാര്‍ ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കണം, ഗ്രാമങ്ങളിലേക്ക് പോകണം എന്നതാണ് പാര്‍ട്ടിയുടെ മന്ത്രം. പഞ്ചാബിലെ ജനങ്ങള്‍ തിരഞ്ഞെടുത്തത് വജ്രങ്ങളെയാണ്. ഭഗവന്ത് മാനിന്റെ നേതൃത്വത്തിന് കീഴില്‍ 92 പേരുടെ സംഘമായി പ്രവര്‍ത്തിക്കണം. ഞാന്‍ അദ്ദേഹത്തിന്റെ വെറുമൊരു ജ്യേഷ്ഠസഹോദരനാണ്- കെജ്‌രിവാള്‍ പറഞ്ഞു.

അതേസമയം, എല്ലാ എംഎല്‍എമാരും കൃത്യനിഷ്ഠ പാലിക്കണമെന്ന് ഭഗവന്ത് മാന്‍ പറഞ്ഞു. മണ്ഡലത്തിലെ എല്ലാ നഗരങ്ങളിലും എംഎല്‍എ ഓഫീസുകള്‍ തുറക്കണമെന്നും പ്രതിദിനം 18 മണിക്കൂര്‍ ജോലി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News