ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് ദേശീയ പുരസ്‌കാരം

ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ക്ഷയരോഗ മുക്ത നിലവാരം വിലയിരുത്തുന്നതിന് വേണ്ടിയുള്ള സബ് നാഷണൽ സർട്ടിഫിക്കേഷന്റെ (Sub National certification of progress towards TB free status) ഭാഗമായി ഏർപ്പെടുത്തിയ പുരസ്‌കാരത്തിൽ സിൽവർ കാറ്റഗറിയിലാണ് സംസ്ഥാനത്തിന് പുരസ്‌കാരം ലഭിച്ചത്.

2015നെ അപേക്ഷിച്ച് 2021ൽ 40 ശതമാനത്തിലധികം ക്ഷയരോഗനിരക്ക് കുറഞ്ഞതിനാണ് പുരസ്‌കാരം ലഭിച്ചത്. സംസ്ഥാനങ്ങളുടെ പട്ടികയിൽ സിൽവർ കാറ്റഗറിയിൽ പുരസ്‌കാരം നേടുന്ന ഏക സംസ്ഥാനമാണ് കേരളം. 50 ലക്ഷം രൂപയും, പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും.

ഇതുകൂടാതെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് ജില്ലകൾക്കും പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മികച്ച പ്രവർത്തനം നടത്തിയ മലപ്പുറം, വയനാട് ജില്ലകൾക്ക് ഗോൾഡ് കാറ്റഗറിയിൽ പുരസ്‌കാരം ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകൾക്ക് സിൽവർ കാറ്റഗറിയിലും എറണാകുളം, കണ്ണൂർ ജില്ലകൾക്ക് ബ്രോൺസ് കാറ്റഗറിയിലും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാനം നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ ബഹുമതിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കൊവിഡ് സാഹചര്യത്തിലും ക്ഷയരോഗികളെ കണ്ടെത്തുന്നതിന് അക്ഷയ കേരളം പദ്ധതി വളരെ ഊർജിതമായി നടപ്പിലാക്കി.

ക്ഷയരോഗികളെ ഈ പദ്ധതിയിലൂടെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ പുതിയതായി ഉണ്ടാകുന്ന ക്ഷയരോഗികളിൽ നാലിൽ ഒരാൾ ഇന്ത്യയിലാണ്. എന്നാൽ കേരളത്തിൽ ക്ഷയരോഗ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. 2025ഓടെ ക്ഷയരോഗ മുക്തമാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നിലവിലുള്ള ചികിത്സാ രേഖകളുടെയും രജിസ്റ്ററുകളുടെയും പരിശോധന, രേഖകളിൽപ്പെടാത്ത ക്ഷയരോഗികളുണ്ടോ എന്നറിയുന്നതിനായി തിരഞ്ഞെടുത്ത ക്ലസ്റ്ററുകളിൽ നടത്തിയ സാമൂഹിക സർവേ തുടങ്ങിയ നടപടിക്രമങ്ങൾ പാലിച്ചാണ് പുരസ്‌കാരം നിർണയിക്കുന്നത്.

ഇതിനുപുറമെ ക്ഷയരോഗ നിർമ്മാർജന പദ്ധതിയിലൂടെ അല്ലാതെ കേരളത്തിൽ ക്ഷയരോഗത്തിനുള്ള മരുന്നുകൾ വിതരണം ചെയ്യപ്പെടുന്നുണ്ടോയെന്നും പരിശോധിക്കുകയുണ്ടായി. ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ് കേരളത്തിന് പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ വർഷം സംസ്ഥാനത്തിന് ബ്രോൺസ് കാറ്റഗറിയിൽ പുരസ്‌കാരം ലഭിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News