ചരിത്രം വഴിമാറുമോ ചിലർ വരുമ്പോൾ..ആരാണീ ചിലർ…അവർ വന്നപ്പോൾ വാണവരും വീണവരും ആരൊക്കെയാണ്…ജെബി മേത്തറുടെ രാജ്യസഭാ സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തിലൂടെ സംസ്ഥാന കോൺഗ്രസിലുണ്ടായ പുകച്ചിൽ ഇപ്പോൾ വൻ പൊട്ടിത്തെറിയിലേക്ക് എത്തുകയാണ്. ഇന്ന് സമൂഹ മാധ്യമങ്ങളിൽ വരെ വൻ ചർച്ചയാണ് ജെബി മേത്തർ. എന്നുമുതലാണ് മലയാളികൾക്ക് ജെബി പരിചിതയായത്…ആരാണീ ജെബി.
എ ഗ്രൂപ്പിൽ എ കെ ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും വിശ്വസ്തനായ കെ എം ഐ മേത്തറുടെ മകളാണ് ഈ ജെബി . മുൻ കെ പി സി സി പ്രസിഡന്റ് ടി ഒ ബാവയുടെ കൊച്ചുമകളുമാണ്. ഈ ലേബൽ പോരേ…. ജെബിക്ക് സ്ഥാനാർത്ഥി പഥത്തിലെത്താൻ.
മഹാരാജാസ് കോളജിലെ വിദ്യാർത്ഥിയായിരുന്ന കാലഘട്ടം മുതൽ മേത്തർ കുടുംബവുമായി എ കെ ആന്റണിയ്ക്ക് ഉണ്ടായിരുന്ന അടുത്ത ബന്ധവും ജെബിയെ തുണച്ചു. കെ എസ് യു പ്രവർത്തന കാലഘട്ടത്തിൽ എ കെ ആന്റണി, വയലാർ രവി എന്നീ നേതാക്കളുടെ പഠനത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനും കൈയയച്ച് സഹായം നൽകിയത് മേത്തർ കുടുംബമായിരുന്നു. ആ സഹായത്തിനുള്ള ഉപകാരസ്മരണയാണ് ജെബി മേത്തറുടെ സ്ഥാനാർത്ഥിത്വം എന്നാണ് കോൺഗ്രസുകാർക്കിടയിൽ തന്നെയുള്ള വിലയിരുത്തൽ.
ജെബിയെ സ്ഥാനാർത്ഥിയാക്കിയ തീരുമാനം സംസ്ഥാന കോൺഗ്രസിൽ ഹൈക്കമാൻഡ് വിരുദ്ധ വികാരം ശക്തിപ്പെടാനും കാരണമായിട്ടുണ്ട്. ഹൈക്കമാൻഡിനെ നിയന്ത്രിക്കുന്ന കെ .സി വേണുഗോപാലിന്റെ ഇടപെടലിലും സുധാകര പക്ഷത്തിന് കടുത്ത അതൃപ്തിയുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പരാജയം ഇരന്നു വാങ്ങിയ കോൺഗ്രസ് കേന്ദ്ര നേതൃത്വം കേരളത്തിലെ പാർട്ടിയുടെ അടിത്തറ തകർക്കുകയാണെന്ന ആക്ഷേപവും ഇതിനോടകം ഉയർന്നു കഴിഞ്ഞു.
ജെബിയെ സ്ഥാനാർത്ഥിയാക്കാൻ എ ഗ്രൂപ്പ് ചരട് വലിച്ചെന്നാണ് കെ സുധാകരൻ പറയുന്നത്. എ.കെ ആന്റണിയാണ് ജെബി മേത്തറിന് വേണ്ടി ഇടപെട്ടത് എന്നും മാധ്യമ വാർത്തകൾ വന്നു കഴിഞ്ഞു. കേരളത്തിലെ കോൺഗ്രസിൽ സുധാകരന്റെയും സതീശന്റെയും അപ്രമാദിത്വത്തിൽ അസംതൃപ്തനായ ഉമ്മൻചാണ്ടിക്കും ഇതിൽ പങ്കുണ്ടെന്നാണ് സൂചന.
ഐ ഗ്രൂപ്പും ചരട് വലിച്ചെങ്കിലും കിട്ടില്ലെന്ന് ഉറപ്പായതോടെ എ ഗ്രൂപ്പിന് പിന്തുണ നൽകുകയായിരുന്നു. ജെബിയുമായി അടുപ്പമുള്ളതും ആന്റണിയുടെ ഇടപെടലും വി.ഡി സതീശനേയും ഹൈക്കമാൻഡ് തീരുമാനത്തെ അംഗീകരിക്കാൻ നിർബന്ധിതനാക്കി. പരിഗണനാ പട്ടികയിൽ മുന്നിൽ നിന്നവരെയെല്ലാം വെട്ടി മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറിനെ ഹൈക്കമാൻഡ് അംഗീകരിച്ചതോടെ കെ സുധാകരൻ ശരിക്കും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇടക്കാലത്ത് രൂപപ്പെട്ട സുധാകരൻ-സതീശൻ സഖ്യത്തിനും മങ്ങലേറ്റു.
രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായിരിക്കുകയും പിന്നീട് സുധാകര പക്ഷത്തേക്ക് ചായുകയും ചെയ്ത എം ലിജുവിനെ സ്ഥാനാർത്ഥിയാക്കണമെന്ന് അവസാന നിമിഷം വരെ സുധാകരൻ വാദിച്ചിരുന്നു. ലിജുവിനൊപ്പം ഡൽഹിയിലെത്തി ഹൈക്കമാൻഡ് നേതാക്കളിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. എന്നിട്ടും എം ലിജുവിന്റെ പേര് ഹൈക്കമാൻഡ് അംഗീകരിച്ചില്ല. കെ.സി വേണുഗോപാലാണ് ഇതിന് പിന്നിലെന്നായിരുന്നു സൂചന.
എം ലിജുവിനെ പരിഗണിക്കുന്നതിൽ സതീശൻ – എ ഗ്രൂപ്പ് സഖ്യത്തിനും എതിർപ്പുണ്ടായിരുന്നു. സതീശൻ പാച്ചേനിയുടെ പേരാണ് കെ സുധാകരൻ നേരത്തെ മുന്നോട്ട് വച്ചിരുന്നത്. രമേശ് ചെന്നിത്തലയുടെ താല്പര്യം കൂടി കണക്കിലെടുത്താണ് ലിജുവിലേക്കെത്തിയത്. സുധാകരനും രമേശ് ചെന്നിത്തലയ്ക്കുമൊപ്പം നിന്നിരുന്ന കെ മുരളീധരൻ എം ലിജുവിനെ സ്ഥാനാർത്ഥിയാക്കുന്നതിനെ എതിർത്തത് തിരിച്ചടിയായി. പത്മജാ വേണുഗോപാലും അതൃപ്തി അറിയിച്ചു. ശ്രീനിവാസൻ കൃഷ്ണൻ, ഷാനിമോൾ ഉസ്മാൻ,ബിന്ദു കൃഷ്ണ, വി ടി ബൽറാം, മുല്ലപ്പളളി രാമചന്ദ്രൻ,എന്നിവരുടെയെല്ലാം പേരുകളും ചർച്ചയിൽ ഉയർന്നുവന്നിരുന്നു.
മുസ്‌ലിം സമുദായത്തിൽ നിന്നു ആരെയും കോൺഗ്രസ്, പാർലമെന്റിലേക്ക് അയക്കുന്നില്ലെന്ന വിമർശനവുമുണ്ടായി. എം എം ഹസന്റെ പേരായിരുന്നു ഈ വിഭാഗം മുന്നോട്ട് വച്ചത്. എൽ ഡി എഫ് യുവപ്രാതിനിധ്യം ഉറപ്പാക്കുമ്പോഴും കോൺഗ്രസ് യുവാക്കളെയും വനിതകളെയും പരിഗണിക്കുന്നില്ലെന്നും പാർട്ടിക്കുള്ളിൽ നിന്നു തന്നെ വിമർശനം ഉയർന്നു.
പക്ഷെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ പട്ടികയിൽ ഇടം പിടിക്കാത്ത ജെബി മേത്തർ സ്ഥാനാർത്ഥി ആയത് നേതൃത്വത്തിൽ സൃഷ്ടിച്ച അമ്പരപ്പ് ചില്ലറയല്ല. പട്ടിക സമർപ്പിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ ഹൈക്കമാൻഡ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതോടെ കെ സുധാകരനും വി ഡി സതീശനും നോക്കുകുത്തികളാക്കപ്പെട്ടു എന്നാണ് ആക്ഷേപം.
കേരളത്തിലെ പാർട്ടിയിൽ സ്ത്രീകൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന ആക്ഷേപത്തിനുള്ള മറുപടിയാണ് ജെബി മേത്തറിന്റെ സ്ഥാനാർത്ഥിത്വമെന്ന വാദം ഉയർത്തിയാണ് നേതാക്കൾ അതൃപ്തി ഒതുക്കുന്നത്.കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് പേയ്മെന്റ് സീറ്റാണെന്ന് ആരോപിച്ച് ആർ എസ് പി രംഗത്തു വന്നത് യു.ഡി.എഫിനും നാണക്കേടായി. സീറ്റ് ജെബി മേത്തർ പണം കൊടുത്ത് വാങ്ങിയതാണെന്നാണ് ആർ എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസ് ആരോപിച്ചത്.
അതിനിടെ, ജെബിയുടെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ പരിഹാസം നിറയുകയാണ്. കോൺഗ്രസിനുവേണ്ടി അടികൊണ്ടും പോസ്റ്ററൊട്ടിച്ചും നടന്നവരൊക്കെ പുറത്തായപ്പോൾ നേതാക്കളുടെ പാദസേവ ചെയ്തു നടന്നവർ പദവികളിൽ കയറിപ്പറ്റുകയാണെന്ന നിലയിലാണ് സോഷ്യൽ മീഡിയ ട്രോളുകൾ.ഇനിയും എന്തൊക്കെ വരാനിരിക്കുന്നു….
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.