കെയര്‍ ഹോം ഒന്നാം ഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനവും താക്കോല്‍ ദാനവും നാളെ

സഹകരണ വകുപ്പിന്റെ ഒന്നാം ഘട്ട കെയര്‍ ഹോം പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറാനുള്ള വീടുകളുടെ താക്കോല്‍ ദാനം നാളെ നടക്കും. ആലപ്പുഴ ജില്ലയില്‍ 201 വീടുകള്‍ നിര്‍മ്മിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. നേരത്തെ 190 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിയിരുന്നു. ശേഷിച്ച 11 വീടുകളില്‍ ഒരു വീടിന്റെ ഫിനിഷിങ് ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ട്. ഈ വീട് അനുവദിച്ചു കിട്ടിയ ഗുണഭോക്താവ് മരണപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സാങ്കേതിക തടസങ്ങളാണ് ഫിനിഷിങ് പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയത്. വളരെ ദുഷ്‌കരമായ കായല്‍ പ്രദേശത്താണ് 11 വീടുകളും നിര്‍മ്മിച്ചത്.
നിര്‍മ്മാണ ജോലികള്‍ ഏറ്റെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല.

നിര്‍മ്മാണ സാമഗ്രികള്‍ ലോറിയിലെത്തിച്ച് നെഹ്റു ട്രോഫി വള്ളം കളി സ്റ്റാര്‍ട്ടിങ് പോയിന്റിനു സമീപം ഇറക്കി, വള്ളത്തില്‍ കയറ്റി വള്ളം അടുപ്പിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ ഇറക്കിയ ശേഷം ട്രോളിയിലും തലച്ചുമടായും നിര്‍മ്മാണ സ്ഥലത്ത് എത്തിക്കുകയായിരുന്നു. വേനല്‍ക്കാലത്ത് പോലും വേലിയേറ്റം കാരണം വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളാണിത്. ചെറിയ മഴയത്ത് പോലും ചെളിയും വെള്ളവും നിറയുന്ന പ്രദേശത്ത് ജോലിക്കാരെ എത്തിക്കുന്നതിനും പ്രയാസം നേരിട്ടു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കേപ്പ് ( സിഎപിഇ ) നിയന്ത്രിക്കുന്ന പുന്നപ്ര എഞ്ചിനീയറിങ് കോളെജാണ് വീടുകളുടെ രൂപകല്‍പ്പന നടത്തിയത്. പ്രളയത്തെ ചെറുക്കുന്ന തരത്തില്‍ പില്ലറുകള്‍ ഉയര്‍ത്തിയാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും വീടൊന്നിന് അഞ്ചു ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ നിര്‍മ്മാണ പ്രദേശത്തിന്റെ പ്രത്യേകതയും ഭൂപ്രകൃതിയും വിലയിരുത്തി 11 വീടുകളുടെ നിര്‍മ്മാണത്തിന് അധിക ധനസഹായമായി 37,41,783 രൂപ അനുവദിച്ചിരുന്നു. എസ്എല്‍ പുരം സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍.
ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിലെ കര്‍മ്മസദന്‍ ഓഡിറ്റോറിയത്തില്‍ ചൊവ്വാഴ്ച പകല്‍ 12.30നാണ് ഒന്നാം ഘട്ട കെയര്‍ ഹോം പൂര്‍ത്തീരണ പ്രഖ്യാപനവും താക്കോല്‍ ദാനവും നടക്കുക. ഉദ്ഘാടനവും താക്കോല്‍ ദാനവും സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും.

ഫിഷറീസ് സാംസ്‌കാരിക യുവജന ക്ഷേമ മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പുന്നമട കായല്‍ പ്രദേശത്ത് കെയര്‍ ഹോം പദ്ധതി നടപ്പിലാക്കിയ സഹകരണ സംഘത്തെ കാര്‍ഷിക മന്ത്രി പി. പ്രസാദ് ആദരിക്കും. ആലപ്പുഴ എംഎല്‍എ പി.പി. ചിത്തരഞ്ജന്‍ മെഡിക്കല്‍ കിറ്റ് വിതരണം ചെയ്യും. കെയര്‍ ഗ്രേയ്സ് ഗൃഹോപകരണങ്ങളുടെ വിതരണം എ.എം ആരിഫ് എംപി നിര്‍വഹിക്കും. അമ്പലപ്പുഴ എംഎല്‍എ എച്ച്. സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
ആലപ്പുഴ മുന്‍സിപ്പല്‍ ചെയര്‍പേഴ്സന്‍ സൗമ്യ രാജ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. നാസര്‍, കൗണ്‍സിലര്‍മാരായ കെ.ജയമ്മ, അഡ്വ. റീഗോ രാജു, എസ്എല്‍ പുരം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, ചേര്‍ത്തല സഹകരണ സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍ എ.എസ്. സാബു, അമ്പലപ്പുഴ സഹകരണ സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍ വി. ഗോപാലകൃഷ്ണന്‍ നായര്‍, കേപ്പ് പുന്നപ്ര എഞ്ചിനീയറിങ് കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. റോബിന്‍ വര്‍ഗീസ്, ആലപ്പുഴ സഹകരണ ഓഡിറ്റ് ജോയിന്റെ ഡയറക്ടര്‍ എന്‍. ശ്രീവത്സന്‍, കെയര്‍ ഹോം ജില്ലാ നോഡല്‍ ഓഫീസറും ഡെപ്യൂട്ടി രജിസ്ട്രാറുമായ സായി വെങ്കിടേഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും എസ്. ജോസി കൃതജ്ഞതയും പറയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here