ദേശീയ ജലപാത-3ന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു

ദേശീയ ജലപാത-3ന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം മുതല്‍ കോട്ടപ്പുറം വരെയുള്ള 168 കിലോമീറ്റര്‍ ദൈര്‍ഘ്യം നിലവില്‍ ഗതാഗത യോഗ്യമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;-

സംസ്ഥാനത്തിന്റെ ഗതാഗത മേഖലയ്ക്കും വിനോദ സഞ്ചാരത്തിനും കൂടുതല്‍ ഉണര്‍വേകുന്ന ദേശീയ ജലപാത-3ന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. കൊല്ലം മുതല്‍ കോഴിക്കോട് വരെ 328 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ദേശീയ ജലപാത 3-ന്റെ നിര്‍മാണം. ഇതില്‍ കൊല്ലം മുതല്‍ കോട്ടപ്പുറം വരെയുള്ള 168 കിലോമീറ്റര്‍ ദൈര്‍ഘ്യം നിലവില്‍ ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. ബാക്കി വരുന്ന 160 കിലോമീറ്ററിലെ പ്രവൃത്തികള്‍ സംബന്ധിച്ച വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) ദേശീയ ജലപാത അതോറിറ്റി തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് കൈമാറും. അനുമതി ലഭ്യമാകുന്ന മുറയ്ക്ക് അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കാനാകും.

ദേശീയ ജലപാത-3ല്‍ ഉള്‍പ്പെടാത്ത മറ്റു ഭാഗങ്ങള്‍ സംസ്ഥാന ജലപാത ആയി പരിഗണിച്ചാണ് പ്രവര്‍ത്തനങ്ങള്‍. ഇതില്‍ കോവളം മുതല്‍ ആക്കുളം വരെ കനാല്‍ വീതി കൂട്ടുന്നതിന് സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബി ധനസഹായത്തോടെ 66.39 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. കോവളം മുതല്‍ വര്‍ക്കല വരെ കനാല്‍ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കേണ്ടി വരുന്ന 1275 ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് കിഫ്ബിയുടെ ധനസഹായത്തോടെ 247.2 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. പുനരധിവാസ പദ്ധതി പ്രകാരം ഫ്‌ലാറ്റുകള്‍ സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുകയോ, വസ്തു വാങ്ങി വീട് വയ്ക്കുന്നതിന് താല്പര്യമുള്ളവര്‍ക്ക് ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം മാതൃകയില്‍ ഭൂമി വാങ്ങി വീട് വയ്ക്കാന്‍ 10 ലക്ഷം രൂപ അനുവദിക്കുകയോ ചെയ്യും.

കോഴിക്കോട് നഗരത്തിലൂടെ കടന്നുപോകുന്ന കനോലി കനാല്‍ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിനായി ഏകദേശം 1118 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കിഫ്ബി തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. മാഹി വളപട്ടണം ഭാഗത്ത് ഏകദേശം 26.5 കിലോമീറ്ററും നീലേശ്വരം ബേക്കല്‍ ഭാഗത്ത് 6.5 കിലോമീറ്ററും കനാല്‍ പുതുതായി നിര്‍മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാന്‍ 839 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ചിട്ടുണ്ട്.

ജലപാത പൂര്‍ത്തിയാകുന്നതോടെ താരമത്യേന ചെലവും മലിനീകരണവും കുറഞ്ഞ യാത്രാ സംവിധാനമൊരുങ്ങുകയും വിനോദസഞ്ചാര മേഖലയില്‍ ഉള്‍പ്പെടെ സര്‍വ്വതല സ്പര്‍ശിയായ വികസനമാറ്റങ്ങളുണ്ടാവുകയും ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News