‘പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തികളിൽ ജനങ്ങൾ കാഴ്ചക്കാർ അല്ല, കാവൽക്കാർ’; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം മണ്ഡലത്തിലെ വികസന കുതിപ്പിന് പൊതുമരാമത്ത് വകുപ്പിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. നിർമ്മാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തികളിൽ ജനങ്ങൾ കാഴ്ചക്കാർ അല്ല, കാവൽക്കാർ ആണെന്നും മന്ത്രി അഭിപ്രായപെട്ടു. പുതുതായി നിർമ്മാണം പൂർത്തിയാക്കിയ പൊന്നറ പെരുന്നല്ലി പാലത്തിന്റെയും വള്ളക്കടവ് താൽക്കാലിക പാലത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീരദേശ മേഖലയുടെ വികസനത്തിന് ഉതകുന്ന രണ്ട് പാലങ്ങളാണ് മന്ത്രി നാടിനു സമർപ്പിച്ചത്. ബീമാപ്പള്ളിയിൽ നിന്നുള്ള റോഡിനെ ദേശീയപാതയിലേക്ക്‌ ബന്ധിപ്പിക്കുന്നതാണ് പൊന്നറ പാലം. സുഗമമായ സഞ്ചാരത്തിനായി 7.5 മീറ്റർ വീതിയുള്ള പാലത്തിനോട് ചേർന്ന് 1.5 മീറ്റർ നടപ്പാതയും നിർമ്മിച്ചിട്ടുണ്ട്.
വള്ളക്കടവ് പാലത്തിന്റെ പുനർ നിർമ്മാണം പൂർത്തിയാകുന്നതുവരെ താൽക്കാലിക പാലം ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷനായി. തീരദേശ പാത ഇരട്ടിപ്പിക്കൽ, പാർവതീ പുത്തനാറിന്റെ വികസനം, ജലപാത വികസനം എന്നിങ്ങനെയുള്ള സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. പാലങ്ങൾ യാഥാർഥ്യമായതോടെ ബസ് സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

അര മണിക്കൂർ ഇടവിട്ട് രണ്ട് ബസുകൾ 40 സർവീസുകൾ നടത്തും. ബസുകളുടെ ഫ്ലാഗ് ഓഫ്‌ മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ ചേർന്ന് നിർവഹിച്ചു. വികസനങ്ങളുടെ ഭാഗമായി മാറ്റി പാർപ്പിക്കുന്നവർക്ക് പ്രതീക്ഷിക്കുന്നതിനെക്കാൾ മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഡെപ്യൂട്ടി മേയർ പി.കെ രാജു, പൊതുമരാമത്ത് ചീഫ് എഞ്ചിനീയർ എസ്. മനോ മോഹൻ, വാർഡ് കൗൺസിലർമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ , വിവിധ രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News