കസ്റ്റഡിമരണം: ബീഹാറിൽ ജനക്കൂട്ടം സ്‌റ്റേഷന്‍ ആക്രമിച്ച് പൊലീസുകാരനെ വധിച്ചു

പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചതിനെത്തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി. കല്ലേറിലും വെടിവെപ്പിലും തീവെപ്പിലും ഒന്‍പത് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ബിഹാറിലെ വെസ്റ്റ് ചമ്പാരണ്‍ ജില്ലയിലാണ് സംഭവം.

അനിരുദ്ധ യാദവ് എന്ന 40-കാരനാണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. ഹോളി ആഘോഷത്തിനിടെ ഡി.ജെ പാര്‍ട്ടിയില്‍ അശ്ലീല പാട്ടുവച്ചതുമായി ബന്ധപ്പെട്ടാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്‌റ്റേഷനില്‍വച്ച് ശനിയാഴ്ച കടന്നല്‍കുത്തേറ്റാണ് യുവാവ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ചോദ്യംചെയ്യലിനിടെ മര്‍ദ്ദനമേറ്റാണ് യുവാവ് മരിച്ചതെന്ന് ആരോപിച്ച് ജനക്കൂട്ടം സംഘടിച്ചെത്തിയാണ് അക്രമം നടത്തിയത്.

ഗുരുതര പരിക്കേറ്റ റാം ജതന്‍ റായ് എന്ന പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമികള്‍ മൂന്ന് പൊലീസ് വാഹനങ്ങള്‍ക്കും, രണ്ട് സ്വകാര്യ കാറുകള്‍ക്കും, അഗ്നിശമന സേനയുടെ ഒരു വാഹനത്തിനും തീവച്ചു. മര്‍ദ്ദനമേറ്റാണ് യുവാവ് കസ്റ്റഡിയില്‍ മരിച്ചത് എന്ന ആരോപണം ചമ്പാരണ്‍ പോലീസ് സൂപ്രണ്ട് നിഷേധിച്ചു. പൊലീസ് സ്‌റ്റേഷനില്‍വച്ച് കടന്നല്‍കുത്തേറ്റാണ് യുവാവ് മരിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പത്തിലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാപക അക്രമമാണ് അരങ്ങേറിയതെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News