പാവപ്പെട്ടവരുടെ പടത്തലവന്‍ എകെജിയെ അനുസ്മരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

പാവപ്പെട്ടവരുടെ പടത്തലവന്‍ എന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന നേതാവായ എ കെ ജിയുടെ വേര്‍പാടിന്റെ 45-ാം വാര്‍ഷികദിനമാണ് ഇന്ന്. നാലരപ്പതിറ്റാണ്ട് പിന്നിടുമ്പോഴും എ കെ ജിയുടെ ഓര്‍മ, ജ്വലിക്കുന്ന വിപ്ലവചൈതന്യമാണ്. കേരളത്തെ ഇന്നത്തെ കേരളമാക്കിയതിന്റെയും ഇന്ത്യയിലെ ജനങ്ങളില്‍ വിപ്ലവകരമായി ഉണര്‍വുണ്ടാകുന്നതിന്റെയും ചരിത്രം മനസ്സിലാക്കാന്‍ എ കെ ജിയുടെ ജീവിതകഥ ഉപകരിക്കും.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ ഘട്ടത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ സമുജ്വലപ്രതീകമായ നേതാവിനെ അനുസ്മരിക്കുന്നതില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് അനേകം നേതാക്കളുടെയും ജനവിഭാഗങ്ങളുടെയും നേതൃത്വത്തില്‍ നടന്ന വ്യത്യസ്തസ്വഭാവത്തിലെ പ്രത്യയശാസ്ത്ര -സമരധാരകളുടെ പ്രഭാവത്താലാണ്. അതില്‍ ധീരമായ ഒരു പങ്കുവഹിച്ച ഇടതുപക്ഷകമ്യൂണിസ്റ്റ് ധാരയ്ക്ക് നേതൃത്വം നല്‍കിയ നേതാക്കളില്‍ പ്രമുഖനാണ് എ കെ ജി. ബ്രിട്ടീഷ് സാമ്രാജ്യത്വവാഴ്ചയിലെ അനീതിക്കും അടിമത്വത്തിനുമെതിരെ നാടിനെയും നാട്ടുകാരെയും തട്ടിയുണര്‍ത്തി ആഞ്ഞടിക്കുകയായിരുന്നു ആ ജീവിതം.

ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കാന്‍ അയിത്തവും ജാതിഭ്രഷ്ടും ചൂഷണവും അവസാനിപ്പിച്ച് ജനങ്ങളെ യോജിപ്പിക്കണം എന്നതായിരുന്നു എ കെ ജി ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവച്ച ആശയം. അതിനുവേണ്ടി ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രവേശനത്തിനും വഴിനടക്കലിനും സ്വാതന്ത്ര്യത്തിനുമായി പടപൊരുതി. ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ കഠിനമായ മര്‍ദനമേല്‍ക്കേണ്ടിവന്നു. പിന്നീട് ആ സമരം വിജയം കണ്ടു. 1932ല്‍ ഗുരുവായൂര്‍ സത്യഗ്രഹം കഴിഞ്ഞ് പയ്യന്നൂരിലെത്തിയ എ കെ ജി, അവിടെ കൊടികുത്തി വാണ അയിത്തത്തിനും സഞ്ചാരസ്വാതന്ത്ര്യനിഷേധത്തിനും എതിരെ സമരം തുടങ്ങി. കേരളീയനും ഒപ്പമുണ്ടായിരുന്നു. കീഴ്ജാതിക്കാര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കില്ലെന്ന വാശിയോടെ ജാതിക്കോമരങ്ങള്‍ അക്രമം തുടങ്ങി. മണ്‍കയ്യാലകള്‍ക്കു പിന്നില്‍ മറഞ്ഞിരുന്ന യാഥാസ്ഥിതികര്‍ ജാഥയുടെ മുന്നില്‍ ചാടിവീണു. ഉലക്കയും കുറുവടിയും ഉപയോഗിച്ച് എ കെ ജിയെയും കേരളീയനെയും ബോധംകെടുവോളം അടിച്ചുവീഴ്ത്തി. എ കെ ജിയുടെ മരണമൊഴി മജിസ്‌ട്രേട്ട് രേഖപ്പെടുത്തി.

എ കെ ജി തല്ലുകൊണ്ടുവീണ പൊതുവഴികള്‍ ഉത്തരകേരളത്തില്‍ വേറെയുമുണ്ടായിരുന്നു. ഇത്തരം സമരങ്ങളുടെ ഫലമായി ആ വഴികളെല്ലാം അയിത്തജാതിക്കാര്‍ എന്നു വിളിക്കപ്പെട്ടവര്‍ക്ക് തുറന്നുകൊടുക്കാന്‍ പിന്നീട് നിര്‍ബന്ധിതമായി. ബ്രിട്ടീഷ് ഭരണത്തിലും പില്‍ക്കാലത്തെ ജനവിരുദ്ധ കേന്ദ്രസര്‍ക്കാര്‍ ഭരണങ്ങളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ജനകീയസമരങ്ങളില്‍ എ കെ ജി നിര്‍ണായക പങ്കുവഹിച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഈ സമരനായകന്‍ കണ്ണൂരിലെ സെന്‍ട്രല്‍ ജയിലില്‍ ഇരുട്ടുമുറിയില്‍ ഏകനായിരുന്നു. ദീര്‍ഘകാലം കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും സെക്രട്ടറിയും എഐസിസി അംഗവുമായിരുന്ന ആള്‍ ആദ്യത്തെ സ്വാതന്ത്ര്യദിനത്തിലെ ആഗസ്ത് 15 ജയിലിലാണ് ആഘോഷിച്ചത്. ദേശീയപതാകയേന്തി ജയില്‍ വളപ്പില്‍ അദ്ദേഹം നടന്നു. എല്ലാ തടവുകാരെയും വിളിച്ചുകൂട്ടി ജയില്‍കെട്ടിടത്തിന്റെ മുകളില്‍ കൊടികെട്ടി. സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രഭാഷണവും നടത്തി.

സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റുകാരുടെ പങ്ക് എത്രമാത്രം വലുതാണ് എന്നതിന് എ കെ ജിയുടെ പോരാട്ടത്തിന്റെ ഏടുകള്‍ മറിച്ചുനോക്കിയാലറിയാം. സ്വാതന്ത്ര്യസമരത്തിനു മുമ്പും പിമ്പുമായി 20 തവണയാണ് തടവറയില്‍ അടച്ചത്. ജയില്‍വാസം 17 വര്‍ഷം നീണ്ടതാണ്. ഭരണഘടന പഠിക്കുന്ന നിയമവിദ്യാര്‍ഥികള്‍ പലവട്ടം ഉരുവിടുന്ന വിധിന്യായമാണ് എ കെ ഗോപാലന്‍ സ്റ്റേറ്റ് ഓഫ് മദ്രാസ് എന്നത്. 1950ല്‍ സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായ ഈ വിധി മൗലികാവകാശങ്ങളെ സംബന്ധിച്ച ആദ്യത്തെ വിധിന്യായമാണ്. ഭരണഘടനാമൂല്യങ്ങളെ പിച്ചിച്ചീന്തി മോദി ഭരണം ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ തേര്‍വാഴ്ച നടത്തുമ്പോള്‍ ഭരണഘടന സംരക്ഷിക്കാന്‍ എ കെ ജി സുപ്രീംകോടതി ഉള്‍പ്പെടെയുള്ള കോടതികളിലും കോടതികള്‍ക്കു പുറത്തും നടത്തിയ സമരം പ്രസക്തമാണ്.

ഇന്ത്യന്‍ കര്‍ഷകവര്‍ഗത്തിന്റെയും തൊഴിലാളിവര്‍ഗത്തിന്റെയും വിമോചനപ്പോരാട്ടങ്ങളിലെ ഏറ്റവും വലിയ പ്രചോദനകേന്ദ്രവും വഴികാട്ടി നക്ഷത്രവുമാണ് എ കെ ജി. രണ്ടാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ട സമീപസമയത്തെ കര്‍ഷകസമരം കേന്ദ്രസര്‍ക്കാരിനെ മുട്ടുകുത്തിക്കുകയും വിജയംനേടുകയും ചെയ്തു. എ കെ ജി നയിച്ച കര്‍ഷകസമരങ്ങളുടെ പിന്‍ബലം ഈ വിജയത്തില്‍ ഉള്‍ച്ചേര്‍ക്കപ്പെടുന്നു. കേന്ദ്രസര്‍ക്കാരിന്റെ പൊതുമുതല്‍ വിറ്റുതുലയ്ക്കല്‍ നയത്തിനും കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കും എതിരെ ഇന്ത്യയിലെ തൊഴിലാളിവര്‍ഗം ഈ മാസം 28നും 29നും പൊതുപണിമുടക്ക് നടത്തുകയാണ്. ഈ ദേശീയ സമരത്തിന് ആവേശം പകരാന്‍ എ കെ ജി സ്മരണ ഉപകരിക്കും. ഇന്ത്യന്‍ റെയില്‍വേ തൊഴിലാളികളുടെയും കമ്പിത്തപാല്‍ ജീവനക്കാരുടെയും ഉള്‍പ്പെടെ പ്രക്ഷോഭങ്ങള്‍ക്ക് എ കെ ജി നല്‍കിയ നേതൃത്വവും പോരാട്ടവീര്യവും ഈ ഘട്ടത്തില്‍ പ്രത്യേകം ഓര്‍മിക്കപ്പെടുന്നതാണ്.

തനിക്ക് ശാരീരികമായി വേദനിക്കുമ്പോഴും നിങ്ങള്‍ക്ക് വേദനിക്കുന്നുവോ എന്ന് ആരാഞ്ഞ് അവരുടെ വേദന അകറ്റാന്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ഒപ്പം കൂടുന്നതായിരുന്നു എ കെ ജിയുടെ ശീലം. ഒന്നാം ലോക്സഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന എ കെ ജി പിന്നീട് 1977 വരെ സഭയിലെ പ്രതിപക്ഷ ശബ്ദമായി. തീവണ്ടിയാത്രകള്‍ക്കിടയില്‍ പോലും ജനങ്ങളുടെ കത്തുകള്‍ക്ക് മറുപടി എഴുതുകയും കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കായി കമ്പിയടിക്കുകയും ചെയ്യുമായിരുന്നു. പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും ഏറ്റവും കൂടുതല്‍ ടെലഗ്രാം ചെയ്ത നേതാവും എ കെ ജിയാണ്.

പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ കരിനിയമം ലംഘിച്ച് പ്രകടനം നടത്തിയതിന് എറണാകുളത്ത് എ കെ ജിയെ അറസ്റ്റ്ചെയ്തു. ആഴ്ചകള്‍ക്കുശേഷം വിട്ടയച്ചപ്പോള്‍ നേരെ പാര്‍ലമെന്റിലെത്തി ഏകാധിപത്യഭരണത്തിന് താക്കീത് നല്‍കി. ഇന്ദിര ഗാന്ധി പെണ്‍ഹിറ്റ്ലറാകരുതെന്നു പറഞ്ഞു. എന്നെയും ഇ എം എസിനെയും വിട്ടശേഷം എന്റെ മൂവായിരം സഖാക്കളെ എന്തുകൊണ്ട് ജയിലില്‍നിന്നു വിടുന്നില്ല എന്നും മാര്‍ക്‌സിസ്റ്റുകാരെയും ഇടതുപക്ഷക്കാരെയും അറസ്റ്റ്ചെയ്തിട്ടില്ല എന്ന് ലോകത്തെ ധരിപ്പിക്കാനല്ലേ എന്നെയും ഇ എം എസിനെയും മാത്രം മോചിപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു. 45 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ പതിനേഴു വര്‍ഷവും ഞാന്‍ ജയിലിലായിരുന്നു. ജയിലിനെ ഒട്ടും ഭയക്കുന്ന ആളല്ല ഞാനെന്നും എ കെ ജി ഓര്‍മപ്പെടുത്തി.

സ്വാതന്ത്ര്യസമരകാലത്ത് വെല്ലൂര്‍ ജയില്‍ചാടി ഒളിവില്‍ കഴിഞ്ഞ ചരിത്രമുള്ള, സമരത്തിന്റെ ചുരുക്കപ്പേരാണ് എ കെ ജി. ഇതേ നേതാവ് തന്നെ സമരാഭാസങ്ങളെ നഖശിഖാന്തം എതിര്‍ത്തിരുന്നു. വര്‍ഗശത്രുക്കളുടെ സമരാഭാസങ്ങളോട് പുരോഗമനശക്തികള്‍ എന്ത് സമീപനം സ്വീകരിക്കണം എന്നതിന് എ കെ ജിയുടെ പ്രവര്‍ത്തനശൈലി ഉത്തരം നല്‍കുന്നതാണ്. ആത്മകഥയില്‍ അദ്ദേഹം ആവേശകരമായൊരു സ്വപ്നം വിവരിച്ചിട്ടുണ്ട്. സമരങ്ങളില്‍ വ്യാപൃതനായ താന്‍ കാലിടറി വീണെന്നുവരും. പക്ഷേ, ദരിദ്രരുടെയും ഭാരം ചുമക്കുന്നവരുടെയും ഇടത്തരക്കാരുടെയും വസന്തകാലം വിരിയുക തന്നെ ചെയ്യുമെന്നായിരുന്നു എ കെ ജിയുടെ വാക്കുകള്‍. ഇത്തരം ഒരു വസന്തകാലം പിറക്കുന്നതിനുള്ള വഴി തെളിച്ചുവിടുന്നതിന് കേരളത്തില്‍ ഇടതുപക്ഷ നേതൃസര്‍ക്കാരിന്റെ തുടര്‍ഭരണം ഉണ്ടാകണമെന്ന സ്വപ്നം എ കെ ജി, ഇ എം എസ് ഉള്‍പ്പെടെയുളള നേതാക്കള്‍ക്ക് ഉണ്ടായിരുന്നു. അത് ഇന്ന് യാഥാര്‍ഥ്യമായി. പക്ഷേ, എല്‍ഡിഎഫിന്റെ തുടര്‍ഭരണം വര്‍ഗശത്രുക്കളെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. അതിന്റെ പ്രതിഫലനമാണ് എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കെ -റെയിലിനെ കേന്ദ്രീകരിച്ച് അരാജകസമരത്തിന് വര്‍ഗശത്രുക്കള്‍ ഇറങ്ങിയിരിക്കുന്നത്.
പരിസ്ഥിതി ആഘാതപഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കുവേണ്ടിയാണ് അതിര്‍ത്തിക്കല്ല് നാട്ടുന്നത്. അത് പിഴുതെറിയുന്ന നിയമവിരുദ്ധ സമരത്തിന് കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫും ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ബിജെപിയും ഏകോദരസഹോദരങ്ങളെപ്പോലെ ഇറങ്ങിയിരിക്കുകയാണ്. ഇക്കൂട്ടര്‍ ഹൈക്കോടതിക്കു നല്‍കിയ ഹര്‍ജികള്‍ തള്ളുകയും ഭൂമി അളക്കാനുള്ള നടപടിക്ക് കോടതി പച്ചക്കൊടി കാട്ടുകയും ചെയ്തു. ഹൈക്കോടതി ഉത്തരവിനെപ്പോലും ചോദ്യംചെയ്ത് യുഡിഎഫ്, ബിജെപി ശക്തികള്‍ തീവ്രവര്‍ഗീയ വിഭാഗങ്ങളുമായി കൂട്ടുചേര്‍ന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍വിരുദ്ധ സമരത്തിനിറങ്ങിയിരിക്കുന്നത്. ഒന്നാം ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ വിമോചനസമരത്തെ തുറന്നുകാട്ടാന്‍ എ കെ ജി നടത്തിയ ഇടപെടലുകള്‍ വലുതാണ്. യഥാര്‍ഥ സമരങ്ങളെ പ്രോത്സാഹിപ്പിക്കുകയും വര്‍ഗശത്രുക്കളുടെ സമരാഭാസത്തെ തള്ളിപ്പറയുകയും ചെയ്ത എ കെ ജിയുടെ പാരമ്പര്യം നമുക്ക് ഉയര്‍ത്തിപ്പിടിച്ചേ മതിയാകൂ.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ നായകരില്‍ പ്രമുഖനായിരുന്ന എ കെ ജിയുടെ ജന്മസ്ഥലമായ കണ്ണൂരിലാണ് അദ്ദേഹം വളര്‍ത്തിയ സിപിഐ എമ്മിന്റെ 23-ാം പാര്‍ടി കോണ്‍ഗ്രസ് ഏപ്രില്‍ ആറു മുതല്‍ 10 വരെ ചേരുന്നത്. ഈ സമ്മേളനം സിപിഐ എമ്മിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായക സംഭാവനയാകും എന്ന് വര്‍ഗശത്രുക്കള്‍ തിരിച്ചറിയുന്നു. അതുകൂടി കണക്കിലെടുത്താണ് കേരളത്തിലെ സമാധാന അന്തരീക്ഷം ഇല്ലായ്മ ചെയ്യാന്‍ കെ റെയിലിന്റെ പേരില്‍ കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് അക്രമസമരത്തിന് യുഡിഎഫും ബിജെപിയും വ്യത്യസ്ത മതതീവ്രവാദ ഗ്രൂപ്പുകളും ഇറങ്ങിയിരിക്കുന്നത്. ഇതിന്റെ ആപത്ത് ജനസമൂഹത്തെ ധരിപ്പിക്കുന്നതിന് ഉണര്‍വോടെയുള്ള പ്രവര്‍ത്തനം നടത്താന്‍ എ കെ ജി സ്മരണ പ്രചോദനമാണ്. ഇന്ത്യ കണ്ട അതുല്യ വിപ്ലവകാരിയുടെ ഓര്‍മകള്‍ക്ക് പ്രണാമം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News