ഹിജാബ് നിരോധനം: സ്ത്രീകളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്ന് കയറ്റം: ബൃന്ദ കാരാട്ട്

കർണാടകയിലെ ഹിജാബ് നിരോധനം സ്ത്രീകളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്ന് കയറ്റമെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകൾക്കുണ്ടെന്നും   സംഘ പരിവാറിന്റെ പ്രത്യയശാസ്ത്രം സ്ത്രീ വിരുദ്ധമാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി എക്കാലവും പോരാടുന്നത് സി പി ഐ എമ്മും ഇടതുപക്ഷവും മാത്രമാണെന്നും ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായ വനിതാ അസംബ്ലി ഉദ്ഘാടനം ചെയ്തുകൊണ്ട് ബൃന്ദ കാരാട്ട് കണ്ണൂരിൽ പറഞ്ഞു.

മോദി ഭരണത്തിന് കീഴിൽ രാജ്യത്തെ സ്ത്രീകൾ നിരവധി പ്രയാസങ്ങൾ നേരിടുകയാണെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ സ്ത്രീ വിരുദ്ധ പ്രത്യയശാസ്ത്രം ഉൾക്കൊള്ളുന്ന മനുസ്മൃതി പിന്തുടരുന്നവരാണ്.

കർണാടകയിലെ ഹിജാബ് നിരോധനം ന്യൂനപക്ഷ വിരുദ്ധമെന്ന് മാത്രമല്ല സ്ത്രീകളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ്. എന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് സ്ത്രീകളാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി എക്കാലവും പോരാട്ടം നടത്തിയത് ചെങ്കൊടി പ്രസ്ഥാനമാണ്.കേരളത്തിലെ ഇടത് പക്ഷ സർക്കാർ സ്ത്രീ പക്ഷ  മാത്യകാപരമാണെന്നും ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.

സി പി ഐ എം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി കണ്ണൂർ ടൗൺ സ്ക്വയറിലാണ് വനിതാ അസംബ്ലി സംഘടിപ്പിച്ചത്. സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി ടീച്ചർ, കെ കെ ശൈലജ ടീച്ചർ സംസ്ഥാന കമ്മറ്റിയംഗം സി എസ് സുജാത തുടങ്ങിയവർ പങ്കെടുത്തു.

പാർട്ടി കോൺഗ്രസ്സ് പ്രചരണത്തിന്റെ ഭാഗമായ റെഡ് ഫ്ലവേഴ്സ് എന്ന വിപ്ലവഗാന സമാഹാരം ചടങ്ങിൽ വച്ച് കെ കെ ശൈലജ ടീച്ചർ പ്രകാശനം ചെയ്തു.രാധാകൃഷ്ണൻ പട്ടാനൂർ,ജിനേഷ് കുമാർ എരമം എന്നിവർ രചിച്ച ഗാനങ്ങൾക്ക് ഉണ്ണികൃഷ്ണൻ പയ്യാവൂർ, രതീഷ് കുമാർ പല്ലവി എന്നിവരാണ് സംഗീതം നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here