ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച്; അസൗകര്യം അറിയിച്ച് ദിലീപ്

നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ദിലീപിന് ക്രൈബ്രാഞ്ച് നോട്ടീസ് നൽകി. വ്യാഴാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്. അതേസമയം, വ്യാഴാഴ്ച്ച ചോദ്യംചെയ്യലിന് ഹാജരാവാന്‍ അസൗകര്യമുണ്ടെന്ന് ദിലീപ് ക്രൈബ്രാഞ്ചിനെ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ മറ്റൊരു ദിവസം അനുവദിക്കണമെന്നാണ് ദിലീപ് ക്രൈബ്രാഞ്ചിനെ അറിയിച്ചത്.

നടിയെ അക്രമിച്ചകേസില്‍ തുടരന്വേഷണം ഏപ്രില്‍ 15 നകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കോടതി ഉത്തരവിട്ടത്. ഈ സാഹചര്യത്തിലാണ് ദിലീപിനെ ഉടന്‍ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപ് ശ്രമിച്ചു എന്നുള്‍പ്പടെ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചു എന്ന് വ്യക്തമാക്കുന്ന നിര്‍ണ്ണായക മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. നിലവില്‍ വിചാരണ അവസാന ഘട്ടത്തിലെത്തി നില്‍ക്കെ തുടരന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യല്‍ ദിലീപിന് ഏറെ നിര്‍ണ്ണായകമാവും.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടിയെ അക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്.

ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ. ഇക്കാര്യം വിചാരണക്കോടതിയെ അറിയിച്ച അന്വേഷണ സംഘം തുടരന്വേഷണത്തിന് അനുമതിയും നേടി. പിന്നീട് ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തിയ ക്രൈംബ്രാഞ്ച്, കോടതി അനുമതിയോടെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് തുടരന്വേഷണത്തിനെതിരെ ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി ഉത്തരവ് ദിലീപിന് തിരിച്ചടിയായിരുന്നു.

ദിലീപിന്‍റെ ഹര്‍ജി തള്ളിയ കോടതി കേസില്‍ അന്വേഷണം തുടരാന്‍ അനുമതി നല്‍കി. എന്നാല്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ച് മൂന്ന് മാസത്തെ സാവകാശം ചോദിച്ചിരുന്നെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ഇതോടെയാണ് കേസില്‍ ചോദ്യം ചെയ്യല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ വൈകാതെ പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News