വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണം; തൊഴില്‍ നഷ്ടപ്പെട്ടവരുടെ കണക്കുകള്‍ വെളിപ്പെടുത്താതെ കേന്ദ്രം

രാജ്യത്തെ എട്ട് വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ കണക്കുകള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച് വ്യോമയാന മന്ത്രാലയം. രാജ്യ സഭയില്‍ സി.പി.ഐ എം.പി ബിനോയ് വിശ്വം ചോദിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിയിലാണ് കേന്ദ്ര ഗവണ്മെന്റിന്റെ ഈ മൗനം.

സ്വകാര്യ കമ്പനികള്‍ക്ക് കൈമാറിയ വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ അവസ്ഥയെക്കുറിച്ചുള്ള മൗനം അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന സര്‍ക്കാരിന്റെ അവകാശവാദത്തിന് വിരുദ്ധമാണ്. 2022-2025 കാലയളവില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) 25 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കുമെന്ന് മറുപടിയില്‍ പറയുന്നു. കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചതു മുതല്‍,AAI-യുടെ ജീവനക്കാര്‍ ഈ നീക്കത്തിനെതിരെ രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളില്‍ നിരന്തരം പ്രതിഷേധമുയര്‍ത്തുന്നുണ്ട്.

എയര്‍പോര്‍ട്ടുകളുടെ സ്വകാര്യവല്‍ക്കരണം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിലേക്ക് നയിക്കുമെന്ന അവരുടെ ആശങ്ക സര്‍ക്കാര്‍ ക്രൂരമായി അവഗണിച്ചു. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ തലം വരെയുള്ള ജീവനക്കാര്‍ക്ക് 3 വര്‍ഷത്തേക്ക് (അതായത് 1 വര്‍ഷത്തെ ജോയിന്റ് മാനേജ്മെന്റ് കാലയളവും തുടര്‍ന്ന് 2 വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കാലയളവും) അതാത് വിമാനത്താവളത്തില്‍ തുടരാമെന്ന് മന്ത്രാലയം അറിയിച്ചു.

കൂടാതെ, നിലവിലുള്ള നിബന്ധനകളെക്കാള്‍ കുറയാതെ ചുരുങ്ങിയത് 60% ജീവനക്കാര്‍ക്കെങ്കിലും അപ്പോയിന്റ്‌മെന്റ് ഓഫര്‍ നീട്ടാന്‍ കണ്‍സഷനയര്‍ ബാധ്യസ്ഥനാണ്. എന്നാല്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണമില്ലാത്തത്, കരാര്‍ ജീവനക്കാരെ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ ചൂഷണം ചെയ്യുന്നത് തുടങ്ങിയ ജീവനക്കാര്‍ ഉന്നയിക്കുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയില്ല. ഇതിനു പുറമെ , 2020-21കാലയളവില്‍, AAI-ക്ക് ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലെ സ്വകാര്യ പങ്കാളികളില്‍ നിന്നുള്ള വരുമാന വിഹിതമായി 29,862 കോടി രൂപ ലഭിച്ചതായും ഡാറ്റ വെളിപ്പെടുത്തുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here