പാവങ്ങളുടെ പടനായകന്‍ എ കെ ജിയെ അനുസ്മരിച്ച് എം എ ബേബി

സഖാവ് എ കെ ജി യുടെ ഓര്‍മ്മദിനത്തില്‍ എ കെ ജിയെ അനുസ്മരിച്ച് സഖാവ് എം എ ബേബി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എം എ ബേബി അനുസ്മരണ കുറിപ്പ് പങ്കുവെച്ചത്.

ഫേസ്ബുക്കിന്റെ പൂര്‍ണ രൂപം:-

സഖാവ് എ കെ ജി യുടെ ഓര്‍മ്മകള്‍ക്ക് 45 വര്‍ഷം. കണ്ണൂര്‍ പെരളശ്ശേരിക്കടുത്ത് മക്രേരി ഗ്രാമത്തില്‍ 1902-ലാണ് സഖാവ് ജനിച്ചത്.കുറച്ചു കാലം അദ്ധ്യാപകനായിരുന്നു. 1930- ല്‍ ജോലി രാജി വച്ച് ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്ത് ജയില്‍വാസം വരിച്ചു കൊണ്ട് ആരംഭിച്ച അദ്ദേഹത്തിന്റെ പൊതുജീവിതം 1977 മാര്‍ച്ച് 22-ാം തീയതി അന്തരിക്കുന്നതുവരെ ഇന്ത്യയിലാകമാനം നിറഞ്ഞുനിന്നു. ജനങ്ങള്‍ക്കൊപ്പം നിന്ന് ജനങ്ങളില്‍ നിന്ന് പഠിച്ച് അവരെ നയിച്ച കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം.

നവോത്ഥാനപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ച സാമൂഹ്യ മാറ്റത്തിന്റെ അജണ്ടകളെ വര്‍ഗബോധത്തിന്റെ തലത്തിലേക്ക് വളര്‍ത്തിയെടുത്താണ് കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്രാപിച്ചത്. നവോത്ഥാന പ്രസ്ഥാനത്തെ രാഷ്ട്രീയമായ സാമ്രാജ്യത്ത്വവിരുദ്ധ സ്വാതന്ത്ര്യസമരവുമായി കൂട്ടിയിണക്കുന്ന ഗുരുവായൂര്‍ സത്യാഗ്രഹത്തിലെ ഒരുപ്രധാന പോരാളിയായിരുന്നു എ.കെ.ജി.
പാലിയം സമരത്തെ ജ്വലിപ്പിച്ചു നിര്‍ത്തുന്നതിലും എ.കെ.ജി സുപ്രധാനമായ പങ്ക് വഹിച്ചു. ദളിതര്‍ക്ക് വഴിനടക്കാന്‍ വേണ്ടി കണ്ണൂര്‍ ജില്ലയിലെ കണ്ടോത്ത് സംഘടിപ്പിച്ച സമരവും വളരെ പ്രധാനമായിരുന്നു. കോഴിക്കോട് – ഫറോക്ക് മേഖലയില്‍ മലബാറിലെ ആദ്യത്തെ തൊഴിലാളി യൂണിയനുകള്‍ കെട്ടിപ്പടുത്തതും, പണിമുടക്കുകള്‍ സംഘടിപ്പിച്ചതും
സഖാവ് പി കൃഷ്ണപിള്ളയോടൊപ്പം എ.കെ.ജിയായിരുന്നു. വടക്കെ മലബാറില്‍ ഉശിരന്‍ കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും എ.കെ.ജിയുടെ സംഭാവന വളരെ വലുതാണ്. എത്തിയ ഇടങ്ങളിലെല്ലാം അനീതികള്‍ക്കെതിരായുള്ള പോരാട്ടം എ.കെ.ജി സംഘടിപ്പിച്ചു. എവിടെ ഒരനീതിസംഭവിച്ചാലും തല്‍സമയം എ കെ ജി അവിടെ എത്തുകയും ജനങ്ങളെ അണിനിരത്തി പ്രതിഷേധസമരം ആരംഭിക്കുകയും ചെയ്തിരിക്കും എന്നതാണ് നാടിന്റെ അനുഭവം. അപ്പോഴൊക്കെ അറസ്റ്റുചെയ്ത് ജയിലിലടച്ചാല്‍ എ.കെ.ജിയിലെ പ്രക്ഷോഭകാരിയെ ദുര്‍ബ്ബലപ്പെടുത്താമെന്നായിരുന്നു ഭരണാധികാരികള്‍ കരുതിയത്. ജയിലുകളിലും എ.കെ.ജി പ്രക്ഷോഭമുയര്‍ത്തി. സമരപോരാട്ടങ്ങളില്‍ സജീവമാകാന്‍ ജയില്‍ ചാടിയ അനുഭവവും എ.കെ.ജിക്കുണ്ട്. 1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോഴും എ.കെ.ജി ജയിലഴിക്കകത്തായിരുന്നു. പിന്നീട് പ്രക്ഷോഭത്തെത്തുടര്‍ന്ന് ഒക്ടോബര്‍ 24-നാണ് സഖാവ് മോചിതനാകുന്നത്.

കോടതി പോലും എ.കെ.ജിക്ക് സമരവേദിയായിരുന്നു. മുടവന്‍മുഗള്‍ കേസുമായി ബന്ധപ്പെട്ട് എ.കെ.ജിയെ ജയിലിലടച്ചപ്പോള്‍ അതിനെതിരെ സ്വയം കേസ് വാദിച്ച് മോചനം വാങ്ങിയ അനുഭവവും സഖാവിനുണ്ട്. ഭരണഘടനയുടെ 22-ാം വകുപ്പിലെ ചില പഴുതുകള്‍ ഉപയോഗിച്ച് കരുതല്‍ തടങ്കല്‍ നിയമപ്രകാരം രാഷ്ട്രീയ എതിരാളികളെ അനിശ്ചിതകാലത്തേക്ക് ജയിലില്‍ അടയ്ക്കാനുള്ള നിയമം സര്‍ക്കാര്‍ ഉണ്ടാക്കി. ഇത് ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ വ്യവസ്ഥ ചെയ്യുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു കാണിച്ച് അന്ന് ജയിലിലായിരുന്ന എ.കെ.ജി സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനയുടെയും സ്വതന്ത്ര ഇന്ത്യയിലെ നിയമവാഴ്ചയുടെയും ചരിത്രത്തില്‍ പ്രമുഖസ്ഥാനം നേടിയ ഈ കേസിനെ നിയമഭാഷയില്‍ ‘എ.കെ. ഗോപാലന്‍ വേഴ്സസ് സ്റ്റേറ്റ് ഓഫ് മദ്രാസ്’ എന്ന പേരില്‍ വിളിക്കുന്നു. നിയമവിദ്യാര്‍ത്ഥികള്‍ക്ക് ഈ കേസ് പഠനവിഷയമാണ്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വേദികളെ എങ്ങനെ ജനങ്ങള്‍ക്കനുകൂലമാക്കി ഉപയോഗിക്കാമെന്ന് സ്വന്തം അനുഭവത്തിലൂടെ കാണിച്ചുകൊടുത്ത കമ്യൂണിസ്റ്റായിരുന്നു എ.കെ.ജി. 1952 മുതല്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായി എ.കെ.ജി പ്രവര്‍ത്തിച്ചു. ഈ ഘട്ടങ്ങളില്‍ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സഖാവ് നടത്തിയ ഇടപെടലുകള്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ അപൂര്‍വ്വ സംഭവങ്ങളാണ്.

എ.കെ.ജി നയിച്ചിട്ടുള്ള ജാഥകളെല്ലാം തന്നെ രാഷ്ട്രീയകൊടുങ്കാറ്റുകള്‍അഴിച്ചുവിട്ടിട്ടുള്ളവയാണ്. ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തെ തുടര്‍ന്ന് കേരളമാകെ പര്യടനം നടത്തിയ പട്ടിണിജാഥ, തിരുവിതാംകൂറിലെ ഉത്തരവാദഭരണപ്രക്ഷോഭത്തെ സഹായിക്കാന്‍ പോയ മലബാര്‍ ജാഥ, 1960 ല്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ നടത്തിയ കര്‍ഷകജാഥ എന്നിവയെല്ലാം അത്തരത്തിലായിരുന്നു. അമരാവതിയിലെ കുടിയിറക്കലിനെതിരെ എ.കെ.ജി നടത്തിയ നിരാഹാരസമരം കേരളത്തിലെ ഐതിഹാസിക സമരങ്ങളിലൊന്നാണ്.ചുരുളി- കീരിത്തോട്ടിലേയും, കൊട്ടിയൂരിലേയും കുടിയിറക്കലിനെതിരായി എ.കെ.ജി നടത്തിയ സമരങ്ങളും കേരളത്തിലെ പാവപ്പെട്ടവരുടെ ജീവിതത്തെ മാറ്റി മറിച്ചതാണ്.

ഇന്ദിരാഗാന്ധി 1975 ല്‍ നടപ്പില്‍ വരുത്തിയ അടിയന്തിരാവസ്ഥക്കെതിരായി എ.കെ.ജി നടത്തിയ ഉജ്ജ്വലസമരമാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തെ തീരെ ക്ഷയിപ്പിച്ചതും പെട്ടെന്ന് അന്ത്യത്തിനിടയാക്കിയതും. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെതിരായുള്ള പ്രവര്‍ത്തനങ്ങളിലും എ.കെ.ജി സജീവമായിരുന്നു. അടിയന്തരാവസ്ഥയിലൂടെ അര്‍ദ്ധ ഫാസിസ്റ്റ് ഭീകരവാഴ്ച നടപ്പിലാക്കിയ സര്‍ക്കാരിനെ ജനങ്ങള്‍ കടപുഴക്കി വീഴ്ത്തിയ ഘട്ടത്തിലാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്.

1977 മാര്‍ച്ച് 22 ന് തിരുവനന്തപുരം പാളയത്തുള്ള പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലിരുന്ന് ഞങ്ങള്‍ ആകാശവാണിയില്‍ തെരഞ്ഞെടുപ്പ് ഫലം കേള്‍ക്കുകയായിരുന്നു. സഖാവ് പുത്തലത്ത് നാരായണനും മറ്റും ഉണ്ട്. അടിയന്തരാവസ്ഥക്ക് അയവു വരുത്തിക്കൊണ്ട് നടത്തിയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്നു. പക്ഷേ, കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിലും കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിലും സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള മുന്നണി പരാജയപ്പെടുന്നു. ആഹ്ലാദവും ദുഖവും ഒരുമിച്ചു തന്നു കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം.

പെട്ടെന്നാണ് എ കെ ജിക്ക് അസുഖം മൂര്‍ച്ഛിച്ചിരിക്കുന്നു എന്ന അറിയിപ്പുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ആളു വന്നത്. ഞങ്ങളെല്ലാം പെട്ടെന്ന് അങ്ങോട്ടു പോയി. അസുഖം വല്ലാതെ കൂടിയ എ കെ ജിയെ ആണ് ആശുപത്രിയില്‍ കണ്ടത്. സഖാവ് കെ മോഹനന്‍ ഒരു റേഡിയോയില്‍ വാര്‍ത്തകള്‍ കേട്ട് എ കെ ജിയോട് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. സഖാവ് സുശീലയും ഡോ പി കെ ആര്‍ വാര്യരും കൂടെ മുറിയിലുണ്ട്. കുറച്ചു കഴിഞ്ഞപ്പോള്‍ എ കെ ജിക്ക് ശ്വാസം എടുക്കാന്‍ തന്നെ ബുദ്ധിമുട്ടായി. വയറ് വല്ലാതെ ഉയരാനും താഴാനും തുടങ്ങി. സഖാവ് സുശീല വല്ലാതെ കരയുകയായിരുന്നു. അല്പനേരം കൊണ്ട് എ കെ ജിയുടെ ശരീരം നിശ്ചലമായി. കേരള ചരിത്രത്തിലെ ഒരു യുഗം അവസാനിക്കുന്നതിന് സാക്ഷ്യം വഹിക്കുകയായിരുന്നു ഞങ്ങള്‍. തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്തേക്ക് എ കെ ജിയുടെ മൃതദേഹവുമായി പോയ വാഹനത്തിന്റെ ഇരുവശവുമായി കൂടിയ ദുഖാര്‍ത്തരായ ജനങ്ങളുടെ സ്‌നേഹത്തില്‍ എ കെ ജി അവര്‍ക്കല്ലാം ആരായിരുന്നു എന്നു എനിക്ക് നേരിട്ട് കാണാനായി. സഖാവിന്റെ മരിക്കാത്ത ഓര്‍മകള്‍ക്ക് മുന്നില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News