കൊവിഡ് മഹാമാരിക്കെതിരെ ഫലപ്രദമായി പോരാടുന്നതിന് വികസ്വര രാജ്യങ്ങളെ പ്രാപ്തരാക്കുവാൻ വൈദ്യശാസ്ത്ര മേഖലയിലെ വാക്സിനുകൾ ഉൾപ്പടെയുള്ളവയുടെ ബൗദ്ധികസ്വത്തവകാശ അധികാരങ്ങളിൽ ഇളവുകൾ നൽകണമെന്ന ലോക വ്യാപാര സംഘടനയോടുള്ള ഇന്ത്യയുടെ ആവശ്യത്തിൽ നിന്നും വ്യതിചലിക്കരുതെന്ന് ജോൺ ബ്രിട്ടാസ് എം പി സ്പെഷ്യൽ മെന്‍ഷനായി ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് ലോക വ്യാപാര സംഘടനയിൽ ഇന്ത്യ,ദക്ഷിണാഫ്രിക്ക,യൂറോപ്യൻ യൂണിയൻ, അമേരിക്ക എന്നിവർ ചേർന്ന് നടത്തിയ ചർച്ചയിൽ മുൻ നിലപാടുകളിൽ നിന്നും വ്യതിചലിച്ചു കൊണ്ടുള്ള ഒരു സമവായ ധാരണയ്ക്ക് ഇന്ത്യ സമ്മതം അറിയിച്ചതായും ആയതിന് മേലുള്ള തുടർ ചർച്ചകൾ നടന്നു വരുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ഇപ്പോൾ മുന്നോട്ട് വച്ചിട്ടുള്ള ധാരണ ഇന്ത്യയുടെ പ്രഖ്യാപിത ആവശ്യങ്ങളിൽ നിന്നുള്ള പിൻമാറലാണ്.ഇളവുകളില്ലെങ്കിൽ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് മറ്റ് നിർമ്മാതാക്കൾ കൊവിഡ് വാക്സിനും മരുന്നുകളും നിർമ്മിക്കുന്നത് തടയാനാകും.
വൻകിട ഫാർമസികൾക്ക് വിപണിയിൽ കുത്തക ഉറപ്പാക്കുകയും വില നിശ്ചയിക്കുന്നതിൽ പൊതു സമ്പത്ത് ഉപയോഗിക്കുന്ന ഗവൺമെന്റുകളെപ്പോലും നിയന്ത്രിക്കാനും സാധിക്കും.ഇത്
വലിയ അസമത്വം ഈ മേഖലയിൽ ഉണ്ടാക്കും.ആയതിനാൽ ഇന്ത്യയുടെ പ്രഖ്യാപിത ആവശ്യങ്ങളിൽ നിന്നുള്ള പിൻമാറൽ ഒട്ടും യോജിച്ചതല്ല എന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.
എല്ലാ പേറ്റന്റുകളും നിർബന്ധിത ലൈസൻസിങിന് വിധേയമാക്കണമെന്നും അവയുടെ വിശദാംശങ്ങൾ TRIPS (ട്രേഡ് റിലേറ്റഡ് ആസ്പെക്ററ്സ് ഓഫ് ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്) കൗൺസിലിനെ അറിയിക്കണമെന്നും മറ്റുമുള്ള സമവായ നിർദ്ദേശങ്ങൾ വിപരീതഫലങ്ങളാണ് ഉളവാക്കുക. ആയതിനാൽ ഗവൺമെന്റ് നിലവിൽ പരിഗണിച്ചു കൊണ്ടിരിക്കുന്ന സമവായ നിർദ്ദേശങ്ങളെ തള്ളിക്കളയണമെന്നും കൂടുതൽ നീതീയുക്തമായ ഇളവുകൾക്ക് വേണ്ടി പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.