സൈബര്‍ അക്രമികളെ നിലക്ക് നിര്‍ത്താന്‍ മുംബൈ പൊലീസ് നിയമം കടുപ്പിക്കുന്നു

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലെ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും നിരീക്ഷിക്കാനായി സോഷ്യല്‍ മീഡിയ അനാലിറ്റിക്കല്‍ ലാബ് സംവിധാനം സജ്ജമാകുന്നു. ഇന്റര്‍നെറ്റില്‍ ഉപയോക്താക്കള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ നിരീക്ഷിക്കാനും ഭീഷണികളും അധിക്ഷേപങ്ങളും തിരിച്ചറിയാനും ഈ സംവിധാനം പോലീസിനെ സഹായിക്കും. ഇതോടെ സമൂഹ മാധ്യമങ്ങളുടെ മറവില്‍ വിദ്വേഷങ്ങളും അധിക്ഷേപങ്ങളും പടര്‍ത്തുന്നവര്‍ക്ക് കുരുക്ക് വീഴും. സൈബറിന്റെ മറവില്‍ ചതിക്കുഴികള്‍ ഒരുക്കുന്നവര്‍ക്കെതിരെയും നടപടികള്‍ വേഗത്തിലാക്കാന്‍ പരിഷ്‌കരിച്ച സംവിധാനം പ്രയോജനപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും സൈബര്‍ തട്ടിപ്പ് കേസുകളിലും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഓണ്‍ലൈന്‍ വായ്പ്പകള്‍, തൊഴില്‍ വാഗ്ദാനം, മാട്രിമോണിയല്‍ സൈറ്റുകള്‍ ദുരുപയോഗം ചെയ്ത് വിവാഹ വാഗ്ദാന തട്ടിപ്പുകള്‍ തുടങ്ങി നിത്യ ജീവിതവുമായി ബന്ധപ്പെട്ട മേഖലകളിലാണ് കൂടുതലും കുറ്റകൃത്യങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സൈബര്‍ കുറ്റവാളികളുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും ഡിജിറ്റല്‍ തെളിവുകളായി ശേഖരിക്കാനും അവ പരാതികള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ നിയമ നടപടികള്‍ക്കായി ഉപയോഗിക്കാനും അത്യാധുനിക ഫോറന്‍സിക് ലാബുകള്‍ പര്യാപ്തമാക്കും. വസ്തുതാ വിരുദ്ധമായ പ്രസ്താവനകള്‍ക്കും അപകീര്‍ത്തിപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ക്കും നിയമം കെണിയൊരുക്കും.

ഓണ്‍ലൈന്‍ വിപണിയെ തളര്‍ത്തുന്ന രീതിയിലുള്ള ഒറ്റപ്പെട്ട തട്ടിപ്പ് കേസുകള്‍ക്കും ഇതോടെ അറുതി വരും. പണം നല്‍കിയ ശേഷവും സാധനങ്ങള്‍ നല്‍കാതെ മുങ്ങുന്നവര്‍ക്കും നിയമ നടപടികള്‍ നേരിടേണ്ടി വരും. പണം നിക്ഷേപിച്ച അക്കൗണ്ടുകള്‍ മരവിപ്പിക്കാനും വേഗത്തില്‍ നടപടിയുണ്ടാകും.

മാറിയ കാലത്തെ ജനപ്രിയ സംവിധാനത്തെ കൂടുതല്‍ സുതാര്യമാക്കാനും ക്രിയാത്മകമായ ഇടപെടലുകള്‍ ഉറപ്പു വരുത്താനും നിയമം നിമിത്തമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here