” തേങ്ങ വീഴുന്ന ശബ്ദവും മാടമ്പിമാരെ അസ്വസ്ഥരാക്കും “; എസ് സുദീപ്

നീനാ പ്രസാദിന്റെ നൃത്തപരിപാടി നിർത്തി വയ്പ്പിച്ച സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ വരെ പ്രതിഷേധം അലയടിക്കുകയാണ്. വിഷയത്തിൽ രാഷ്ട്രീയ നീരീക്ഷകനും മുൻ ജസ്റ്റിസുമായിരുന്ന എസ് സുദീപിൻറെ പ്രതികരണമാണ് ഇപ്പോൾ ജനശ്രദ്ധയാകർഷിക്കുന്നത്.

തെങ്ങുകയറ്റക്കാരുടെയും ചെത്തുകാരുടെ മക്കളുടെയും ചിത്രങ്ങളും തേങ്ങ വീഴുന്ന ശബ്ദങ്ങളും നിങ്ങൾ മാടമ്പിമാരെ അസ്വസ്ഥരാക്കുമെന്നും നിങ്ങൾ ആഞ്ഞടിക്കുമെന്നും ഞങ്ങൾക്കറിയാമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. പ‍ഴയ ഒരു സംഭവവും സൂചിപ്പിച്ചാണ് എസ് സുദീപ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുള്ളത് .

മജിസ്ട്രേറ്റ് പൊട്ടിത്തെറിച്ചു:
– ഏത് നായിന്റെ മോനാടാ എന്റെ കോൺസൻട്രേഷൻ കളയണത്?
ടപ്പേ ടപ്പേ എന്നു തേങ്ങ വീഴുന്ന ശബ്ദം കേട്ടാണ് മജിസ്ട്രേറ്റിന്റെ ഏകാഗ്രത നഷ്ടമായത്.
മജിസ്ട്രേറ്റ് താമസിക്കുന്ന വാടക വീട്ടിൽ ഞായറാഴ്ച്ച തേങ്ങയിടീക്കാൻ വന്നതാണ് വീട്ടുടമ.
– അടുത്ത മാസമെങ്കിലും ഒരു ജഡ്ജ്മെന്റ് എഴുതണോ അതോ സിനിമയ്ക്കു പോണോ എന്നാലോചിക്കുമ്പോഴാണോടാ ഹൗസ് ഓണർടെ മോനേ നിന്റമ്മൂമ്മേടെ തേങ്ങാ!
പിന്നീടൊരിക്കലും വീട്ടുടമ തെങ്ങു കയറിക്കാൻ വന്നിട്ടില്ല.

മജിസ്ട്രേറ്റിന് പൈസ കൊടുത്ത് തേങ്ങ വാങ്ങേണ്ടിയും വന്നിട്ടില്ല.
പിന്നീടൊരിക്കലും ആ വീട് ജഡ്ജിമാർക്കു വാടകയ്ക്കു നൽകിയിട്ടുമില്ല.
ആ മജിസ്ട്രേറ്റ് ഇന്ന് ജില്ലാ ജഡ്ജിയായി സർവീസിലുണ്ട്, പാലക്കാടല്ലെന്നു മാത്രം.

മോഹിനിയാട്ടത്തിന്റെ ചിലങ്കാ നാദം അസ്വസ്ഥനും രോഷാകുലനുമാക്കിയ ബഹു. പാലക്കാട് ജില്ലാ ജഡ്ജിയുടെ ഉത്തരവു ശിരസാവഹിച്ച് ഡോക്ടർ നീനാ പ്രസാദിന്റെ മോഹിനിയാട്ടം ബഹു. കേരളാ പൊലീസ് നിർത്തി വയ്പ്പിച്ച വാർത്ത വായിച്ചപ്പോൾ ഏറെ പഴക്കമില്ലാത്ത സംഭവം ഓർത്തു പോയതാണ്.

തങ്ങളുടെ ആരും ചോദ്യം ചെയ്യാനില്ലാ വഴികളിൽ നിറയുന്ന തെങ്ങുകയറ്റക്കാരുടെയും ചെത്തുകാരുടെ മക്കളുടെയും ചിത്രങ്ങളും തേങ്ങ വീഴുന്ന ശബ്ദങ്ങളും നിങ്ങൾ മാടമ്പിമാരെ അസ്വസ്ഥരാക്കുമെന്നും നിങ്ങൾ ആഞ്ഞടിക്കുമെന്നും ഞങ്ങൾക്കറിയാം.
ഞങ്ങൾ തേങ്ങയിട്ടു കൊണ്ടേയിരിക്കും…

പാലക്കാട് മൊയിന്‍ LP സ്‌കൂളില്‍ ശ്രീചിത്രന്റെ പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടിയില്‍ മോഹിനിയാട്ട കച്ചേരി അവതരിപ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു നര്‍ത്തകി നീനാ പ്രസാദിന് തിക്താനുഭവം ഉണ്ടായത്.

8 മണിക്ക് കച്ചേരി ആരംഭിച്ച് കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ പൊലീസ് നൃത്തം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. സ്‌കൂളിനടുത്ത് താമസിക്കുന്ന ജില്ലാ ജഡ്ജി കലാംപാഷയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇടപ്പെട്ട് കലാപരിപാടിയില്‍ അലോസരം സൃഷ്ടിച്ചതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നീന പ്രസാദ് വെളിപ്പെടുത്തി.

തന്റെ നൃത്ത ജീവിതത്തില്‍ ഇതിന് മുന്‍പ് ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് നീന പ്രസാദ് കൈരളി ന്യൂസിനോടും പറഞ്ഞിരുന്നു.നിരവധി ആസ്വാദകര്‍ നൃത്തം കാണാനെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News