ഇന്ത്യന്‍ ക്യാപ്റ്റനാകാന്‍ വേണ്ടി ഐപിഎല്‍ കളിക്കരുത്, രാഹുലിന് ഗംഭീറിന്റെ മുന്നറിയിപ്പ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കരിയറില്‍ ഒരു പുതിയ യാത്ര ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ് കെ എല്‍ രാഹുല്‍. കഴിഞ്ഞ രണ്ട് സീസണുകളില്‍ പഞ്ചാബ് കിംഗ്സിന്റെ ക്യാപ്റ്റനായിരുന്ന രാഹുല്‍ ഈ വര്‍ഷം അരങ്ങേറ്റക്കാരായ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ നയിക്കും. 2020ല്‍ ഏറെ പ്രതീക്ഷകളോടെയാണ് താരത്തെ പഞ്ചാബ് കിംഗ്‌സ് നായകനാക്കിയത്. എന്നാല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ രാഹുല്‍ പരാജയപ്പെട്ടു.

രണ്ട് സീസണിലും പ്ലേഓഫ് കാണാതെ പഞ്ചാബ് പുറത്തായി. ഓപ്പണര്‍ എന്ന നിലയില്‍ മുന്നില്‍ നിന്ന് നയിച്ചെങ്കിലും മധ്യനിരയിലെ പിന്തുണയുടെ അഭാവം, ടീമിലെ അസന്തുലിതാവസ്ഥ എന്നിവ തിരിച്ചടിയായി. പോരായ്മകള്‍ മറികടന്ന് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് കെ എല്‍ രാഹുല്‍. സൂപ്പര്‍ ജയന്റ്സിന്റെ മെന്ററായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും ടീമിനൊപ്പമുണ്ട്.

പഞ്ചാബ് കിംഗ്സിലെ പിഴവുകള്‍ ആവര്‍ത്തിക്കരുതെന്നാണ് രാഹുലിനോട് ഗംഭീറിന് പറയാനുള്ളത്. എല്ലാ മത്സരത്തിലും കൃത്യമായ ഗെയിം പ്ലാന്‍ ഉണ്ടാകണം. സഹതാരങ്ങളെ പറ്റി ധാരണ വേണം. കളിക്കളത്തിലും പുറത്തും ലഖ്നൗവിനെ നയിക്കുക രാഹുലാണ്. ടീമിന്റെ വിക്കറ്റ് കീപ്പര്‍ രാഹുല്‍ ആയിരിക്കില്ലെന്നും, പകരം ക്വിന്റണ്‍ ഡി കോക്കാണ് കീപ്പര്‍ ആകുമെന്നും, ക്യാപ്റ്റനെന്ന നിലയിലെ സമ്മര്‍ദ്ദം ഒഴിവാക്കാനാണ് തീരുമാനമെന്നും ഗംഭീര്‍ പറഞ്ഞു.

കെ എല്‍ രാഹുല്‍ എന്ന ബാറ്റര്‍ പ്രധാനമാണ്. പക്ഷേ ടീമിന് വേണ്ടത് ബാറ്റ് ചെയ്യാന്‍ കഴിവുള്ള നായകനെയല്ല, മറിച്ച് നയിക്കാന്‍ പ്രാപ്തിയുള്ള ക്യാപ്റ്റനെയാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. നായകന്മാര്‍ റിസ്‌ക് എടുക്കാന്‍ പഠിക്കണം, രാഹുല്‍ റിസ്‌ക് എടുക്കുമെന്ന് കരുതുന്നു. വിജയിക്കുമോ ഇല്ലയോ എന്നത് ചിന്തിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ പദവിയില്‍ രാഹുലിന് ഗംഭീര്‍ മുന്നറിയിപ്പ് നല്‍കി.

ദേശീയ ടീമിനെ നോക്കി ആരും ഐപിഎല്ലില്‍ കളിക്കരുതെന്ന് ഗംഭീര്‍ പറഞ്ഞു. ഐപിഎല്‍ പ്രകടനങ്ങള്‍ രാഹുലിന് ഇന്ത്യന്‍ ക്യാപ്റ്റന്‍സി ഉറപ്പ് നല്‍കില്ലെന്ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മെന്റര്‍ വ്യക്തമാക്കി. നിലവില്‍ എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് രാഹുല്‍. സ്ഥിരം നായകന്‍ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഏതാനും മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ രാഹുല്‍ നയിച്ചിരുന്നു. സഹ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മാര്‍ച്ച് 28നാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ആദ്യ മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News