മുല്ലപ്പെരിയാര്‍ കേസ്; അണക്കെട്ടിന്റെ സുരക്ഷ അന്താരാഷ്ട്ര വിദഗ്ധരെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് കേരളം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ അന്താരാഷ്ട്ര വിദഗ്ദ്ധര്‍ അടങ്ങുന്ന സംഘത്തിനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് സുപ്രീംകോടതിയില്‍ കേരളം. വിദഗ്ദ്ധ സംഘത്തിന്റെ പരിഗണന വിഷയങ്ങള്‍ മേല്‍നോട്ട സമിതി അംഗീകരിച്ചത് ആയിരിക്കണം എന്നും കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമയബന്ധിതമായി പരിശോധന പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

അണക്കെട്ടുകളുടെ പരിശോധനയ്ക്കായി 2018 ല്‍ തയ്യാറാക്കിയ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം പരിശോധന നടത്തേണ്ടതെന്നും കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് സുപ്രീം കോടതിയില്‍ കേന്ദ്ര ജല കമ്മീഷന്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കിയതിലും വിമര്‍ശനമുണ്ടായി.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി ഗൗരവമായി പരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. 2011ന് ശേഷം അണക്കെട്ടിനെ സുരക്ഷ പരിശോധന നടന്നിട്ടില്ല. പ്രളയവും ഭൂചലനവും അണക്കെട്ടിനെ കൂടുതല്‍ അപകടാവസ്ഥയിലാക്കിയിട്ടുണ്ട്.

അണക്കെട്ടിന്റെ സുരക്ഷ പരിശോധനക്കായി അന്താരാഷ്ട്ര വിദഗ്ധരുള്‍പ്പെട്ട ഒരു സമിതിയെ ചുമതലപ്പെടുത്തണമെന്നും പുതുതായി നല്‍കിയ സത്യവാംങ്മൂലത്തിലൂടെ കേരളം ആവശ്യപ്പെട്ടു. സമയബന്ധിതമായി പരിശോധന പൂര്‍ത്തിയാക്കണം, 2018ല്‍ തയ്യാറാക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകണം സുരക്ഷ പരിശോധന എന്ന ആവശ്യവും കേരളം ഉന്നയിച്ചു. കേസില്‍ അന്തിമവാദം ഇന്ന് തുടങ്ങാനായിരുന്നു സുപ്രീംകോടതി തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളം നല്‍കിയ സത്യവാംങ്മൂലത്തിന് മറുപടി തയ്യാറാക്കാന് തമിഴ്‌നാട് സമയം ആവശ്യപ്പെട്ടതോടെ വാദം കേള്‍ക്കല്‍ നാളത്തേക്ക് മാറ്റിവെച്ചു.

ജസ്റ്റിസ് എ.എം.ഖാന്വീല്‍ക്കര്‍ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുക. അണക്കെട്ടിന്റെ സുരക്ഷ ഭീഷണി കേരളം ഉയര്‍ത്തുമ്പോള്‍ ബേബി അണക്കെട്ട് ബലപ്പെടുത്താന് കേരളം അനുവദിക്കുന്നില്ലെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ പരാതി. ബേബി അണക്കെട്ട് ബലപ്പെടുത്താനായി മരങ്ങള്‍ മുറിക്കാന്‍ ആദ്യം അനുമതി നല്‍കിയെങ്കിലും പിന്നീടത് സര്‍ക്കാര്‍ റദ്ദാക്കി. ഇക്കാര്യത്തില്‍ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്് സര്‍ക്കാരും അപേക്ഷ നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News