എ കെ ജിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

പാവങ്ങളുടെ പടത്തലവനായ എ കെ ജിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിണറായി വിജയന്‍ എ കെ ജി അനുസ്മരണ കുറിപ്പ പങ്കുവെച്ചത്. ഫേസ്ബുക്ക് കുറിപ്പിന്‍രെ പൂര്‍ണരൂപം:-

ഇന്ന് എ.കെ.ജി ദിനം. ‘പാവങ്ങളുടെ പടത്തലവന്‍’ എന്ന വിശേഷണം അന്വര്‍ത്ഥമാക്കിയ വിപ്ലവകാരിയായിരുന്നു സഖാവ് എ കെ ഗോപാലന്‍. കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെട്ട ദരിദ്രജനവിഭാഗത്തിന്റെ വിമോചനത്തിനായി സ്വജീവിതം ഉഴിഞ്ഞു വച്ച ത്യാഗനിര്‍ഭര രാഷ്ട്രീയജീവിതമായിരുന്നു എ.കെ.ജിയുടേത്. ആ മൂന്നക്ഷരങ്ങള്‍ പോരാട്ടവീറിന്റേയും സ്‌നേഹത്തിന്റേയും കമ്മ്യൂണിസത്തിന്റേയും പര്യായമായി ഇന്നും ജനകോടികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.

എ.കെ.ജി യോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവമാണ്. ജനങ്ങളോടുള്ള ആ സ്‌നേഹവും ജനങ്ങള്‍ എ.കെ.ജിയിലര്‍പ്പിച്ച വിശ്വാസവും അനുപമമാണ്. തലശ്ശേരി കലാപത്തിനു ശേഷം വര്‍ഗീയ ശക്തികള്‍ക്കെതിരെ ജനമൈത്രിയും മതസൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുന്നതിനായി എ.കെ.ജി നേതൃത്വം നല്‍കിയ പര്യടനവുമായി ബന്ധപ്പെട്ടുണ്ടായ ഒരു അനുഭവം ഓര്‍ക്കുകയാണ്. ആ യാത്രയില്‍ അദ്ദേഹത്തെ അനുഗമിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു.

തുടര്‍ച്ചയായ പൊതുപരിപാടികളും സുദീര്‍ഘ പ്രസംഗങ്ങളും നിരന്തര യാത്രയും എ.കെ.ജിയെ തീര്‍ത്തും അവശനാക്കിയിരുന്നു. തലശ്ശേരി കൊടുവള്ളിക്കടുത്ത് ഒരു പര്യടനവേദിയില്‍ എത്തിയപ്പോള്‍ കുറച്ചു സഖാക്കള്‍ വന്ന് കൊടുവള്ളിപ്പാലത്തിനു സമീപം എ.കെ.ജിയെ കാത്ത് ഒരു കൂട്ടമാളുകള്‍ നില്‍ക്കുന്നുണ്ടെന്നും അവിടെ ചെന്ന് സംസാരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. എ.കെ.ജിയുടെ ശാരീരികാവസ്ഥ കണക്കിലെടുത്ത്, മുന്‍കൂട്ടി നിശ്ചയിച്ച പൊതുയോഗം അടുത്തുള്ളപ്പോള്‍ അവിടെയുള്ളവര്‍ ഇങ്ങോട്ടു വന്നാല്‍ മതിയെന്ന് ഞാന്‍ അല്പം പരുഷമായിത്തന്നെ ആ സഖാക്കളോടു പറഞ്ഞു.

ആ സംഭാഷണത്തിന്റെ ചെറിയ ഭാഗം ശ്രവിക്കാനിടയായ എ.കെ.ജി കാര്യമെന്തെന്ന് എന്നെ അടുത്ത് വിളിച്ചു തിരക്കി. വിവരമറിഞ്ഞയുടന്‍ ആരോഗ്യത്തെക്കുറിച്ചുള്ള ഞങ്ങളുടെ ഉത്കണ്ഠകളെയൊക്കെ അവഗണിച്ച് അദ്ദേഹം അപ്പോള്‍ തന്നെ കൊടുവള്ളിയിലേക്ക് പോവുകയും സാധാരണയിലും സുദീര്‍ഘമായി ജനങ്ങളോട് സംസാരിക്കുകയും ചെയ്തു. അവരുടെ വിഷമങ്ങളും ആശങ്കകളും കേള്‍ക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അതുകഴിഞ്ഞ് അധികം വൈകാതെ നേരത്തേ നിശ്ചയിച്ച പൊതുപരിപാടിയിലും സജീവമായിത്തെന്ന പങ്കെടുത്തു. യഥാര്‍ത്ഥത്തില്‍ ഒരു പ്രസംഗം നടത്താന്‍ പോലുമുള്ള ആരോഗ്യമില്ലാതിരുന്നിട്ടും ജനങ്ങളുടെയും സഖാക്കളുടെയും ആവശ്യത്തിന് മുന്നില്‍ എ.കെ.ജി സ്വയം സമര്‍പ്പിക്കുകയായിരുന്നു.

ഇത്തരത്തിലുള്ള എണ്ണമറ്റ അനുഭവങ്ങള്‍ ഞാനുള്‍പ്പെടെയുള്ള എ.കെ.ജിയുടെ സഖാക്കള്‍ക്കും ഈ നാട്ടിലെ ജനങ്ങള്‍ക്കും ഓര്‍ത്തെടുക്കാന്‍ ഉണ്ടാകും. ജനങ്ങള്‍ക്കു വേണ്ടി അവര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്നതില്‍ എ.കെ.ജി ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥവും സുധീരവുമായ ജീവിതം മനുഷ്യന്റെ പരിമിതികളെയൊക്കെ ഉല്ലംഘിക്കും വിധം ഉജ്ജ്വലമായിരുന്നു. കറകളഞ്ഞ മനുഷ്യസ്‌നേഹവും അടിയുറച്ച കമ്മ്യൂണിസ്റ്റ് ആദര്‍ശവും ആയിരുന്നു അതിന് എ.കെ.ജിയെ പ്രാപ്തമാക്കിയത്. അതുകൊണ്ടു തന്നെ നിസ്സീമമായ സ്‌നേഹം ജനങ്ങള്‍ അദ്ദേഹത്തിനു തിരിച്ചും നല്‍കി. ജാതിമതരാഷ്ട്രീയാതീതമായി കേരളത്തിന്റെയാകെ നേതാവായി സഖാവ് എ.കെ.ജി സ്വീകരിക്കപ്പെട്ടു.

‘ജനങ്ങളില്‍ നിന്നും ലഭിക്കുന്ന ആത്മാര്‍ഥമായ സ്‌നേഹമാണ് ഏറ്റവും മൂല്യവത്തായ സമ്പത്തെങ്കില്‍ കേരളം കണ്ട ഏറ്റവും സമ്പന്നനായ മനുഷ്യന്‍ സഖാവ് എകെജി ആയിരിക്കും’ എന്ന് എ.കെ.ജിയെ ഓര്‍ക്കുമ്പോഴൊക്കെ മനസ്സില്‍ ഉറപ്പിക്കാറുണ്ട്. എ.കെ.ജിയുടെ സ്മരണകള്‍ ഏറ്റവും പ്രസക്തമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളിന്നു കടന്നു പോകുന്നത്. വര്‍ഗീയ-വിഭാഗീയ ശക്തികള്‍ക്കെതിരെ ജനാധിപത്യവിശ്വാസികള്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ജീവിതം പകര്‍ന്ന പാഠങ്ങള്‍ വഴികാട്ടിയാകും. എ.കെ.ജി രചിച്ച ഉജ്ജ്വല സമരഗാഥകള്‍ കരുത്തു പകരും. ഇന്ന് എ.കെ.ജി ദിനത്തില്‍ സഖാവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഐക്യത്തോടെയും ആത്മവിശ്വാസത്തോടെയും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. അഭിവാദ്യങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News