കൊവിഡാനന്തര സാഹചര്യം എങ്ങിനെ നേരിടണമെന്ന് പദ്ധതി തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി

ഗവണ്‍മെന്റിന്റെ ധനവിനിയോഗ ബില്ലിന്മേല്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് ജോണ്‍ ബ്രിട്ടാസ് എംപി സംസാരിച്ചു.കൊവിഡാനന്തര സാഹചര്യം എങ്ങനെ നേരിടണമെന്നത് സംബന്ധിച്ച് ഒരു സമഗ്ര പദ്ധതി തയ്യാറാക്കാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജോണ്‍ ബ്രിട്ടാസ് എംപിയുടെ വാക്കുകള്‍

ബഡ്ജറ്റില്‍ പ്രതിപാദിക്കുന്ന അഡ്വാന്‍സ് എസ്റ്റിമേറ്റുകള്‍ രാജ്യത്തെ ഇരുപതോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സംഘടിതമേഖലയെ മുന്‍നിര്‍ത്തി തയ്യാറാക്കിയിട്ടുള്ളതാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന അസംഘടിതമേഖലയേയും മറ്റും പരിഗണിക്കാത്തതിനാല്‍ തന്നെ ഈ വര്‍ഷത്തെ ബഡ്ജറ്റിലെ അഡ്വാന്‍സ് എസ്റ്റിമേറ്റ് കഴിഞ്ഞ വര്‍ഷത്തെ യഥാര്‍ത്ഥ വളര്‍ച്ച നിരക്ക് പ്രതിഫലിപ്പിക്കുന്നില്ല. 2017-18ല്‍ രാജ്യത്തെ കോര്‍പ്പറേറ്റ് നികുതി ജിഡിപിയുടെ 3.3 ശതമാനമായിരുന്നെങ്കില്‍, 2021-22 ആയപ്പോഴേക്കും അത് 2.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഗവണ്‍മെന്റിന്റെ കോര്‍പ്പറേറ്റ് പ്രീണന നയങ്ങള്‍ കാരണം 2017-18മുതല്‍ 1.6 ലക്ഷം കോടി രൂപയോളം പ്രതിവര്‍ഷം കോര്‍പ്പറേറ്റ് നികുതി ഇനത്തില്‍ കുറവ് വന്നിട്ടുണ്ട്.

2018-19ല്‍ ജിഡിപിയുെട 3.1ശതമാനമായിരുന്ന ജിഎസ്ടി വരുമാനം ഇപ്പോള്‍ 2.8 ശതമാനമായി കുറഞ്ഞു. പണക്കാരെ കൂടുതല്‍ സമ്പന്നരാക്കുകയും പാവപ്പെട്ടവരെ കൂടുതല്‍ ദരിദ്രരാക്കുകയും ചെയുന്നതാണ് ഈ ബഡ്ജറ്റ്. നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ് ലൈന്‍ രാജ്യത്തിന്റെ വിഭവങ്ങള്‍ അന്യായമായി ചൂഷണം ചെയ്യാനുള്ള ഒരു മാര്‍ഗം മാത്രമാണ്. ജിഡിപിയുടെ 12 ശതമാനം മാത്രമാണ് നികുതി വരുമാനം. എന്നാല്‍ ഇത് യുകെ, ഫ്രാന്‍സ്, ഫിന്‍ലെന്റ്റ്, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ യഥാക്രമം 24%, 24%, 21%, 14% എന്നിങ്ങനെയാണ്. ആഗോള വിശപ്പ് സൂചികയിലെയും സന്തോഷ സൂചികയിലെയും ഇന്ത്യയുടെ സ്ഥാനം രാജ്യത്തിന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടുന്നതാണ്.

64 കൊല്ലം മുന്‍പ് എല്‍ഐസിക്ക് വേണ്ടി വെറും അഞ്ച് കോടി രൂപയാണ് ഗവണ്‍മെന്റ് ചെലവാക്കിയതെങ്കില്‍ ഇപ്പോള്‍ എല്‍ഐസിയുടെ മൂല്യം 38 ലക്ഷം കോടി രൂപയാണ്. പോളിസി ഉപഭോക്താകള്‍ക്ക് ഈ സ്ഥാപനത്തിനോടുള്ള വിശ്വാസത്തിന്മേലാണ് എല്‍ഐസി വളര്‍ന്നതും ഗവണ്‍മെന്റിന് വരുമാനം നല്‍കിക്കൊണ്ടിരിക്കുന്നതും . എന്നാല്‍ രാജ്യത്തെ ഉപഭോക്താക്കളുടെ വിശ്വാസത്തെ ഇല്ലാതാക്കി ഈ സ്ഥാപനം സ്വകാര്യവത്ക്കരിക്കാനാണ് ഗവണ്‍മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ജിഎസ്ടി നിയമം പ്രാബല്യത്തില്‍ വന്നതോടുകൂടി സംസ്ഥാനങ്ങളുടെ നികുതി നിര്‍ണയ അധികാരങ്ങള്‍ പലതും ഗണ്യമായി കവര്‍ന്നെടുക്കപ്പെട്ടു. ഇത് ഫെഡറല്‍ മൂല്യങ്ങള്‍ക്കെതിരാണ്. പെട്രോളിയം ഉല്പന്നങ്ങളുടെ വിലനിര്‍ണയം കൂടി ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുകയാണെങ്കില്‍ സംസ്ഥാനങ്ങളുടെ സ്വയം നിര്‍ണയാവകാശങ്ങള്‍ പൂര്‍ണമായും ഹനിക്കപ്പെടുന്ന അവസ്ഥ സംജാതമാകും.

സാമൂഹികമേഖല ഉള്‍പ്പടെയുള്ളവയില്‍ അഭിമാനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കേരളം കാഴ്ചവെച്ചത് മൂലം ഈ വര്‍ഷത്തെ ബഡ്ജറ്റ് വിഹിതത്തില്‍ കുറവ് വരുത്തുന്നത് സംസ്ഥാനത്തെ ശിക്ഷിക്കുന്നതിന് തുല്യമാണ്. പത്താം ധനകാര്യ കമ്മീഷന്റെ കാലയളവില്‍ കേന്ദ്ര നികുതി വരുമാനത്തിന്റെ 3.9 ശതമാനം കേരളത്തിന് വിഹിതമായി കിട്ടിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 1.9 ശതമാനമായി കുറഞ്ഞിരിക്കുന്നു.

സംസ്ഥാനങ്ങളുടെ ആവശ്യങ്ങളോടും പരാതികളോടും അനുഭാവപൂര്‍ണമായ സമീപനമായിരിക്കണം കേന്ദ്രം സ്വീകരിക്കേണ്ടത്. 2020-21ല്‍ പെട്രോളിയം നികുതി ഇനത്തില്‍ 3.7 ലക്ഷം കോടി രൂപ കേന്ദ്രത്തിന് വരുമാനമായി ലഭിച്ചതില്‍ വെറും 18,000 കോടി രൂപമാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കു വെയ്ക്കാന്‍ കേന്ദ്രം തയ്യാറായത്. ആകയാല്‍ സംസ്ഥാനങ്ങളെ അര്‍ഹമായ രീതിയില്‍ കേന്ദ്രം പരിഗണിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News