20 വര്‍ഷത്തോളമായി മറ്റൊരു സ്ത്രീയോടൊപ്പം; പുറത്തിറങ്ങുന്നത് ബീഡി വാങ്ങാന്‍; ഹമീദിന്റെ ദുരൂഹ ജീവിതം

മകനെയും കുടുംബത്തെയും തീയിട്ടുകൊന്ന ഹമീദ് 20 വര്‍ഷത്തോളമായി മറ്റൊരു സ്ത്രീയോടൊപ്പം ഇടുക്കി കരിമ്പനില്‍ താമസിക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് തിരികെ നാട്ടിലെത്തിയത്. ആദ്യ ഭാര്യ രണ്ട് വര്‍ഷം മുന്‍പാണ് മരിച്ചത്. മകളും നേരത്തെ മരിച്ചിരുന്നു. മറ്റൊരു മകന്‍ വേറെയാണ് താമസം. വല്ലപ്പോഴും ബീഡി വാങ്ങാനോ പള്ളിയില്‍ പോകാനോ മാത്രമാണ് ഇയാള്‍ പുറത്തിറങ്ങിയിരുന്നത്.

പരമ്പരാഗതമായി സ്വത്തുള്ള കുടുംബമായിരുന്നു ഹമീദിന്റെ. ചീനിക്കുഴിയില്‍ മെഹ്റിന്‍ സ്റ്റോഴ്സെന്ന പേരില്‍ പച്ചക്കറി പലചരക്ക് കട നടത്തുന്ന മകന്‍ മുഹമ്മദ് ഫൈസലിന്, കൊലപാതകം നടന്ന വീട് ഉള്‍പ്പെടുന്ന 58 സെന്റ് പുരയിടം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇഷ്ടദാനം നല്‍കിയതാണ്. ഇതുകൂടാതെ 60 സെന്റ് സ്ഥലവും ഹമീദിന്റെ പേരിലുണ്ട്. ആറ് ലക്ഷം രൂപയോളം ബാങ്കിലുണ്ട്. ഫൈസലിന് സ്ഥലം നല്‍കുമ്പോള്‍ മരണം വരെ ഹമീദിന് ആദായമെടുക്കാനും ഒപ്പം മകന്‍ ചെലവിന് നല്‍കാനും നിബന്ധനയുണ്ടായിരുന്നു.

മൂന്നുനേരം മീനും ഇറച്ചിയുമടങ്ങുന്ന ഭക്ഷണം നല്‍കുന്നില്ലെന്ന് കുറ്റപ്പെടുത്തി ഹമീദ് എന്നും വഴക്കിടുമായിരുന്നു. സ്വത്ത് തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ജീവിതച്ചെലവിന് കുടുംബകോടതിയിലും കേസ് നല്‍കിയിരുന്നു.

സ്ഥലം തിരികെ നല്‍കിയില്ലെങ്കില്‍ പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തുമെന്ന് ഹമീദ് ഭീഷണിപ്പെടുത്തിയതായി ഫൈസല്‍ ഫെബ്രുവരി 25ന് കരിമണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിനുശേഷം ഫൈസലും ഭാര്യയും രണ്ട് മക്കളും ഒരു മുറിയിലായി ഉറക്കം. ഇത് കൂട്ടക്കൊല എളുപ്പമാക്കി. മരണം ഉറപ്പാക്കിയ വൈരാഗ്യ ബുദ്ധിയായിരുന്നു പൊലീസിനോട് സംഭവം വിവരിക്കുമ്പോഴും ഹമീദിന്റെ മുഖത്ത്. സ്വത്ത് നല്‍കിയിട്ടും മകന്‍ നോക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഹമീദ് നല്‍കിയ മൊഴി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here