പുതിയ ഹോണ്ട സിറ്റി ഹൈബ്രിഡ് ഇന്ത്യയിലേക്ക്

2022 പകുതിയോടെ ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട പുതിയ സിറ്റി ഹൈബ്രിഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ്, നടന്നുകൊണ്ടിരിക്കുന്ന ബാങ്കോക്ക് ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ ഹോണ്ട പുതിയ സിറ്റി ഹൈബ്രിഡ് സെഡാന്‍ പ്രദര്‍ശിപ്പിച്ചതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ ഹോണ്ട സിറ്റി ഹൈബ്രിഡ് RS ബാഡ്ജിംഗോടെയാണ് വരുന്നത്. ഫ്രണ്ട് ഗ്രില്ലിലും ടെയില്‍ഗേറ്റിലും ആര്‍എസ് ബാഡ്ജിംഗ് കാണാം. പുതിയ സിറ്റി ഹൈബ്രിഡ് 2021 ഉത്സവ സീസണില്‍ അവതരിപ്പിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്; എന്നിരുന്നാലും, കൊവിഡ് 19 മാഹാമാരി കാരണം ലോഞ്ച് വൈകി.

ഹോണ്ട സിറ്റി e:HEV എന്ന് ക്രിസ്റ്റേറ്റ് ചെയ്തിരിക്കുന്ന പുതിയ ഹോണ്ട സിറ്റി ഹൈബ്രിഡ് ബ്രാന്‍ഡിന്റെ ശക്തമായ ഹൈബ്രിഡ് സിസ്റ്റമായ i-MMD (ഇന്റലിജന്റ് മള്‍ട്ടി-മോഡ് ഡ്രൈവ്) eHEV ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഉപയോഗിച്ചാണ് വരുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും ലിഥിയം അയണ്‍ ബാറ്ററിയും ഇതിലുണ്ട്. പെട്രോള്‍ എഞ്ചിന്‍ 98 പിഎസ്, 127 എന്‍എം എന്നിവ ഉല്‍പ്പാദിപ്പിക്കും. അതേസമയം പവറും ടോര്‍ക്കും യഥാക്രമം 109 പിഎസിലും 253 എന്‍എമ്മിലും സംയോജിപ്പിക്കുന്നു. സിറ്റി ഹൈബ്രിഡിന് കുറഞ്ഞ വേഗതയില്‍ പൂര്‍ണ്ണമായും ഇലക്ട്രിക് മോഡില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. ഒരു സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സില്‍ മാത്രമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

ഇലക്ട്രിക് ജനറേറ്ററും ഇലക്ട്രിക് മോട്ടോറും ഒരുമിച്ച് ചേര്‍ത്ത് എഞ്ചിനില്‍ ഘടിപ്പിച്ചിരിക്കുന്നു. ബൂട്ടിലെ ലിഥിയം അയണ്‍ ബാറ്ററിയിലേക്ക് വൈദ്യുതി അയയ്ക്കുന്നത് ഈ ഇലക്ട്രിക് ജനറേറ്ററും ഇലക്ട്രിക് മോട്ടോറും ചേര്‍ന്നാണ്. ഇത് സാധാരണ മോഡലിനേക്കാള്‍ 110 കിലോഗ്രാം ഭാരം കൂടുതലാണ്. അതേസമയം ബൂട്ട് സ്‌പേസ് 90-ലിറ്റര്‍ കുറഞ്ഞ് 410-ലീറ്ററായി. പിന്നില്‍ ഡിസ്‌ക് ബ്രേക്കുകളും ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്കുകളും ഇതിലുണ്ട്.

2022 ഹോണ്ട സിറ്റി ഹൈബ്രിഡ് മൂന്ന് ഡ്രൈവ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു. പ്യുവര്‍ ഇവി, ഹൈബ്രിഡ്, പെട്രോള്‍ എന്നിവയാണവ. ഇലക്ട്രിക് കാറുകളില്‍ സാധാരണമായ റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനവും സെഡാനില്‍ ഉണ്ട്. തായ്-സ്‌പെക്ക് മോഡല്‍ 27.78kmpl മൈലേജ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യ-സ്‌പെക്ക് മോഡലും 27kmpl മൈലേജിനടുത്ത് നല്‍കും എന്ന് പ്രതീക്ഷിക്കുന്നു; എന്നിരുന്നാലും, യഥാര്‍ത്ഥ ലോക മൈലേജ് 20kmpl ആയിരിക്കും.

പുതിയ ഹോണ്ട സിറ്റി e:HEV RS സാധാരണ മോഡലിന് സമാനമാണ്. എങ്കിലും, ഇതിന് സ്‌പോര്‍ട്ടി ഡിസൈന്‍ ഘടകങ്ങളും ബ്ലാക്ക്ഡ്-ഔട്ട് ക്യാബിനും ലഭിക്കുന്നു. മികച്ച സുരക്ഷാ ഫീച്ചറുകളുള്ള ഹോണ്ട സെന്‍സിംഗ് സാങ്കേതികവിദ്യയും സെഡാന്റെ സവിശേഷതയാണ്. ലോ-സ്പീഡ് ഫോളോവോടുകൂടിയ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ് സിസ്റ്റം, ലെയ്ന്‍-കീപ്പിംഗ് അസിസ്റ്റ്, കൊളിഷന്‍ ബ്രേക്കിംഗ് സിസ്റ്റം എന്നിവ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

പുതിയ ഹോണ്ട സിറ്റി ഹൈബ്രിഡ് 2022-ന്റെ രണ്ടാം പാദത്തില്‍, അതായത്, ഏകദേശം മെയ്-ജൂണ്‍ മാസങ്ങളില്‍ എത്താന്‍ സാധ്യതയുണ്ട്. 11.23 ലക്ഷം മുതല്‍ 15.18 ലക്ഷം രൂപ വരെ വിലയുള്ള നിലവിലെ ഹോണ്ട സിറ്റിക്ക് മുകളിലായിരിക്കും ഇത് സ്ഥാനം പിടിക്കുക. പുതിയ സിറ്റി ഹൈബ്രിഡിന് ഏകദേശം 17 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News