സമസ്തയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തുനിന്ന് ജിഫ്രി തങ്ങളെ ഒഴിവാക്കാൻ ലീഗ് നീക്കം

സമസ്തയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തുനിന്ന്‌ പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങളെ ഒഴിവാക്കാൻ മുസ്ലിംലീഗ്‌ നേതൃത്വം ഊർജിതമായ നീക്കമാണ്നടത്തുന്നത്.

മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണനിയന്ത്രണമുള്ള കോ ഓർഡിനേഷൻ ഓഫ്‌ ഇസ്ലാമിക്‌ കോളേജസ്‌ തലപ്പത്തുനിന്ന്‌ ജിഫ്രി തങ്ങളെ മാറ്റാൻ ഭരണഘടന ഭേദഗതിക്കാണ്‌ ലീഗ്‌ നീക്കം. വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന വാഫി, വഫിയ്യ ബിരുദങ്ങൾ നൽകുന്ന കോളേജുകളെ നിയന്ത്രിക്കുന്ന സമിതിയാണ്‌ സിഐസി.

സ്വതന്ത്രമായി പ്രവർത്തിക്കാനെന്ന പേരുപറഞ്ഞാണ്‌ ഭേദഗതി കൊണ്ടുവരുന്നത്‌. സമസ്‌ത പ്രസിഡന്റാണ്‌ നിലവിൽ സിഐസി ഉപദേശകസമിതി അംഗം. സമസ്‌ത മുശാവറ അംഗത്തെ ഉപദേശകസമിതിയാക്കാമെന്നതാണ്‌ പുതിയ ഭേദഗതി.

ഇത്‌ നിലവിൽ വന്നാൽ ജിഫ്രി തങ്ങൾ ഉപദേശകസമിതിയിൽനിന്ന്‌ പുറത്താകും. സിഐസി സമസ്‌തയുടെ വീക്ഷണത്തിലും ഉപദേശ നിർദേശാനുസൃതമായും പ്രവർത്തിക്കണമെന്നത്‌ തിരുത്തുന്നതാണ്‌ മറ്റൊരു ഭേദഗതി.

ഭരണഘടനാഭേദഗതിക്കായി വാഫി സ്ഥാപന മേധാവി ഹഖീം ഫൈസി ആദൃശ്ശേരി മലപ്പുറം ജില്ലാ രജിസ്‌ട്രാർക്ക്‌ അപേക്ഷനൽകി.
സിഐസി സെനറ്റ്‌ ചേർന്നാണ്‌ ഭേദഗതി കൊണ്ടുവന്നത്‌. സെനറ്റിൽ ലീഗനുകൂലികൾക്കാണ്‌ ഭൂരിപക്ഷം.

വഖഫ്‌ ബോർഡ്‌ നിയമനം പിഎസ്‌സിക്ക്‌ വിട്ടതിനെതിരായ സമരത്തെ എതിർത്തതോടെ ജിഫ്രി തങ്ങൾ ലീഗിന്റെ കണ്ണിലെ കരടായിരുന്നു. സമസ്‌ത , മുസ്ലിം കോ ഓർഡിനേഷൻ സമിതി ബന്ധം ഉപേക്ഷിച്ചതും അതൃപ്‌തി വർധിപ്പിച്ചു.

തുടർന്ന്‌ ലീഗ്‌ പ്രവർത്തകർ ജിഫ്രി തങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അധിക്ഷേപിച്ചിരുന്നു. ഇതിന്റെയെല്ലാം ഒടുവിലാണ്‌ ഇസ്ലാംമത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പറത്തുനിന്നും ജിഫ്രി തങ്ങളെ പുറത്താക്കാനുള്ള നീക്കം. അതേ സമയം സമസ്‌തയിൽ ഒരുവിഭാഗം ഇതിനെതിരെ ശക്തമായി രംഗത്തുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here