സംസ്ഥാനത്തെ ക്ഷീരമേഖലയുടെ വളര്‍ച്ച രാജ്യത്തിന് മാതൃക; മന്ത്രി ജി.ആര്‍.അനില്‍

സംസ്ഥാനത്ത് ക്ഷീരകര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ക്ക് ന്യായവില സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നുണ്ടെന്നും അതിലൂടെ ഈ മേഖലയിലെ വളര്‍ച്ച രാജ്യത്തെ മാതൃകയായി മാറിയെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.

പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്തിലെ ക്ഷീരകര്‍ഷക സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴിയുള്ള കാലിത്തീറ്റ വിതരണം വര്‍ധിപ്പിക്കുന്നത് കര്‍ഷകരുടെ ഉത്പാദനച്ചെലവ് കുറയ്ക്കാന്‍ സഹായിക്കും.

കര്‍ഷകര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കി ഉത്പാദന മേഖല കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദനവും സംഭരണവും നടത്തിയ കര്‍ഷകരെയും ക്ഷീര സംഘങ്ങളെയും ചടങ്ങില്‍ മന്ത്രി ആദരിച്ചു.

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മില്‍മ, കേരള ഫീഡ്‌സ്, ബ്ലോക്കിലെ ക്ഷീരസംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ബ്ലോക്ക് തല ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിച്ചത്.

ക്ഷീരവികസന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ക്ഷീര മേഖലയിലെ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകളും പരിപാടിയില്‍ അവതരിപ്പിച്ചു.സംഗമത്തിന്റെ ഭാഗമായി വിവിധയിനത്തിലുള്ള കന്നുകാലികളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. കൂടാതെ കന്നുകാലികള്‍ക്കായുള്ള തീറ്റകള്‍, മരുന്നുകള്‍ മറ്റു പാല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ വിപണനവും സംഘടിപ്പിച്ചു.

കുന്നത്തുകാല്‍ ഗൗതം ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാല്‍കൃഷ്ണന്‍ ജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ഷീരകര്‍ഷകര്‍ എന്നിവരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here