ബെൽജിയത്തിന് പിന്നാലെ ജർമനിയിലേക്കും നഴ്സിംഗ് റിക്രൂട്ട്മെന്റ് നടപടികളുമായി ഒഡെപെക്

തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഒഡെപെകിന്റെ ഏറ്റവും പുതിയ പദ്ധതിയായ സൗജന്യ ജർമ്മൻ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമിന്റെ സംസ്ഥാനതല ക്യാംമ്പയിനിംഗിന്റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ഈ മേഖലയിലെ തട്ടിപ്പുകൾ ഒരു പരിധിവരെ തടയാൻ പൊതുമേഖലാ സ്ഥാപനമായ ഒഡെപെകിന്റെ ഇടപെടലിന് കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി.

ജർമ്മനിയിലേക്ക് നഴ്‌സുമാർക്കുള്ള സൗജന്യ റിക്രൂട്ട്‌മെന്റും രജിസ്‌ട്രേഷൻ നേടുന്നതിന് ആവശ്യമായ ജർമ്മൻ ഭാഷാ പരിശീലനവും ഒഡെപെക് തന്നെ സൗജന്യമായി നൽകും. ജർമൻ ഭാഷയുടെ ബി1 ലെവൽ പാസാകുന്ന നഴ്‌സുമാർക്ക് അസിസ്റ്റന്റ് നഴ്‌സായി ജോലി ചെയ്യുന്നതിനൊപ്പം ബി 2 ലെവൽ പരീക്ഷ പൂർത്തിയാക്കുന്നതിനനുസരിച്ച് രജിസ്റ്റേഡ് നഴ്‌സായി മാറുന്നതിനും അവസരമുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി ജർമ്മൻ ഭാഷയിൽ ഓൺലൈൻ, ഓഫ്‌ലൈൻ കോഴ്‌സുകളും ഒഡെപെക് ആരംഭിക്കുന്നുണ്ട്.

നാളിതുവരെ പതിനായിരത്തോളം റിക്രൂട്ട്‌മെറ്റുകളാണ് ഒഡെപെക് മുഖേന വിവിധ രാജ്യങ്ങളിലേക്ക് നടന്നിട്ടുള്ളത്. നഴ്‌സ്, ഡോക്ടർ, പാരാമെഡിക്കൽ ജീവനക്കാർ, എൻജിനീയർ, ടീച്ചർ,  തുടങ്ങി വിവിധ വിഭാഗം ജീവനക്കാരെ ഗൾഫ് രാജ്യങ്ങൾ, മാലി ദ്വീപ്, യു.കെ., അയർലണ്ട്, തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് നിയമിച്ചിട്ടുണ്ട്. കൊവിഡ് 19 മഹാമാരിക്കിടയിലും 2020-21, 2021-22 എന്നീ സാമ്പത്തിക വർഷങ്ങളിലായി ആയിരത്തിലധികം റിക്രൂട്ട്‌മെന്റുകളാണ് ഒഡെപെക് മുഖേന നടന്നത്.

2019 ൽ ആരംഭിച്ച യു.കെ.റിക്രൂട്ട്‌മെന്റ് പ്രോഗ്രാം മുഖേന അഞ്ഞൂറിലധികം നഴ്‌സുമാർക്ക്  യു.കെ.യിലെ വിവിധ ട്രസ്റ്റ് ആശുപത്രികളിൽ തൊഴിൽ ലഭിക്കുകയുണ്ടായി. ഒഡെപെകിന്റെ എടുത്തുപറയാവുന്ന മറ്റൊരു നേട്ടമാണ് ബൽജിയത്തിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്.

മുൻകാലങ്ങളിൽ ഒരുപാട് തൊഴിൽ തട്ടിപ്പുകൾ നടന്നിട്ടുള്ള  മേഖലയാണ് ബെൽജിയത്തിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്. ഈ ചൂഷണത്തിൽ നിന്നും നഴ്‌സുമാരെ രക്ഷിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് “അറോറ”. ഇതിലേയ്ക്ക്  തെരഞ്ഞെടുക്കപ്പെട്ട 22 നഴ്‌സുമാരും 6 മാസം കോവിഡ് പ്രോട്ടോകോൾ പാലിച്ച് ബയോ ബബിൾ  സംവിധാനത്തിൽ  താമസിച്ച് പഠിച്ച് ഡച്ച് ഭാഷാപരിശീലനം വിജയകരമായി പൂർത്തിയാക്കി ഈ മാസം ബെൽജിയത്തിലേക്ക് യാത്രയായി.

ചടങ്ങിൽ ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷൻ ആയിരുന്നു. ഒഡെപെക് ചെയർമാൻ അഡ്വ. കെ. പി. അനിൽ കുമാർ,എം. ഡി. അനൂപ് കെ. എ. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News