ADVERTISEMENT
രണ്ടാംദിനം നടത്തിയ തിരച്ചിലിലും ചൈനയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ ഉണ്ടായിരുന്നവരില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. 132 പേരുമായി പറന്ന വിമാനം തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് തകര്‍ന്നുവീണത്.
വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന ആരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ചൈനയുടെ ഔദ്യോഗിക മാധ്യമമായ സിസിടിവി അറിയിച്ചു. അപകടം നടന്ന് 18 മണിക്കൂറുകള്‍ക്കു ശേഷമാണ് സിസിടിവി ഇക്കാര്യം അറിയിച്ചത്.
തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ യുനാനിലെ കുന്‍മിങ്ങില്‍നിന്ന് പറന്നുയര്‍ന്ന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനം, ഗുവാങ്ഷി മേഖലയിലെ വുഷൂ നഗരത്തിന് സമീപമാണ് തകര്‍ന്നുവീണത്. ഉച്ചയ്ക്ക് 1.11-ന് പറന്നുയര്‍ന്ന വിമാനം 3.05-ന് ഗ്വാങ്ഷുവില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍, ഉച്ചയ്ക്ക് 2.22-ന് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു.
വിമാനം കാടുനിറഞ്ഞ മലനിരകളിലേക്ക് വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. പ്രാദേശിക മൈനിങ് കമ്പനിയുടെ സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്. അപകടത്തിനു പിന്നാലെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഒരു പതിറ്റാണ്ടിനിടെ ചൈനയിലുണ്ടായ വലിയ വ്യോമദുരന്തങ്ങളില്‍ ഒന്നായിരുന്നു ഇത്. 132 യാത്രക്കാരും ഒന്‍പത് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
പന്ത്രണ്ടുവര്‍ഷം മുന്‍പാണ് ചൈനയില്‍ വലിയ വിമാനദുരന്തമുണ്ടായത്. ഹെനാന്‍ എയര്‍ലൈന്‍സിന്റെ എംബ്രയര്‍ ഇ-190 ജെറ്റ് വിമാനം തകര്‍ന്ന്, 96 യാത്രക്കാരില്‍ 44 പേരും മരിച്ചിരുന്നു.
Get real time update about this post categories directly on your device, subscribe now.